02:15pm 06 September 2026
NEWS
പഴയ റെയിൽവേ പാലങ്ങൾ പൊളിച്ചു തുടങ്ങി; ആക്രി വിൽപ്പനയിലൂടെ റയിൽവെ നേടുന്നത് കോടികൾ
06/09/2026  09:13 AM IST
nila
പഴയ റെയിൽവേ പാലങ്ങൾ പൊളിച്ചു തുടങ്ങി; ആക്രി വിൽപ്പനയിലൂടെ റയിൽവെ നേടുന്നത് കോടികൾ

കാസർകോട്: കാലപ്പഴക്കം ചെന്ന റെയിൽവേ പാലങ്ങൾ പൊളിച്ച് ആക്രിവിലയ്ക്ക് വിൽക്കാനുള്ള നടപടികളുമായി റെയിൽവേ. 1907-ൽ ബ്രിട്ടീഷുകാർ നിർമിച്ച കാര്യങ്കോട് റെയിൽവേ പാലത്തിന്റെ പൊളിക്കൽ ജോലികൾ ആരംഭിച്ചു. ഇതിന് പിന്നാലെ ധർമടം കൂടക്കടവിലെ പഴയ പാലവും ടെൻഡർ നടപടികളിലൂടെ വിൽക്കും. ധർമടം പുഴയിലെ പാലവും ഏഴിമല പാലവുമാണ് അടുത്തതായി ലേലത്തിന് പരിഗണിക്കുന്നത്.

പഴയ പാലങ്ങൾക്ക് പകരം റെയിൽവേ പുതിയ പാലങ്ങൾ നിർമിച്ചതോടെയാണ് ഉപയോഗശൂന്യമായ പാലങ്ങളിലെ ഇരുമ്പ് ഘടകങ്ങൾ ഉൾപ്പെടെ ആക്രിയായി വിൽക്കുന്നത്. 14 തൂണുകളിൽ സ്ഥാപിച്ചിരുന്ന കാര്യങ്കോട് പാലത്തിന്റെ സ്ലീപ്പർ, ഗർഡർ, റെയിൽപ്പാളം തുടങ്ങിയവ ഉൾപ്പെടെയാണ് വിൽപ്പന നടത്തിയത്. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ കമ്പനിയാണ് പാലത്തിന്റെ ആക്രി ഏറ്റെടുത്തത്. നിലവിൽ അഞ്ച് തൂണുകളിൽനിന്ന് റെയിൽപ്പാളം ഉൾപ്പെടെയുള്ള ഭാഗങ്ങൾ നീക്കം ചെയ്തുകഴിഞ്ഞു. പാലത്തിന്റെ തൂണുകൾ പുഴയിൽ തന്നെ നിലനിർത്താനാണ് തീരുമാനം. ധർമടം കൂടക്കടവിലെ പഴയ പാലത്തിന്റെ ഗർഡറും സ്റ്റീൽ സ്ലീപ്പറുമാണ് വിൽപ്പനയ്ക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ റെയിൽപ്പാളവും സിമന്റ് സ്ലീപ്പറും കരാറിന്റെ ഭാഗമല്ല.

റെയിൽ ക്ലിപ്പുകൾ മുതൽ പഴയ തീവണ്ടി എൻജിനുകൾ വരെ റെയിൽവേ ആക്രിയിനത്തിൽ വിൽക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷമായ 2025-26ൽ സ്ക്രാപ്പ് വിൽപ്പനയിലൂടെ റെയിൽവേയ്ക്ക് ലഭിച്ചത് 6,813 കോടി രൂപയാണ്. 2026-27 സാമ്പത്തിക വർഷത്തിൽ സ്ക്രാപ്പ് വിൽപ്പനയിലൂടെ 6,000 കോടി രൂപ സമാഹരിക്കുകയാണ് റെയിൽവേയുടെ ലക്ഷ്യം. കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേക്ക് ഇത്തവണ 440 കോടി രൂപയുടെ ലക്ഷ്യമാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം ദക്ഷിണ റെയിൽവേ 531 കോടി രൂപ സ്ക്രാപ്പ് വിൽപ്പനയിലൂടെ നേടിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img