
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ അന്തിമ കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു. 78.27 ശതമാനം പോളിംഗ് നടന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. 1982-ന് ശേഷമുള്ള ഏറ്റവും മികച്ച പോളിങ്ങാണ് ഇത്തവണത്തേത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഏറ്റവും കൂടുതൽ പോളിങ് നടന്നത് കുന്ദമംഗലത്തും കുറവ് പോളിംഗ് റാന്നിയിലുമാണ്. 84.83 ശതമാനമാണ് കുന്ദമംഗലത്തെ പോളിംഗ്. റാന്നിയിൽ 68.99 ശതമാനവും. ചിറ്റൂർ- 84.63 ശതമാനം, കുന്നത്തുനാട്- 84.09 ശതമാനം എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ രണ്ടും മൂന്നും മണ്ഡലങ്ങൾ.
നിയമസഭാ തിരഞ്ഞെടുപ്പിലെ അന്തിമ കണക്ക്പുറത്തു വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചിരുന്നു. പോളിങ് ശതമാനവും പോസ്റ്റൽ വോട്ടിങ് നില സംബന്ധിച്ച കണക്കുകളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.











