12:55am 10 June 2026
NEWS
കേരള ബാങ്ക് പിരിച്ചുവിട്ട് ജില്ലാ സഹകരണ ബാങ്കുകളെ പുനഃസ്ഥാപിക്കാൻ നീക്കം; അതത്ര എളുപ്പമാകില്ലെന്ന് ഒരുവിഭാ​ഗം
09/06/2026  04:16 PM IST
nila
 കേരള ബാങ്ക് പിരിച്ചുവിട്ട് ജില്ലാ സഹകരണ ബാങ്കുകളെ പുനഃസ്ഥാപിക്കാൻ നീക്കം; അതത്ര എളുപ്പമാകില്ലെന്ന് ഒരുവിഭാ​ഗം

തിരുവന്തപുരം: കേരള ബാങ്ക് പിരിച്ചുവിട്ട് പഴയ ജില്ലാ സഹകരണ ബാങ്ക് സംവിധാനം പുനഃസ്ഥാപിക്കാൻ നീക്കം. ഇതുസംബന്ധിച്ച് സർക്കാർ തലത്തിൽ സജീവമായ ചർച്ചകളും കൂടിയാലോചനകളും നടക്കുന്നു എന്നാണ് സൂചന.  ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രൂപീകരിച്ചതാണ് കേരള ബാങ്ക്. ഈ സംവിധാനം സഹകരണ മേഖലയെ പിന്നോട്ടടിച്ചു എന്നാണ് യുഡിഎഫ് നേതാക്കൾ ഉയർത്തുന്ന ആരോപണം. 

സംസ്ഥാനത്തെ സഹകരണ മേഖലയെ ശക്തിപ്പെടുത്തുമെന്ന ലക്ഷ്യത്തോടെ 2019-ൽ ജില്ലാ ബാങ്കുകളെ ലയിപ്പിച്ചാണ് കേരള ബാങ്ക് നിലവിൽ വന്നത്. എന്നാൽ ഈ മാറ്റം പ്രതീക്ഷിച്ച ഗുണഫലങ്ങൾ നൽകിയില്ലെന്ന വിമർശനമാണ് സഹകരണ മേഖലയിലെ ഒരു വിഭാഗം ഉയർത്തുന്നത്. മുൻപ് പ്രൈമറി ബാങ്കുകൾ, ജില്ലാ ബാങ്കുകൾ, സംസ്ഥാന സഹകരണ ബാങ്ക് എന്നീ മൂന്ന് തലങ്ങളിലായിരുന്ന ബാങ്കിങ് ഘടന കേരള ബാങ്ക് വന്നതോടെ രണ്ട് തലങ്ങളിലേക്ക് ചുരുങ്ങി. ഇതിലൂടെ വായ്പാ പലിശ കുറയുകയും നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ ലഭിക്കുകയും ചെയ്യുമെന്ന് അന്ന് അവകാശപ്പെട്ടിരുന്നെങ്കിലും, അതൊന്നും യാഥാർഥ്യമായില്ലെന്നാണ് വിമർശകർ പറയുന്നത്.

ജില്ലാ ബാങ്കുകൾ പ്രവർത്തിച്ചിരുന്ന കാലത്ത് പ്രാദേശിക സഹകരണ ബാങ്കുകൾക്ക് സാമ്പത്തികമോ ഭരണപരമോ ആയ പ്രതിസന്ധികൾ നേരിട്ടാൽ ഉടൻ ഇടപെട്ട് സഹായിക്കാൻ സാധിച്ചിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കേരള ബാങ്ക് നിലവിൽ വന്നതോടെ പല കാര്യങ്ങളിലും റിസർവ് ബാങ്കിന്റെ അനുമതി നിർബന്ധമായതിനാൽ അതിവേഗ ഇടപെടലുകൾ അസാധ്യമാണെന്നാണ് ആരോപണം. ജില്ലാ ബാങ്ക് ഉണ്ടായിരുന്നെങ്കിൽ കരുവന്നൂർ അടക്കം നിക്ഷേപകർക്ക് പണം നഷ്ടപ്പെടില്ലായിരുന്നു എന്നും ഇതു സഹകരണ മേഖലയുടെ വിശ്വാസ്യത വലിയ രീതിയിൽ ഇടിച്ചുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ജില്ലാ ബാങ്കുകൾ നിലനിന്നിരുന്നെങ്കിൽ നിക്ഷേപകരുടെ താൽപര്യങ്ങൾ കൂടുതൽ ഫലപ്രദമായി സംരക്ഷിക്കാനാകുമായിരുന്നുവെന്നും ചില സഹകാരികൾ അഭിപ്രായപ്പെടുന്നു. ഇതോടെ സഹകരണ മേഖലയിലുള്ള ജനങ്ങളുടെ വിശ്വാസം കുറയാൻ കേരള ബാങ്ക് സംവിധാനവും കാരണമായെന്നാണ് അവരുടെ വിലയിരുത്തൽ.

അതേസമയം, കേരള ബാങ്ക് പ്രൈമറി സഹകരണ ബാങ്കുകളുമായി മത്സരിക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ ബാങ്ക് സംവിധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.

എന്നാൽ നിലവിലെ സഹകരണ ബാങ്ക് നേതൃത്വത്തിന്റെ നിലപാട് വ്യത്യസ്തമാണ്. റിസർവ് ബാങ്കിന്റെ അനുമതിയോടെ നടപ്പാക്കിയ ലയന പ്രക്രിയ തിരികെ മാറ്റുക പ്രായോഗികമല്ലെന്നും, കേരള ബാങ്ക് പിരിച്ചുവിട്ട് പഴയ സംവിധാനത്തിലേക്ക് മടങ്ങുന്നത് സഹകരണ മേഖലയെ പിന്നോട്ടടിക്കുമെന്നും അവർ വാദിക്കുന്നു. സർക്കാർ തലത്തിലും വിഷയം ചർച്ചയിലുണ്ടെങ്കിലും, കേരള ബാങ്കിന് പകരം ജില്ലാ ബാങ്കുകളെ വീണ്ടും കൊണ്ടുവരുന്നത് എത്രത്തോളം സാധ്യമാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img