
തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഉടൻ നിർണായക ചർച്ചകൾ ആരംഭിക്കും. മന്ത്രിസഭാ രൂപീകരണത്തിനൊപ്പം പ്രധാന വകുപ്പുകളുടെ കൈമാറ്റവും ചർച്ചയിലെ പ്രധാന വിഷയമാകും. വിദ്യാഭ്യാസ വകുപ്പ് ഇത്തവണ മുസ്ലിം ലീഗിൽ നിന്ന് തിരിച്ചുപിടിക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായി ഉയരുന്നുണ്ട്. അതിന് പകരമായി ആരോഗ്യ വകുപ്പ് ലീഗിന് നൽകാനുള്ള സാധ്യതകളാണ് നേതൃത്വം പരിശോധിക്കുന്നത്.
ആഭ്യന്തരം, ധനകാര്യം, റവന്യൂ, വനം, ദേവസ്വം, വൈദ്യുതി, ടൂറിസം എന്നീ നിർണായക വകുപ്പുകൾ കോൺഗ്രസ് തന്നെ കൈവശം വയ്ക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതേസമയം വ്യവസായം, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത് എന്നീ വകുപ്പുകൾ മുസ്ലിം ലീഗ് ആവശ്യപ്പെട്ടതായി അറിയുന്നു.
മുൻപ് 2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഐ.ടി. വകുപ്പ് മുസ്ലിം ലീഗിന് നൽകിയിരുന്നെങ്കിലും, ഇത്തവണ ആ വകുപ്പ് കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യണമെന്ന നിലപാടാണ് പാർട്ടിക്കുള്ളിൽ ശക്തമാകുന്നത്. ജലസേചനം, കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ-സിവിൽ സപ്ലൈസ്, ഫിഷറീസ്, തൊഴിൽ, ഗതാഗതം തുടങ്ങിയ വകുപ്പുകൾ മറ്റ് ഘടകകക്ഷികൾക്ക് നൽകുന്നതും കോൺഗ്രസ് പരിഗണിക്കുന്നതായി സൂചനയുണ്ട്.











