03:20pm 18 October 2026
NEWS
കേരളത്തിൽ ബേക്കറികളിലൂടെ 15% വീര്യമുള്ള വൈൻ വിൽപന തുടങ്ങി
18/10/2026  06:54 AM IST
nila
കേരളത്തിൽ ബേക്കറികളിലൂടെ 15% വീര്യമുള്ള വൈൻ വിൽപന തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ബേക്കറികളിലൂടെ ഹോർട്ടി വൈൻ വിൽപനയ്ക്ക് തുടക്കമായി. പഴങ്ങളിൽനിന്ന് നിർമിക്കുന്ന 15 ശതമാനം ആൽക്കഹോൾ വീര്യമുള്ള വൈനിന്റെ വിൽപന ചാലക്കുടിയിലെ ഒരു ബേക്കറിയിലാണ് ആരംഭിച്ചത്. കേരളത്തിന്റെ അബ്കാരി ചരിത്രത്തിൽ ആദ്യമായാണ് ബേക്കറി വഴി ഇത്തരത്തിൽ വൈൻ വിൽക്കുന്നത്.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ചട്ടഭേദഗതിയാണ് ഹോർട്ടി വൈൻ വിൽപനയ്ക്ക് വഴിയൊരുക്കിയത്. 2024 ജനുവരിയിലാണ് രണ്ടാം പിണറായി സർക്കാർ വിദേശമദ്യ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നിലവിൽ നാല് സ്ഥാപനങ്ങൾക്കാണ് ഹോർട്ടി വൈൻ നിർമിക്കാൻ അനുമതിയുള്ളത്.

ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, കുറഞ്ഞത് 100 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ബേക്കറികൾ എന്നിവിടങ്ങളിൽ വൈൻ വിൽക്കാനാണ് അനുമതി. എന്നാൽ, ലൈസൻസുള്ള സ്ഥാപനങ്ങളിൽ വൈൻ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഉത്തരവിലെ വ്യവസ്ഥ. വിൽപനയ്ക്കുള്ള വാർഷിക ലൈസൻസ് ഫീസ് 10,000 രൂപയാണ്. ലൈസൻസ് എടുക്കുന്ന സ്ഥാപനങ്ങൾക്ക് 20 ശതമാനം കമ്മിഷനും ലഭിക്കും.

അതേസമയം, വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട നികുതി ഘടന നേരത്തേ വിവാദമായിരുന്നു. അഞ്ച് ശതമാനം വീര്യമുള്ള മദ്യം ബവ്കോ വഴി വിൽക്കാനുള്ള ആലോചനയ്ക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. നികുതി സംബന്ധിച്ച വിവാദത്തെത്തുടർന്ന് ഈ നീക്കം യുഡിഎഫ് സർക്കാർ മാറ്റിവച്ച സാഹചര്യത്തിലാണ് ഹോർട്ടി വൈൻ വിൽപന ആരംഭിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ പുതിയ മദ്യനയം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് ഹോർട്ടി വൈൻ വിപണിയിലെത്തിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img