07:35am 06 May 2026
NEWS
കേരള കോൺ​ഗ്രസ് (എം) പിളർപ്പിലേക്ക്?
05/05/2026  10:06 AM IST
nila
കേരള കോൺ​ഗ്രസ് (എം) പിളർപ്പിലേക്ക്?

പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ കേരള കോൺഗ്രസ് എമ്മിൽ ആഭ്യന്തര സംഘർഷം രൂക്ഷമാകുന്നു. 
മത്സരിച്ച 12 മണ്ഡലങ്ങളിലും പരാജയപ്പെട്ടതോടെ പാർട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ അണികളിൽ ഉയർന്നിരിക്കുകയാണ്. മുന്നണി മാറ്റ തീരുമാനത്തെ എതിർത്തിരുന്ന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നേരെ പാർട്ടിക്കുള്ളിൽ വിമർശനം കടുക്കുന്ന സാഹചര്യത്തിൽ, യുഡിഎഫിലേക്കുള്ള മടക്കത്തെക്കുറിച്ചും വീണ്ടും ചർച്ചകൾ സജീവമായിട്ടുണ്ട്. പാർട്ടി പിളർപ്പിലേക്കെന്നും സൂചനകളുണ്ട്. 

യുഡിഎഫിലേക്ക് തിരികെ പോകണമെന്ന നിലപാടിലാണ് ജോസ് കെ മാണി അനുകൂല വിഭാഗം. ഈ സാഹചര്യത്തിൽ ഒരു വിഭാഗം എൽഡിഎഫ് വിട്ടേക്കുമെന്നും സൂചനയുണ്ട്.

കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത തോൽവിയാണ് ഇത്തവണ ഉണ്ടായത്. 1979ൽ രൂപംകൊണ്ട ശേഷം ആദ്യമായാണ് പാർട്ടി നിയമസഭയിൽ ഒരു അംഗത്തെയും എത്തിക്കാനാകാതെ പോകുന്നത്. മധ്യകേരളത്തിലെ ശക്തമായ രാഷ്ട്രീയ സാന്നിധ്യമായി നിലകൊണ്ടിരുന്ന പാർട്ടിക്ക് സ്വന്തം സ്വാധീന മേഖലകളിലും തിരിച്ചടി നേരിട്ടു.

പാർട്ടി ചെയർമാൻ ജോസ് കെ മാണി പാലായിൽ 2991 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. പതിറ്റാണ്ടുകളായി കേരള കോൺഗ്രസിന്റെ ശക്തികേന്ദ്രമായി കണക്കാക്കിയിരുന്ന പാലായിൽ കെ.എം. മാണിക്ക് ശേഷം രണ്ടില ചിഹ്നം വീണ്ടും വിജയം കണ്ടില്ല. ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ കോൺഗ്രസ് സ്ഥാനാർഥി റോയ് കെ പൗലോസിനോട് 23,822 വോട്ടുകൾക്ക് തോറ്റത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. കാഞ്ഞിരപ്പള്ളിയിൽ എൻ. ജയരാജിനും പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലിനും പരാജയം നേരിട്ടു.

പാർട്ടിയോടൊപ്പമുണ്ടായിരുന്ന പരമ്പരാഗത ക്രൈസ്തവ വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായതാണ് തോൽവിയുടെ പ്രധാന കാരണങ്ങളിലൊന്നായി നേതാക്കൾ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പ്രതികരിച്ച ജോസ് കെ മാണി, ജയപരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും പാർട്ടി പ്രവർത്തനം വിജയത്തിലേക്ക് എത്തിക്കാനായില്ലെന്നും പറഞ്ഞു. തോൽവിയുടെ കാരണങ്ങൾ പാർട്ടിയും എൽഡിഎഫും ചേർന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img