
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പാർട്ടി മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയിക്കുമെന്ന വിലയിരുത്തലിൽ സിപിഎം. ആറന്മുളയിൽ മന്ത്രി വീണാ ജോർജ് ഏകദേശം 7000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. കോന്നിയിൽ 8,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകും എന്നാണ് ബൂത്തുതല അവലോകന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിപിഎം വിലയിരുത്തുന്നത്. അടൂരിലും റാന്നിയിലും തിരുവല്ലയിലും അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇടത് സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും സിപിഎം കണക്കുകൂട്ടുന്നു. അതേസമയം, ആലപ്പുഴ ജില്ലയിൽ പാർട്ടിക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് സിപിഎമ്മിന്റെ ജില്ലാസെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്.
അമ്പലപ്പുഴ മണ്ഡലത്തിൽ എൽഡിഎഫിന് പ്രതിസന്ധി നേരിടേണ്ടി വരാമെന്നാണ് പ്രാഥമിക കണക്ക്. ജി. സുധാകരൻ സ്ഥാനാർഥിയായതിനെ തുടർന്നുണ്ടായ ചില പ്രതികൂല ഘടകങ്ങൾ വോട്ടെടുപ്പിൽ പ്രതിഫലിച്ചുവെന്നാണ് വിലയിരുത്തൽ. ഭരണവിരുദ്ധ വികാരം, നിഷ്പക്ഷ വോട്ടുകളിൽ ഉണ്ടായ കുറവ്, പാർട്ടി അനുഭാവികളിൽ നിന്നുള്ള ചോർച്ച തുടങ്ങിയ കാരണങ്ങളാൽ അമ്പലപ്പുഴയിൽ എൽഡിഎഫ് പിന്നിലാകാൻ സാധ്യതയുണ്ടെന്നാണ് ബൂത്ത് തല കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അനുകൂല ഘടകങ്ങൾ പൂർണമായി വോട്ടുകളായി മാറിയാൽ ഏകദേശം 5000 വോട്ടിന്റെ ഭൂരിപക്ഷം നേടാനാകുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു.
കുട്ടനാട് മണ്ഡലവും എൽഡിഎഫിന് നഷ്ടമാകാനിടയുണ്ടെന്നാണ് വിലയിരുത്തൽ. ഏകദേശം 7600 വോട്ടുകൾക്ക് പിന്നിലാണ് പാർട്ടിയെന്നാണ് കണക്ക്. ഹരിപ്പാടും നഷ്ടപ്പെടാൻ സാധ്യതയുള്ള മണ്ഡലങ്ങളിലൊന്നായി കാണുന്നു. അതേസമയം ചെങ്ങന്നൂർ, മാവേലിക്കര, ചേർത്തല മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്നാണ് പാർട്ടി വിലയിരുത്തൽ. കായംകുളം, അരൂർ, ആലപ്പുഴ എന്നിവിടങ്ങളിൽ കടുത്ത മത്സരം നിലനിൽക്കുന്നു. അരൂരിൽ ചെറിയ വോട്ടിനുതന്നെ എൽഡിഎഫ് പിന്നിലാണെന്ന സൂചനയും ബൂത്ത് കണക്കുകളിൽ നിന്നുണ്ട്.
എറണാകുളം ജില്ലയിൽ സിറ്റിംഗ് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം തൃപ്പൂണിത്തുറയും പിടിച്ചെടുക്കാനാകുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. ജില്ലയിൽ ആകെ ആറു സീറ്റുകൾ വരെ നേടാമെന്ന ആത്മവിശ്വാസവും പാർട്ടി പ്രകടിപ്പിക്കുന്നു. കുന്നത്തുനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥിയായ പി.വി. ശ്രീനിജിൻ യു.ഡി.എഫിനെതിരെ ‘രാഷ്ട്രീയ കുതിരക്കച്ചവടം’ ആരോപിക്കുകയും ചെയ്തു. ട്വൻറി–ട്വൻറിയുമായി ചേർന്ന് യു.ഡി.എഫ് അനാചാര രാഷ്ട്രീയ നീക്കങ്ങൾ നടത്തിയതായും അദ്ദേഹം ആരോപിച്ചു.











