
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 12 ദിവസത്തേക്കാണ് ഇക്കുറി സഭ സമ്മേളിക്കുക. ഇന്നു മുതൽ 19 വരെയും, 29, 30, ഒക്ടോബർ 6 മുതൽ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക. ആകെ 13 ബില്ലുകളാണ് ഈ സമ്മേളന കാലയളവിൽ സഭയുടെ പരിഗണനയ്ക്കെത്തുക.
നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കമാകുമെങ്കിലും മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്കുള്ള ചരമോപചാരം മാത്രമാണ് ഇന്നത്തെ നടപടി.
പൊതുവിൽപന നികുതി ഭേദഗതി ബിൽ, സംഘങ്ങൾ റജിസ്ട്രേഷൻ ബിൽ, ഗുരുവായൂർ ദേവസ്വം ഭേദഗതി ബിൽ, കയർ തൊഴിലാളി ക്ഷേമ സെസ് ഭേദഗതി ബിൽ എന്നിവയ്ക്കു പുറമേ വനം വന്യജീവി സംരക്ഷണ ബിൽ അടക്കം മറ്റു ചില ബില്ലുകളും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. സിലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയച്ചിരുന്ന പൊതുരേഖ ബില്ലും പരിഗണിക്കും. പിഎസ്‌സി (സർവകലാശാലകളുടെ കീഴിലുള്ള സർവീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ഭേദഗതി ഓർഡിനൻസിനു പകരമുള്ള ബില്ലും പാസാക്കും.
അനുദിനം പുറത്തുവരുന്ന പൊലീസ് വേട്ട സംബന്ധിച്ച വെളിപ്പെടുത്തലുകളാകും സഭയിൽ സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. തൃശ്ശൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദസന്ദേശം ഉൾപ്പെടെയുള്ള വിഷയങ്ങൾ സിപിഎമ്മിനെതിരെ പ്രതിപക്ഷം ആയുധമാക്കും.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരപണങ്ങളും വയനാട്ടിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണങ്ങളും ഉൾപ്പെടെ പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം ആയുധമാക്കും. രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ഇപ്പോഴും അഭിപ്രായ ഐക്യത്തിലെത്തിയിട്ടില്ല.