02:05am 06 November 2026
NEWS
കേരളത്തിലെ ക്ഷേമ പെൻഷനിൽ വൻ വർധനവുണ്ടാകുമോ?
05/02/2025  04:28 PM IST
nila
കേരളത്തിലെ ക്ഷേമ പെൻഷനിൽ വൻ വർധനവുണ്ടാകുമോ?

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ തുക വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ നീക്കമെന്ന് സൂചന. മറ്റന്നാൾ ധനമന്ത്രി നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. നിലവിൽ 1600 രൂപയാണ് പ്രതിമാസം ക്ഷേമ പെൻഷനായി നൽകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്ഷേമ പെൻഷൻ പ്രതിമാസം 2500 രൂപയാക്കുമെന്ന് ഇടത് മുന്നണിയുടെ പ്രകടന പത്രികയിൽ വാ​ഗ്ദാനം ചെയ്തിരുന്നു. ഈ വർഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെൻഷൻ തുക വർധിപ്പിക്കും എന്നാണ് സർക്കാരുമായി അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന.

അതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിൽ പെൻഷൻ തന്നെ കുടിശികയാകുന്ന സാഹചര്യത്തിൽ എങ്ങനെ തുക വർധിപ്പിക്കാനാകും എന്ന ചോദ്യവും ഉയരുന്നുണ്ട്. സംസ്ഥാനത്ത് ഒരു മാസം ക്ഷേമ പെൻഷൻ നൽകാൻ വേണ്ടി 900 കോടി രൂപയാണ് ചെലവ്. കഴിഞ്ഞ ഏതാനും മാസങ്ങളായി അനധികൃതമായി പെൻഷൻ പറ്റുന്നവരെ തിരിച്ചറിഞ്ഞ് നടപടികൾ എടുത്തു കൊണ്ടിരിക്കുകയാണ്. ഇതിലൂടെ കുറച്ച് പണം ലാഭിക്കാനാകും. ബാക്കി പണം കണ്ടെത്തുന്നതിനും സംസ്ഥാന ധനമന്ത്രാലയം മാർ​ഗം കണ്ടെത്തേണ്ടി വരും. 

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ ക്ഷേമ പെൻഷൻ കൂട്ടിയിട്ടില്ല. 2021ൽ ഒന്നാം പിണറായി സർക്കാർ അവതരിപ്പിച്ച അവസാന ബജറ്റിൽ ആണ് ക്ഷേമപെൻഷൻ അവസാനമായി കൂട്ടിയത്. അന്ന് 100 രൂപ കൂട്ടിയാണ് പെൻഷൻ 1600 രൂപ ആക്കിയത്. അടുത്തവർഷം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രകടനപത്രിക വാഗ്ദാനം നടപ്പിലാക്കണമെങ്കിൽ വരാനിരിക്കുന്ന ബജറ്റിലും അടുത്തവർഷത്തെ ബജറ്റിലും ക്ഷേമപെൻഷൻ വർദ്ധന ഉൾപ്പെടുത്തേണ്ടിവരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img