
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർഭരണം നേടാനാകുമെന്ന വിലയിരുത്തലിൽ സിപിഎം. ഏകദേശം 80 സീറ്റുകൾ മുന്നണിക്ക് ലഭിക്കുമെന്നാണ് സിപിഎം ജില്ലാ ഘടകങ്ങൾ സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് വിശകലനത്തിനായി ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നോടിയായാണ് ജില്ലകളിൽ നിന്നുള്ള കണക്കുകൾ സമർപ്പിച്ചത്. കഴിഞ്ഞ തവണത്തെ 99 സീറ്റുകളുടെ ആധിപത്യം ആവർത്തിക്കാൻ സാധ്യത കുറവാണ്. എന്നാൽ, ശക്തമായ മത്സരം മറികടന്ന് ഭരണം നിലനിർത്താമെന്ന പ്രതീക്ഷയാണ് റിപ്പോർട്ടുകൾ നൽകുന്നത്. പല മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് ഇക്കുറി പാർട്ടിക്കും മുന്നണിക്കും നേരിടേണ്ടി വന്നതെന്നാണ് സിപിഎം ജില്ലാ കമ്മിറ്റികളുടെ വിലയിരുത്തൽ.
കാസർകോട്ടെ അഞ്ച് മണ്ഡലങ്ങളിൽ മൂന്നിടങ്ങളിൽ എൽഡിഎഫിന് വിജയിക്കാനാകുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് സഹായകമാകുമോ എന്ന ആശങ്കയും ഉയരുന്നു. കണ്ണൂരിൽ ഭൂരിഭാഗം സീറ്റുകളും നിലനിർത്താമെന്ന ആത്മവിശ്വാസമുണ്ടെങ്കിലും പല ഇടങ്ങളിലും ഭൂരിപക്ഷം കുറയാനിടയുണ്ട്. വയനാട്ടിൽ മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിൽ കടുത്ത മത്സരം നേരിടേണ്ടി വന്നു എന്നാണ് വിലയിരുത്തൽ.
കോഴിക്കോട് ജില്ലയിൽ ഇടതുകോട്ടകളിൽ തന്നെ വിള്ളൽ വീണെന്നാണ് സിപിഎം വിലയിരുത്തൽ. 13 സീറ്റുകളിൽ പലതും കനത്ത പോരാട്ടത്തിലൂടെയാണ് നിലനിർത്തേണ്ടി വരിക, ചില സിറ്റിങ് സീറ്റുകൾ നഷ്ടമാകാനും സാധ്യത കണക്കാക്കുന്നു. മലപ്പുറത്ത് പരിമിതമായ നേട്ടങ്ങളാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.
പാലക്കാട് ജില്ലയിലെ സിറ്റിങ് സീറ്റുകൾ നിലനിർത്താമെന്ന പ്രതീക്ഷയുണ്ടെങ്കിലും പല മണ്ഡലങ്ങളിലും അടിയൊഴുക്ക് ഉണ്ടോയെന്ന ആശങ്ക നിലനിൽക്കുന്നു. തൃശൂരിൽ ഭൂരിഭാഗം സീറ്റുകൾ നേടാമെന്ന വിലയിരുത്തൽ ഉണ്ടെങ്കിലും ചില മണ്ഡലങ്ങളിൽ അവസാനഘട്ട പോരാട്ടം ശക്തമായിരുന്നു. എറണാകുളത്ത് നിലവിലെ സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം ചില പുതിയ സാധ്യതകളും മുന്നണി കാണുന്നു.
ഇടുക്കിയിൽ രണ്ട് മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്ന വിലയിരുത്തലുണ്ടെങ്കിലും ചിലിടങ്ങളിൽ കനത്ത മത്സരം നേരിട്ടു. കോട്ടയത്ത് പല മണ്ഡലങ്ങളിലും പ്രതീക്ഷയുണ്ടെങ്കിലും ഫലത്തെ പ്രതികൂലമായി സ്വാധീനിക്കാവുന്ന ഘടകങ്ങൾ നിലനിൽക്കുന്നു എന്നാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.
ആലപ്പുഴയിൽ ചില സീറ്റുകൾ നഷ്ടമാകാൻ സാധ്യതയുള്ളപ്പോൾ യുഡിഎഫിന് നേട്ടം ഉണ്ടാകാമെന്ന വിലയിരുത്തൽ. പത്തനംതിട്ടയിൽ എല്ലാ മണ്ഡലങ്ങളും നിലനിർത്താമെന്ന ആത്മവിശ്വസത്തിലാണ് സിപിഎം. കൊല്ലത്ത് 6 മുതൽ 9 വരെ സീറ്റുകൾ ലഭിക്കാമെന്നാണ് കണക്ക്. എന്നാൽ ചില മണ്ഡലങ്ങളിൽ ന്യൂനപക്ഷ വോട്ടുകളുടെ സ്വാധീനം ആശങ്കയാകുന്നു.
തിരുവനന്തപുരം ജില്ലയിൽ ശക്തമായ ത്രികോണ പോരാട്ടമാണ് നടന്നതെന്ന് സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തി. നേമം, തിരുവനന്തപുരം പോലുള്ള മണ്ഡലങ്ങളിൽ ചെറിയ ഭൂരിപക്ഷത്തിൽ വിജയം പ്രതീക്ഷിക്കുമ്പോൾ ചില ഇടങ്ങളിൽ പ്രതികൂല സൂചനകളും റിപ്പോർട്ടിലുണ്ട്.











