
തിരുവനന്തപുരം: നിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് ഓട്ടോ-ടാക്സി തൊഴിലാളികൾ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. നിരക്ക് പരിഷ്കരിക്കണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. പുതിയ നിരക്ക് ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്തുമെന്ന് മന്ത്രി സി.പി. ജോൺ ഉറപ്പുനൽകിയതായി തൊഴിലാളി സംഘടനാ പ്രതിനിധികൾ അറിയിച്ചു.
നിരക്ക് വർധന സംബന്ധിച്ച കാര്യങ്ങൾ വിശദമായി പഠിക്കാൻ അടിയന്തരമായി കമ്മീഷനെ നിയോഗിക്കും. കമ്മീഷന്റെ പരിശോധനയ്ക്കിടെ വിവിധ തൊഴിലാളി യൂണിയനുകൾക്ക് തങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. ഓട്ടോ ഡ്രൈവർമാർക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കണമെന്ന ആവശ്യവും അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.
തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചതെന്ന് മന്ത്രി സി.പി. ജോൺ പറഞ്ഞു. സംസ്ഥാനത്ത് അവസാനമായി ഓട്ടോ-ടാക്സി നിരക്കുകൾ പരിഷ്കരിച്ചത് 2022ലാണ്. നിരക്ക് പുതുക്കണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഇതിനായി കമ്മീഷനെ നിയോഗിക്കുകയും പുതിയ നിരക്ക് പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള തുടർനടപടികൾ സർക്കാർ തീരുമാനിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. കമ്മീഷനിലെ അംഗങ്ങളെ ഇതുവരെ നിശ്ചയിച്ചിട്ടില്ല.
ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് വിശ്രമമുറികൾ ഒരുക്കണമെന്ന ആവശ്യവും സർക്കാർ പരിഗണിക്കും. ഇതിനായി ടൂറിസം വകുപ്പുമായും ഹോട്ടൽ ഉടമകളുമായും ചർച്ച നടത്തിയിട്ടുണ്ട്. അതേസമയം, ടൂവീലർ ടാക്സികൾക്ക് അനുമതിയുണ്ടെങ്കിലും മഞ്ഞ നമ്പർ പ്ലേറ്റിന് പകരം വെള്ള നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് ടാക്സി സർവീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ കർശനമായി നിയന്ത്രിക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.










