
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായി കേന്ദ്ര നേതൃത്വം അനുവദിച്ച ഫണ്ട് തട്ടിയെടുത്തെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയവർ ആരോപണങ്ങൾക്ക് മറുപടി പറയണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. ആരോപണങ്ങൾക്ക് ഉത്തരവാദികളായവരെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണമെന്നും ചില നേതാക്കൾ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ചില നേതാക്കളുടെ പേരെടുത്തുപറഞ്ഞും വിമർശനമുണ്ടായി.
‘‘ഉപ്പു തിന്നവർ വെള്ളം കുടിക്കും’’ എന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. പരാതികൾ അച്ചടക്ക സമിതിക്ക് കൈമാറിയിട്ടുണ്ടെന്നും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്നുണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിവാദങ്ങൾ മാധ്യമങ്ങൾ മനഃപൂർവം സൃഷ്ടിക്കുന്നതാണെന്ന വാദത്തിനെതിരെ യോഗത്തിൽ തന്നെ എതിർപ്പുയർന്നു. തെളിവുകൾ ഉൾപ്പെടെ പുറത്തുവന്ന സാഹചര്യത്തിൽ മാധ്യമങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് എങ്ങനെയെന്ന ചോദ്യം നേതാക്കൾ ഉന്നയിച്ചു.
തൃശൂരിലെ ബിജെപി ഓഫിസിൽനിന്ന് 25 കോടി രൂപ മാറ്റിയെന്ന വെളിപ്പെടുത്തലും യോഗത്തിൽ ചർച്ചയായി. പാർട്ടിയുടെ പണം ആരാണ് മാറ്റിയതെന്നും എന്തിനാണ് പണം മാറ്റിയതെന്നും വിശദീകരണം വേണമെന്ന ആവശ്യം ഉയർന്നു. ആദായനികുതി വകുപ്പ് പരിശോധന നടത്തുമെന്ന ആശങ്കയിലാണോ പണം മാറ്റിയതെന്നും ഇതിന് സംസ്ഥാന നേതൃത്വത്തിന്റെ അറിവോ അനുമതിയോ ഉണ്ടായിരുന്നോയെന്നും ഒരു വനിതാ നേതാവ് ചോദിച്ചതായാണ് വിവരം.
വട്ടിയൂർക്കാവിലേക്ക് പതാക വാങ്ങിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വ്യാജ ജിഎസ്ടി ബിൽ ആരോപണവും യോഗത്തിൽ ചർച്ചയായി. കൊടകര കുഴൽപ്പണക്കേസിൽ ആരോപണം ഉയർന്നപ്പോൾ പാർട്ടി നേതൃത്വം ഒന്നാകെ പ്രതിരോധത്തിനിറങ്ങിയിരുന്നു. എന്നാൽ ഇപ്പോഴത്തെ ആരോപണങ്ങളിൽ സമാനമായ കൂട്ടായ പ്രതിരോധം ഉണ്ടായില്ലെന്ന പരാതിയും ഒരു നേതാവ് ഉന്നയിച്ചു. തിരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ ചർച്ചയായതോടെ വരും ദിവസങ്ങളിൽ അച്ചടക്ക നടപടികളിലേക്കും അന്വേഷണം കൂടുതൽ വ്യാപിക്കാനുമുള്ള സാധ്യതയാണ് നേതൃത്വം നൽകുന്ന സൂചന.










