09:25am 11 November 2026
NEWS
രാജീവ് ചന്ദ്രശേഖറിന്റെ കോർപ്പറേറ്റ് ശൈലിക്കെതിരെ ബിജെപിയിൽ അമർഷം പുകയുന്നു
12/09/2025  03:52 PM IST
nila
രാജീവ് ചന്ദ്രശേഖറിന്റെ കോർപ്പറേറ്റ് ശൈലിക്കെതിരെ ബിജെപിയിൽ അമർഷം പുകയുന്നു

ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രവർത്തന ശൈലിക്കെതിരെ പാർട്ടി സംസ്ഥാന നേതാക്കൾക്ക് പോലും അതൃപ്തിയെന്ന് റിപ്പോർട്ട്. രാജീവ് ചന്ദ്രശേഖർ പാർട്ടിക്കുള്ളിൽ കോർപ്പറേറ്റ് രീതികൾ അടിച്ചേൽപ്പിക്കുകയാണെന്ന വിമർശനമാണ് നേതാക്കൾ ഉയർത്തുന്നത്. ഇത് പരമ്പരാ​ഗത പാർട്ടി പ്രവർത്തകരെ നിഷ്ക്രിയരാക്കാനേ സഹായിക്കൂ എന്നും ഒരുസംഘം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കമ്പനികളുടെ കോർപറേറ്റ് ശൈലിയിൽ താഴെത്തട്ടിലുള്ളവർക്ക് ടാർഗറ്റ് കൊടുക്കുന്ന രീതി രാഷ്ട്രീയത്തിൽ ​ഗുണപ്പെടില്ലെന്നാണ് ഇക്കൂട്ടർ പറയുന്നത്.

 ഓൺലൈനായി ചേർന്ന നേതൃയോഗത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനും ടീമിനുമെതിരെ ചില നേതാക്കൾ രം​ഗത്തെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തൽ ഉൽപ്പെടെയുള്ള കാര്യങ്ങൾക്കായിരുന്നു യോ​ഗം. സംസ്ഥാന നേതൃത്വം നിർദേശിച്ച കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്ത മണ്ഡലം പ്രസിഡൻറുമാരെ മാറ്റേണ്ടിവരുമെന്ന് ജനറൽ സെക്രട്ടറിമാരായ എം.ടി .രമേശും എസ് സുരേഷും പറഞ്ഞതോടെയാണ് നേതാക്കളിൽ പലരും പാർട്ടിയുടെ പ്രവർത്തന ശൈലിയെ വിമർശിച്ചത്. ഓവർലോഡ് താങ്ങാനാകാതെ പല മണ്ഡലം പ്രസിഡൻറുമാരും പദവി ഒഴിയുന്നതിനെക്കുറിച്ച് ആലോചിക്കുന്നു എന്നായിരുന്നു നേതാക്കളുടെ മുന്നറിയിപ്പ്. 

ഓണവും ശ്രീകൃഷ്ണജയന്തിയും അടക്കം ആഘോഷങ്ങൾ മണ്ഡലം പ്രസിഡൻറുമാർക്കുമുണ്ടെന്ന് എല്ലാവരും ഓർക്കണമെന്ന് നേതാക്കൾ പറഞ്ഞു. താഴേത്തട്ടിൽ പ്രവർത്തിക്കുന്നവർക്കേ മണ്ഡലം പ്രസിഡൻറുമാരുടെ കഷ്ടപ്പാടുകൾ അറിയുകയുള്ളൂവെന്നും നേതൃത്വം റേഡിയോയെപ്പോലെ ആകരുതെന്നും കുറ്റപ്പെടുത്തൽ. കേന്ദ്ര നേതൃത്വം നിർദേശിച്ച ശുചിത്വ യജ്ഞം, സംസ്ഥാന നേതൃത്വം പറയുന്ന ശിൽപശാലകൾ, വാർഡ് സമ്മേളനങ്ങൾ, സമാന്തര വേട്ടർ പട്ടിക തയ്യാറാക്കൽ തുടങ്ങി മണ്ഡലം പ്രസിഡൻറുമാർക്ക് പിടിപ്പത് പണിയുണ്ടെന്ന് ഓർമ്മപ്പെടുത്തൽ.

പലതും മണ്ഡലം പ്രസിഡൻറുമാർക്കും താങ്ങാവുന്നതിനപ്പുറമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പൊലീസ് അതിക്രമങ്ങൾക്കെതിരെ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പ്രതിഷേധപരിപാടി നടത്താൻ തീരുമാനിച്ചതിൽ ബിജെപി നേതൃത്വത്തിനെതിരെ പാർട്ടിയിൽ എതിർപ്പുയർന്നിരുന്നു. സംസ്ഥാന ബിജെപിയിൽ ധൂർത്താണെന്ന വിമർശനവും കഴിഞ്ഞ ദിവസം ഉയർന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കൊരുങ്ങുന്ന ബിജെപിക്ക് ഈ ഭിന്നതകൾ തലവേദനയാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img