
തിരുവനന്തപുരം: അടുത്ത അഞ്ചു വർഷം കേരളം ആരുഭരിക്കും എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്നു രാവിലെ എട്ടു മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യഫലസൂചനകൾ ഒമ്പത് മണിയോടെ പുറത്തുവരും. 140 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ 43 സ്ഥലങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.
ഭരണമാറ്റമോ, ഭരണത്തുടർച്ചയോ എന്നതിന് പുറമെ തരംഗമോ, തൂക്ക് സഭയോ എന്ന് വരെയുണ്ട് കേരളത്തിലെ ആകാംക്ഷ. അന്തരീക്ഷച്ചൂട് കുറഞ്ഞെങ്കിലും കേരളത്തിൻറെ രാഷ്ട്രീയ താപനില കുതിച്ചു കുതിച്ചുകയറുകയാണ്. അതേസമയം, ഫലമറിയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്നു മുന്നണികളും.
കെ പി സി സി ആസ്ഥാനത്ത് ആഘോഷിക്കാൻ പന്തലിട്ട കോൺഗ്രസ് ഭരണമാറ്റം ഉറപ്പിച്ചുകഴിഞ്ഞു. ഭരണത്തുടർച്ച തന്നെ എന്ന് ഇപ്പോഴും കണക്ക് കൂട്ടുന്നു എൽ ഡി എഫ്. ഒന്നിലേറെ സീറ്റുകളുമായി കരുത്തുകാട്ടുമെന്നാണ് ബി ജെ പിയുടെ വിശ്വാസം.










