
കേരള വ്യോമയാന ഉച്ചകോടിയുടെ ആമുഖ സെഷനിൽ സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് സംസാരിക്കുന്നു. ഗിരീഷ് നായർ, വി. പി. നന്ദകുമാർ എന്നിവർ സമീപം.
കൊച്ചി: കേരളത്തിന്റെ വ്യോമയാന മേഖലയുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകിക്കൊണ്ട് പ്രഥമ കേരള വ്യോമയാന ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കമായി. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. വ്യോമയാന മേഖലയിലെ പ്രമുഖ വ്യക്തികളും വിദഗ്ദ്ധരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഉച്ചകോടി കേരളത്തെ ആഗോള വ്യോമയാന ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ്.
കേരളത്തിലെ വ്യോമയാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, ഈ രംഗത്തെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങൾ. വ്യോമയാന മേഖലയിലെ തന്ത്രപ്രധാനമായ മാറ്റങ്ങൾ, പുതിയ നയരൂപീകരണങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയെക്കുറിച്ച് ഉച്ചകോടിയിൽ വിശദമായ ചർച്ചകൾ നടന്നു.
കേരളത്തിന്റെ വളർന്നുവരുന്ന വിനോദസഞ്ചാര-വാണിജ്യ മേഖലകൾക്ക് എയർ ടാക്‌സി കരുത്താകുമെന്ന് പാനൽ ചർച്ചയിൽ വിദഗ്ധർ ചൂണ്ടിക്കാട്ടി. എയർ ടാക്‌സി മേഖലയിൽ സിയാലിന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. വ്യോമയാന പ്രവർത്തനേതര വരുമാനം വർധിപ്പിക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നു. തദ്ദേശീയമായ വ്യോമ അറ്റകുറ്റപ്പണികൾ പ്രോത്സാഹിപ്പിക്കണമെന്ന് ഉച്ചകോടിയിൽ പങ്കെടുത്തവർ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു. സിയാൽ മാതൃകയിൽ ഹരിതോർജം പരമാവധി പ്രയോജനപ്പെടുത്താൻ വിമാനത്താവളങ്ങൾ ശ്രമിക്കണമെന്നും നിർദേശമുയർന്നു. ഡ്രോൺ സാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകണമെന്നും വ്യോമയാന മേഖലയിൽ തൊഴിൽ വൈദഗ്ദ്ധ്യം വർധിപ്പിക്കാൻ നടപടി വേണമെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ എയർ ട്രാവൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ, എം.ആർ.ഒ (മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ) ഇക്കോ സിസ്റ്റം എന്നിവയെക്കുറിച്ച് ആദ്യ ദിനത്തിൽ ചർച്ചകൾ നടന്നു. വിമാനത്താവളങ്ങളുടെ പ്രവർത്തനം, സുരക്ഷാ മാനദണ്ഡങ്ങൾ, യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ എന്നിവയും ചർച്ചാ വിഷയമായി. വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനും വ്യോമയാന മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ക്രിയാത്മകമായ നിർദേശങ്ങളും ഉരുത്തിരിഞ്ഞു.
കേരളം ലോജിസ്റ്റിക് ഹബ്ബായി മാറുകയാണെന്നും എയർ കാർഗോ, ഇ കൊമേഴ്‌സ് മേഖലകളിലെ മാറ്റം കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ചൂണ്ടിക്കാട്ടി. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർ വി. പി. നന്ദകുമാർ ആമുഖ പ്രസംഗം നടത്തി. ഉച്ചകോടി ഞായറാഴ്ച സമാപിക്കും.
Photo Courtesy - Google








