05:17am 13 October 2026
NEWS
ഗ്യാനേഷ് കുമാറിനെതിരെ കേരള നിയമസഭയുടെ പ്രമേയം പാസായി; നീക്കം ചെയ്യണമെന്ന് ആവശ്യം
12/10/2026  02:33 PM IST
nila
ഗ്യാനേഷ് കുമാറിനെതിരെ കേരള നിയമസഭയുടെ പ്രമേയം പാസായി; നീക്കം ചെയ്യണമെന്ന് ആവശ്യം

 

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം പാസാക്കി. എൽ.ഡി.എഫ് പിന്തുണച്ച പ്രമേയത്തെ ബി.ജെ.പി അംഗങ്ങൾ എതിർത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലെ സുതാര്യതക്കുറവും വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമാണ് പ്രമേയത്തിൽ പ്രധാനമായും ഉന്നയിച്ചത്.

വോട്ടർ പട്ടിക തയ്യാറാക്കുന്നതിനും പരിശോധിക്കുന്നതിനും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ സുതാര്യവും നിയമാനുസൃതവുമായ രീതിയിൽ പ്രവർത്തിപ്പിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടെന്നാണ് പ്രമേയത്തിലെ ആരോപണം. ഭരണഘടനാ സ്ഥാപനമായ കമ്മീഷൻ ഭരണകൂടത്തിന്റെ സ്വാധീനത്തിന് വഴങ്ങാതെ നിഷ്പക്ഷമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും നിലവിലെ നടപടികൾ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ബാധിച്ചുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ ആർട്ടിക്കിൾ 326 ഉറപ്പുനൽകുന്ന വോട്ടവകാശം അർഹരായ പൗരന്മാർക്ക് നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ജനവിധിയെ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും നിയമസഭ വിലയിരുത്തി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് കമ്മീഷൻ അംഗങ്ങളെയും നിയമിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് സമിതിയുടെ ഘടനയിലും മാറ്റം വേണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർ ഉൾപ്പെടുന്ന സമിതി കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന രീതിയിൽ നിയമന സംവിധാനം പുനഃസംഘടിപ്പിക്കണമെന്നാണ് കേന്ദ്ര സർക്കാരിനോടുള്ള ആവശ്യം. നിലവിലെ നിയമം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ദുർബലപ്പെടുത്തിയെന്നും പ്രമേയത്തിൽ ആരോപിക്കുന്നു.

കമ്മീഷന്റെ നിഷ്പക്ഷതയെക്കുറിച്ച് ഗുരുതരമായ സംശയങ്ങൾ ഉയർന്ന സാഹചര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്നും പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട അർഹരായ മുഴുവൻ വോട്ടർമാരുടെയും വോട്ടവകാശം പുനഃസ്ഥാപിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോടും കേന്ദ്ര സർക്കാരിനോടും നിയമസഭ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NIYAMASABHA
img