05:36pm 13 September 2026
NEWS
മാതൃകാ പെരുമാറ്റച്ചട്ടം എന്താണ് എന്നറിയാമോ?
15/03/2026  09:45 PM IST
nila
മാതൃകാ പെരുമാറ്റച്ചട്ടം എന്താണ് എന്നറിയാമോ?

കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചതോടെ ഈ സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു. തിരഞ്ഞെടുപ്പ് കാലത്ത് സർക്കാർ സംവിധാനങ്ങൾ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാതിരിക്കാനാണ് മാതൃകാ പെരുമാറ്റച്ചട്ടം പ്രധാനമായി ലക്ഷ്യമിടുന്നത്.

തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതുവരെ ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ തുടരും. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും സർക്കാർ സംവിധാനങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളുമാണ് ഇതിലൂടെ നിശ്ചയിച്ചിരിക്കുന്നത്.

മാതൃകാ പെരുമാറ്റച്ചട്ടം എന്താണ്?

തിരഞ്ഞെടുപ്പ് നടക്കുമ്പോൾ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും സർക്കാർ സംവിധാനങ്ങളും പാലിക്കേണ്ട നിർദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം ഒഴിവാക്കുക, കള്ളവോട്ട് തടയുക, പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് തടയുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ചാണ് ഈ ചട്ടങ്ങൾ തയ്യാറാക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെയാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.

പ്രധാന നിയന്ത്രണങ്ങൾ

തിരഞ്ഞെടുപ്പ് കാലത്ത് പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം സർക്കാർ ഫണ്ടിൽ നിന്ന് പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനോ സാമ്പത്തിക സഹായം അനുവദിക്കാനോ ജനപ്രതിനിധികൾക്ക് കഴിയില്ല.

ഇതിനകം ആരംഭിച്ച വികസന പ്രവർത്തനങ്ങൾ തുടരാം, എന്നാൽ പുതുതായി പദ്ധതികൾ ആരംഭിക്കാൻ അനുവദിക്കില്ല.

എംപിമാരുടേയും എംഎൽഎമാരുടേയും പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പുതിയ പദ്ധതികൾക്ക് പണം അനുവദിക്കാൻ പാടില്ല.

പുതിയ പദ്ധതികളുടെ ശിലാസ്ഥാപനം നടത്താൻ കഴിയില്ല. അടിയന്തര സാഹചര്യങ്ങളിൽ കമ്മിഷന്റെ അനുമതി ആവശ്യമാണ്.

തിരഞ്ഞെടുപ്പ് കാലത്ത് സർക്കാർ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വേണം.

മന്ത്രിമാരും ജനപ്രതിനിധികളും ഔദ്യോഗിക വാഹനങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്.

ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

പൊതുപണം ഉപയോഗിച്ച് സ്ഥാപിച്ച പരസ്യ ബോർഡുകളും പ്രചാരണ സാമഗ്രികളും നീക്കം ചെയ്യണം.

ചില പരിപാടികളിൽ പങ്കെടുക്കാനുള്ള അനുമതി

ചില ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങളോടെ അനുമതി നൽകിയിട്ടുണ്ട്.

രക്തസാക്ഷിത്വ ദിനം, സദ്ഭാവനാദിനം, പ്രധാന നേതാക്കളുടെ ജന്മദിനാചരണം തുടങ്ങിയ ചടങ്ങുകളിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാർക്ക് പങ്കെടുക്കാം.

എന്നാൽ പ്രസംഗം ചടങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാത്രം ഒതുങ്ങണം.

സർവകലാശാലകളിലെ ബിരുദദാന ചടങ്ങുകളിൽ പങ്കെടുക്കാൻ ഗവർണർക്ക് മാത്രമാണ് അനുമതി.

കമ്മിഷന്റെ അനുമതിയില്ലാതെ ചെയ്യാവുന്ന കാര്യങ്ങൾ

ചില ഭരണകാര്യങ്ങൾ തിരഞ്ഞെടുപ്പ് കാലത്തും തുടരാൻ സർക്കാരിന് അനുമതിയുണ്ട്. ഉദാഹരണത്തിന്:

പൾസ് പോളിയോ പോലുള്ള ആരോഗ്യ ബോധവൽക്കരണ പരിപാടികൾ

കോടതി നിർദേശപ്രകാരം ആശ്രിത നിയമനം

ദുരന്തസാഹചര്യങ്ങളിൽ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പണം ചെലവഴിക്കൽ

പൊതുസ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണി (ജലവിതരണം ഉൾപ്പെടെ)

കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് നടത്തൽ

ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും നിയമനം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img