03:24pm 04 May 2026
NEWS
ഒരു സീറ്റിലും വിജയിക്കാനായില്ല; കേരള കോൺ​ഗ്രസ് എമ്മിന് വൻ തിരിച്ചടി
04/05/2026  02:11 PM IST
nila
ഒരു സീറ്റിലും വിജയിക്കാനായില്ല; കേരള കോൺ​ഗ്രസ് എമ്മിന് വൻ തിരിച്ചടി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരള കോൺഗ്രസ് (എം) വലിയ രാഷ്ട്രീയ തിരിച്ചടിയിലേക്ക് നീങ്ങുന്നതായി സൂചന. മത്സരിച്ച 12 മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികൾ പിന്നിലായതോടെ, കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രങ്ങളിലുപോലും യു.ഡി.എഫ് മുന്നേറ്റം വ്യക്തമായി പ്രകടമാകുന്നു.

പാർട്ടി ചെയർമാൻ ജോസ് കെ. മാണി മത്സരിക്കുന്ന പാലാ മണ്ഡലത്തിൽ യുഡിഎഫിനാണ്  മുൻതൂക്കം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഇടുക്കിയിൽ പിന്നിലാണ്. കാഞ്ഞിരപ്പള്ളിയിൽ എൻ. ജയരാജിനെതിരെ കോൺഗ്രസ് സ്ഥാനാർഥി റോണി കെ. ബേബി ഏകദേശം 3,000 വോട്ടിന്റെ ലീഡ് നേടി. പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും പിന്നിലാണെന്നാണ് ആദ്യഘട്ട കണക്കുകൾ.

സംസ്ഥാനത്താകെ ശക്തമായ ഭരണവിരുദ്ധ വികാരവും യു.ഡി.എഫ് അനുകൂല തരംഗവും ഉയർന്ന സാഹചര്യത്തിൽ, അതിന്റെ ഏറ്റവും വലിയ ആഘാതം ഏറ്റുവാങ്ങുന്ന പാർട്ടികളിലൊന്നായി കേരള കോൺഗ്രസ് (എം) മാറുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഇടതുമുന്നണിക്ക് നിർണായക കരുത്തായി മാറിയിരുന്ന പാർട്ടിക്കാണ് ഇത്തവണ കനത്ത തിരിച്ചടി നേരിടേണ്ടി വരുന്നത്.

പി.ജെ. ജോസഫുമായി ഉണ്ടായ ഭിന്നതകൾക്കൊടുവിൽ യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലെത്തിയ കേരള കോൺഗ്രസ് (എം), 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് വലിയ നേട്ടം സമ്മാനിച്ചിരുന്നു. 2021-ൽ മത്സരിച്ച 12 സീറ്റുകളിൽ അഞ്ചിടങ്ങളിൽ വിജയവും നേടിയിരുന്നു. എന്നാൽ ഇത്തവണ അതേ അടിത്തറ തകരുന്ന കാഴ്ചയാണ് വോട്ടെണ്ണൽ നൽകുന്ന സൂചന.

തിരഞ്ഞെടുപ്പിന് മുമ്പ് ഉയർന്ന മുന്നണിമാറ്റ ചർച്ചകൾക്കിടയിലും പാർട്ടിയെ ഇടതുമുന്നണിക്കൊപ്പമാക്കി നിലനിർത്തിയ ജോസ് കെ. മാണിക്ക് നിലവിലെ പ്രവണതകൾ വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറുന്നു. അതേസമയം, കേരള കോൺഗ്രസ് ജേക്കബ് വിഭാഗം മത്സരിച്ച ഏഴ് മണ്ഡലങ്ങളിലും മുന്നേറ്റം തുടരുന്നതും ശ്രദ്ധേയമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img