05:08am 24 August 2026
NEWS
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം; ബെക്കാർഡിക്കായി തീരുമാനം എടുത്തെന്ന ആരോപണം
23/06/2026  11:13 AM IST
nila
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം; ബെക്കാർഡിക്കായി തീരുമാനം എടുത്തെന്ന ആരോപണം

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യങ്ങൾക്ക് നികുതിയിളവ് അനുവദിച്ച സർക്കാർ തീരുമാനത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സ്വകാര്യ മദ്യനിർമാണ കമ്പനിയായ ബെക്കാർഡിക്ക് അനുകൂലമായി സർക്കാർ നടപടി സ്വീകരിച്ചുവെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ ഉന്നയിച്ചത്.

നിലവിൽ 251 ശതമാനമായിരുന്ന നികുതി 120 ശതമാനമായി കുറച്ചത് സംസ്ഥാനത്തേക്ക് കൂടുതൽ മദ്യം ഒഴുക്കുന്നതിനുള്ള നയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിലൂടെ സാധാരണ ജനങ്ങൾക്ക് യാതൊരു ഗുണവും ലഭിക്കില്ലെന്നും, പ്രധാന ഗുണഭോക്താവ് കർണാടക ആസ്ഥാനമായ ബെക്കാർഡിയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തെ സോഫ്റ്റ് ഡ്രിങ്ക് പോലെ സാർവത്രികമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് സമൂഹത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, സ്പീക്കറുടെ അനുമതിയില്ലാതെ ചട്ടവിരുദ്ധമായി ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് മുഖ്യമന്ത്രിവി ഡി സതീശൻ തിരിച്ചടിച്ചു. സർക്കാർ മറുപടി നൽകാൻ അവസരമില്ലാത്ത സാഹചര്യത്തിൽ ആരോപണങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബജറ്റ് ചർച്ചകൾ നടക്കുന്നതിനാൽ റൂൾ 50 പ്രകാരം കെ എൻ ബാല​ഗോപാൽ നൽകിയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. "ഞങ്ങൾ ഒന്നും അറിഞ്ഞില്ലെന്ന് കെ.സി. ഗ്രൂപ്പ് പറയുന്നു, ഞങ്ങൾ ഒന്നും അറിഞ്ഞില്ലെന്ന് എക്‌സൈസ് മന്ത്രിയും പറയുന്നു" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് പ്രതിപക്ഷം ഉയർത്തിയത്. വിഷയത്തിൽ ഭരണകക്ഷിക്കുള്ളിൽ തന്നെ അഭിപ്രായഭിന്നതകളുണ്ടെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് ഈ പ്രതിഷേധം.

എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലും എക്‌സൈസ് മന്ത്രി എം ലിജുവും നികുതി ഇളവ് തീരുമാനത്തോട് അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ജനങ്ങളുടെ അംഗീകാരം ഉറപ്പാക്കിയ ശേഷമേ ഇത്തരം തീരുമാനങ്ങൾ നടപ്പാക്കാവൂവെന്ന് കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. പാർട്ടിക്കുള്ളിൽ വിഷയത്തിൽ ചർച്ച നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി സർക്കാരിന്റെ 2022-23 മദ്യനയത്തിന്റെ ഭാഗമായി 0.5 മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങളെ വീര്യം കുറഞ്ഞ മദ്യമായി വിൽക്കാൻ ചട്ടഭേദഗതി വരുത്തിയിരുന്നു. എന്നാൽ നികുതി ഘടന സംബന്ധിച്ച തീരുമാനം അന്ന് നീട്ടിവെക്കുകയായിരുന്നു. മുൻ സർക്കാർ വിൽപ്പനാനുമതി നൽകിയ സാഹചര്യത്തിൽ, വരുമാന വർധന ലക്ഷ്യമിട്ട് നികുതി നിശ്ചയിക്കുന്നതിൽ അസ്വാഭാവികതയില്ലെന്നാണ് നിലവിലെ സർക്കാരിന്റെ നിലപാട്.

എന്നാൽ മദ്യ ഉപഭോഗം കുറയ്ക്കുമെന്ന യു.ഡി.എഫ്. പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ് പുതിയ തീരുമാനം എന്ന വിമർശനം ശക്തമാകുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NIYAMASABHA
img