02:09am 01 July 2026
NEWS
ഫിഷറീസ് മന്ത്രിക്ക് കഴിവുകേടോ? നിയമസഭയിൽ പിണറായി–സതീശൻ വാക്‌പോര്
30/06/2026  12:42 PM IST
nila
ഫിഷറീസ് മന്ത്രിക്ക് കഴിവുകേടോ? നിയമസഭയിൽ പിണറായി–സതീശൻ വാക്‌പോര്

തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷനേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ കടുത്ത വാക്‌പോര്. ഫിഷറീസ് വകുപ്പ് മന്ത്രിയുടെ മറുപടിക്കിടെ വനംമന്ത്രി ഇടപെട്ടതിനെ ചോദ്യം ചെയ്തായിരുന്നു പ്രതിപക്ഷനേതാവിന്റെ വിമർശനം. ട്രോളിങ് നിരോധനത്തെ തുടർന്ന് പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് പഞ്ഞമാസ ആനുകൂല്യം വിതരണം ചെയ്യാത്ത വിഷയത്തിൽ സഭ നിർത്തിവെച്ച് ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് എംഎൽഎമാരായ സജി ചെറിയാൻ, കെ. രാജൻ, പി.കെ. പ്രവീൺ എന്നിവർ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം.

നോട്ടീസിന് ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ മറുപടി പറയുന്നതിനിടെയാണ് വനംമന്ത്രി ഷിബു ബേബി ജോൺ ഇടപെട്ടത്. ഇതിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഇത്തരമൊരു കീഴ്വഴക്കം സഭയിലുണ്ടോയെന്ന് വനംമന്ത്രിയോട് ചോദിച്ചു. ഫിഷറീസ് മന്ത്രി തന്നെ സംസാരിക്കാൻ അനുമതി നൽകിയെന്നായിരുന്നു ഷിബു ബേബി ജോണിന്റെ വിശദീകരണം. തുടർന്ന് മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയത്തിൽ വനംമന്ത്രി വിശദീകരണം നൽകി.

ഇതിനെതിരെയാണ് പ്രതിപക്ഷനേതാവ് ശക്തമായി രംഗത്തെത്തിയത്. ഒരു മന്ത്രി മറുപടി പറയുന്നതിനിടെ മറ്റൊരു മന്ത്രി ഇടപെട്ടത് ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാനുള്ള കഴിവില്ലെന്ന തോന്നൽ സൃഷ്ടിക്കുന്നതാണെന്നും, അത്തരമൊരു നടപടി സഭയിലെ ശരിയായ രീതിയല്ലെന്നും അദ്ദേഹം വിമർശിച്ചു.

പ്രതിപക്ഷനേതാവിന്റെ പരാമർശം മന്ത്രിയെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചതോടെ സഭയിൽ ബഹളം ഉയർന്നു. തുടർന്ന് വിശദീകരണവുമായി എഴുന്നേറ്റ പിണറായി വിജയൻ, താൻ ആരെയും അപമാനിച്ചിട്ടില്ലെന്നും, മറിച്ച് ഫിഷറീസ് മന്ത്രിയുടെ കഴിവിനെ ചോദ്യം ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചത് ഭരണപക്ഷമാണെന്നും പറഞ്ഞു. ഒരു മന്ത്രി സംസാരിക്കുമ്പോൾ മറ്റൊരാൾ ഇടപെട്ട് മറുപടി നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് മറുപടിയായി മുഖ്യമന്ത്രി വി.ഡി. സതീശൻ, പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്തും അടിയന്തര പ്രമേയ ചർച്ചകളിൽ മറ്റ് മന്ത്രിമാർ ഇടപെട്ട് വിശദീകരണം നൽകിയ സംഭവങ്ങൾ സഭയുടെ രേഖകളിലുണ്ടെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ, മുഖ്യമന്ത്രി വസ്തുതകൾ തെറ്റായി അവതരിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് തിരിച്ചടിച്ചു. മുൻ സർക്കാരിന്റെ കാലത്ത് മറ്റ് മന്ത്രിമാർ സംസാരിച്ചിട്ടുണ്ടെങ്കിൽ പോലും, പ്രസംഗിച്ചുകൊണ്ടിരുന്ന മന്ത്രി മറുപടി പൂർത്തിയാക്കിയ ശേഷമാണ് അവർ സംസാരിച്ചതെന്നും പിണറായി വിജയൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NIYAMASABHA
img