
ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ധ്യാനേഷ് കുമാർ തീയതികൾ അറിയിച്ചത്. ഏപ്രിൽ 9-ന് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ മേയ് 4-ന് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു. ഒറ്റഘട്ടമായാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നടത്തുക.
സംസ്ഥാനത്ത് ആകെ 2.70 കോടി വോട്ടർമാരാണ് ഉള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇതിൽ 4.24 ലക്ഷം പുതിയ വോട്ടർമാർ ഉൾപ്പെടുന്നു. കൂടാതെ 100 വയസിന് മുകളിലുള്ള 1571 വോട്ടർമാരും പട്ടികയിൽ ഉണ്ടെന്നും അറിയിച്ചു. കേരളത്തിൽ 30,471 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വലിയ ഉത്സവമാണെന്നും എല്ലാവരും അതിൽ സജീവമായി പങ്കെടുക്കണമെന്നും കമ്മീഷണർ അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പ് സുതാര്യവും സമാധാനപരവുമായ രീതിയിൽ നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
അസം- ഏപ്രിൽ 9, ഫലപ്രഖ്യപനം മെയ് 4
കേരളം- ഏപ്രിൽ 9, ഫലപ്രഖ്യാപനം മെയ് 4
പുതുച്ചേരി- ഏപ്രിൽ 9, ഫലപ്രഖ്യാപനം മെയ് 4
തമിഴ്നാട്- ഏപ്രിൽ 23, ഫലപ്രഖ്യാപനം മെയ് 4
ബംഗാൾ- ഏപ്രിൽ 23, ഏപ്രിൽ 29, ഫലപ്രഖ്യാപനം മെയ് 4











