
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ രംഗത്ത് അപ്രതീക്ഷിതമായ ചില മാറ്റങ്ങളും ‘വിസ്മയങ്ങളും’ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് സംഘടിപ്പിച്ച ‘ലക്ഷ്യ സമ്മിറ്റിൽ’ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഭിന്നതയുണ്ടെന്ന പ്രചാരണം സിപിഎമ്മിന്റെ ആസൂത്രിത തന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസിന് ശക്തവും വിശാലവുമായ നേതൃനിരയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സതീശൻ, ദേശീയ നേതൃത്വം വ്യക്തമായ നടപടിക്രമങ്ങൾ പാലിച്ചാണ് തീരുമാനങ്ങളെടുക്കുകയെന്നും പറഞ്ഞു. “ഒരു നേതാവും പിണങ്ങില്ല. എല്ലാവരും ഒരുമിച്ചുള്ള ടീമായി, ഒരു കുടുംബമായി മുന്നോട്ടുപോകും. നിശ്ചയദാർഢ്യവും കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് നമ്മുടെ ശക്തി. നൂറിലധികം സീറ്റുകളോടെ യുഡിഎഫ് അധികാരത്തിലേറും,” അദ്ദേഹം വ്യക്തമാക്കി.
2021ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം ഉണ്ടായിരുന്നില്ലാത്ത നിരവധി പേർ ഇപ്പോൾ മുന്നണിയിലേക്ക് എത്തുന്നുണ്ടെന്നും സതീശൻ പറഞ്ഞു. മുൻകാലങ്ങളിൽ ഇടതുപക്ഷത്തോടൊപ്പം നിന്നിരുന്ന നൂറുകണക്കിന് രാഷ്ട്രീയ പ്രവർത്തകർ ഇപ്പോൾ യുഡിഎഫിന്റെ രാഷ്ട്രീയ വേദിയിൽ അണിനിരക്കുമെന്നും, എൽഡിഎഫിന്റെ പരാജയം ഏറ്റവും ശക്തമായി ആഗ്രഹിക്കുന്നതും ഇവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫിന്റെയും സിപിഎമ്മിന്റെയും ദീർഘകാല സഹയാത്രികരായിരുന്നവരും, എൻഡിഎയുടെ ഭാഗമായി നിന്ന ചിലരും ഉൾപ്പെടെ വിവിധ രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരുടെ പിന്തുണയോടെ കേരളം കണ്ട ഏറ്റവും ശക്തമായ രാഷ്ട്രീയ പ്ലാറ്റ്‌ഫോമാണ് രൂപപ്പെടുന്നതെന്നും സതീശൻ അവകാശപ്പെട്ടു.










