09:46pm 11 November 2026
NEWS
വിസ്മയം ഉണ്ടാകുമോ? വി ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ ബജറ്റ് ഇന്ന്
19/06/2026  06:44 AM IST
nila
വിസ്മയം ഉണ്ടാകുമോ? വി ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ ബജറ്റ് ഇന്ന്

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ ബജറ്റ് ഇന്ന്. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വിഡി സതീശനാണ് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുക. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ സർക്കാരിന്റെ ബജറ്റ് വലിയ രാഷ്ട്രീയ പ്രാധാന്യവും അർഹിക്കുന്നുണ്ട്. രാവിലെ 9 മണിക്ക് ബജറ്റ് അവതരണം ആരംഭിക്കും.  

സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള ധവളപത്രത്തിന് പിന്നാലെ എത്തുന്ന ബജറ്റായതിനാൽ വരുമാനം വർധിപ്പിക്കാനുള്ള നിർണായക പ്രഖ്യാപനങ്ങളിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. ജനങ്ങൾക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കാതെ നികുതിയേതര വരുമാനം ഉയർത്താനും കേന്ദ്രസഹായം പരമാവധി നേടാനും ലക്ഷ്യമിട്ട നടപടികൾ ബജറ്റിൽ ഉൾപ്പെടുമെന്നാണ് വിലയിരുത്തൽ.

കേന്ദ്രത്തിൽനിന്ന് പ്രതീക്ഷിച്ചിരുന്ന റവന്യൂ കമ്മി ഗ്രാന്റ് ഉൾപ്പെടെയുള്ള ധനസഹായങ്ങൾ ലഭിക്കാനുള്ള സാധ്യത മങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സുകൾ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ പ്രഖ്യാപിക്കുമെന്ന സൂചനയുണ്ട്.

ബജറ്റിലെ പ്രധാന ആകർഷണമായി കിഫ്ബിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെയാണ് കാണുന്നത്. കിഫ്ബിയുടെ ഭാവി പ്രവർത്തനരീതിയും പദ്ധതികളുടെ മുന്നോട്ടുപോക്കും സംബന്ധിച്ച വ്യക്തത ബജറ്റിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ വൻകിട പുതിയ പദ്ധതികൾ പ്രഖ്യാപിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

'മിഷൻ സമുദ്ര' പോലുള്ള പ്രധാന പദ്ധതികൾ പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയും ഉയർന്നിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ ഡിഎ വർധന, ശമ്പളപരിഷ്കരണം, ക്ഷേമപെൻഷൻ വർധന, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ ഇന്ദിരാ ഗാരന്റികൾ നടപ്പാക്കാനുള്ള നടപടികൾ, ഭൂനിയമങ്ങളിൽ മാറ്റങ്ങൾ എന്നിവയും ബജറ്റിൽ ഇടംപിടിക്കുമോയെന്ന ആകാംക്ഷയിലാണ് വിവിധ മേഖലകൾ. സംസ്ഥാനത്തിന്റെ സാമ്പത്തിക ദിശ നിർണയിക്കുന്ന നിർണായക ബജറ്റായതിനാൽ പ്രഖ്യാപനങ്ങൾക്കായി കേരളം കാത്തിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img