03:03am 12 April 2026
NEWS
കേരളം ഇന്ന് പോളിങ് ബൂത്തിൽ
09/04/2026  05:05 AM IST
nila
കേരളം ഇന്ന് പോളിങ് ബൂത്തിൽ

തിരുവനന്തപുരം: പതിനാറാം നിയമസഭയിലേക്കുള്ള 140 അം​ഗങ്ങളെ തെരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിൽ. ഇന്നു രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. മൂന്നാമൂഴം ലക്ഷ്യമിട്ട് എൽഡിഎഫും പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം അധികാരത്തിൽ തിരിച്ചെത്താൻ യുഡിഎഫും കേരളത്തിൽ ശക്തി തെളിയിക്കാൻ എൻഡിഎയും രം​ഗത്തുണ്ട്. സ്വതന്ത്രർ ഉൾപ്പെടെ 883 സ്ഥാനാർത്ഥികളാണ് മത്സര രം​ഗത്തുള്ളത്.

140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിൽ ആയി 2.71 കോടി വോട്ടർമാർ ഇന്ന് വിധിയെഴുതും. പോളിങ് ബൂത്തുകളിലേക്കുള്ള പോളിങ് സാധനങ്ങളുടെ വിതരണം ഇന്നലെ വൈകിട്ടോടെ തന്നെ പൂർത്തിയായിരുന്നു.  30,495 ബൂത്തുകളിൽ 24 എണ്ണം അനുബന്ധ ബൂത്തുകളാണ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അയ്യായിരത്തിലേറെ ബൂത്തുകൾ വർധിപ്പിച്ചിട്ടുണ്ട്. ഒരു ബൂത്തിൽ പരമാവധി 1200 വോട്ടർമാർ എന്ന നിബന്ധന പാലിക്കാനായാണ് ബൂത്തുകളുടെ എണ്ണം കൂട്ടിയത്. അതിനാൽതന്നെ ഇത്തവണ വോട്ടർമാർ ഏറെനേരം ക്യൂ നിൽക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണു തിരഞ്ഞെടുപ്പ് കമ്മിഷൻ‌. സുരക്ഷാ ഉദ്യോഗസ്ഥരും സജ്ജരാണ്. അസമിലും പുതുച്ചേരിയിലും ഇന്നാണ് വോട്ടെടുപ്പ്.

വോട്ടർമാർ അറിയാൻ

പോളിംഗ് ആരംഭിക്കുന്നതിന് മുമ്പ് മോക് പോളിംഗ് നടത്തും. കൺട്രോൾ യൂണിറ്റിലെ റിസൾട്ട് ബട്ടൺ അമർത്തി കൺട്രോൾ യൂണിറ്റിൽ വോട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രിസൈഡിങ് ഓഫീസർ പോളിങ് ഏജൻറുമാരെ ബോധ്യപ്പെടുത്തുന്നതോടെയാണ് മോക്‌പോൾ പ്രക്രിയ ആരംഭിക്കുന്നത്. കൺട്രോൾ യൂണിറ്റിലെ ഡിസ്പ്ലേ എല്ലാ സ്ഥാനാർഥികൾക്കു നേരെയും പൂജ്യം വോട്ടാണ് പ്രദർശിപ്പിക്കുക. ശേഷം വിവിപാറ്റിൻറെ ബാലറ്റ് കമ്പാർട്ടുമെന്റും തുറന്ന് ശൂന്യമാണെന്ന് പോളിങ് ഏജന്റുമാരെ പ്രിസൈഡിങ് ഓഫീസർ ബോധ്യപ്പെടുത്തും. അതിനുശേഷം പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കുറഞ്ഞത് 50 വോട്ടുകളുള്ള മോക്ക് പോൾ. തുടർന്ന് കൺട്രോൾ യൂണിറ്റിൽ രേഖപ്പെടുത്തിയ ഇലക്ട്രോണിക് ഫലം വിവിപാറ്റ് സ്ലിപ്പ് കൗണ്ടുമായി താരതമ്യം ചെയ്ത് പോളിങ് ഏജന്റുമാരെ ബോധ്യപ്പെടുത്തും.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് പ്രിസൈഡിങ് ഓഫീസർ ‘ക്ലിയർ ബട്ടൺ' അമർത്തി മോക്ക്‌പോൾ ഫലം മായ്ക്കും. വോട്ടുകളൊന്നും അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ കൺട്രോൾ യൂണിറ്റ് ഡിസ്‌പ്ലേയിൽ പൂജ്യം വോട്ടുകൾ കാണിക്കുന്നതിന് ‘ടോട്ടൽ' ബട്ടൺ അമർത്തുകയും വിവിപാറ്റ് ബാലറ്റ് കമ്പാർട്ട്‌മെന്റ് ശൂന്യമാണെന്ന് വീണ്ടും പോളിങ് ഏജന്റുമാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന് പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൺട്രോൾ യൂണിറ്റും വിവിപാറ്റും സീൽ ചെയ്യുന്നു. ഇതിന് ശേഷമാണ് ബൂത്തിൽ യഥാർത്ഥ വോട്ടെടുപ്പ് ആരംഭിക്കുക.

വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. നിശ്ചിതസമയം കഴിഞ്ഞും വോട്ട് ചെയ്യാൻ ആളുകൾ ക്യൂവിലുണ്ടെങ്കിൽ, അവർക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം നൽകും. ഇതിനായി വരിയിൽ ഏറ്റവും ഒടുവിൽ നിൽക്കുന്ന ആൾ മുതൽ മുന്നോട്ട് പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ട ടോക്കണുകൾ വിതരണം ചെയ്യും. വരിയുടെ അവസാനം നിൽക്കുന്ന ആൾക്ക് ഒന്നാം നമ്പർ ടോക്കണും, തൊട്ടു മുന്നിലുള്ളവർക്ക് രണ്ട്, മൂന്ന് എന്നിങ്ങനെ ക്രമത്തിൽ ടോക്കണുകൾ നൽകി വരിയുടെ ഏറ്റവും മുന്നിൽ നിൽക്കുന്ന ആൾക്ക് അവസാനത്തെ നമ്പർ ടോക്കൺ ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. ഇത്തരത്തിൽ ടോക്കൺ ലഭിക്കുന്ന എല്ലാവർക്കും വോട്ട് ചെയ്യാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img