
സംസ്ഥാന സർക്കാരിന് കടമെടുക്കാവുന്ന തുകയിൽനിന്ന് കേന്ദ്രം ഒറ്റയടിക്ക് വെട്ടിക്കുറച്ചത് 3300 കോടി രൂപ. വിവിധ സ്ഥാപനങ്ങളുടെ വായ്പയ്ക്കു സർക്കാർ ഗാരന്റി നിൽക്കുന്നതിനുള്ള റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാരിന്റെ നടപടി. റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ച് അതിലേക്ക് ആറായിരം കോടി രൂപ നിക്ഷേപിച്ചാൽ മാത്രമാകും 3300 കോടി രൂപ കടമെടുക്കാൻ ഇനി കേന്ദ്രം അനുമതി നൽകൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ വർഷം ഡിസംബർ വരെ കടമെടുക്കാവുന്ന തുക 29,529 കോടി രൂപയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രാലയം രേഖാമൂലം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടമെടുക്കാവുന്ന തുകയിൽനിന്നും 3300 കോടി രൂപ വെട്ടിക്കുറയ്ക്കുന്ന അറിയിപ്പെത്തിയത്.
കഴിഞ്ഞ വർഷം 21,251 കോടി രൂപയാണ് ഡിസംബർ വരെ കടമെടുക്കാൻ അനുമതി നൽകിയത്. ഇത്തവണ 29,529 കോടി രൂപ അനുവദിച്ചപ്പോൾ 8000 കോടിയിലേറെ രൂപ അധികം ലഭിക്കുന്നതിന്റെ ആശ്വാസത്തിലായിരുന്നു സർക്കാർ. എന്നാൽ, റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള കേന്ദ്രത്തിന്റെ നടപടി കേരളത്തിന് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും.











