01:14am 25 June 2026
NEWS
അതൊക്കെ വല്ലാത്തൊരു പൂതിയാണ്; നിയമസഭയിൽ സതീശൻ–പിണറായി ഏറ്റുമുട്ടൽ
24/06/2026  04:57 PM IST
nila
അതൊക്കെ വല്ലാത്തൊരു പൂതിയാണ്; നിയമസഭയിൽ സതീശൻ–പിണറായി ഏറ്റുമുട്ടൽ

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ കടുത്ത വാഗ്വാദം. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ പ്രതിപക്ഷവും ബിജെപിയും ഉയർത്തിക്കാട്ടിയതിന് മറുപടി പറയുന്നതിനിടെയാണ് മുഖ്യമന്ത്രി സിപിഎമ്മിലെ നേതൃത്വത്തെ അണികളും നേതാക്കളും ചോദ്യം ചെയ്യുകയാണെന്ന് വിമർശിച്ചത്. ഇതോടെ പിണറായി വിജയൻ ശക്തമായ ഭാഷയിൽ തിരിച്ചടിച്ചു.

ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിപ്രസംഗത്തിനിടെയായിരുന്നു സംഭവം. കോൺഗ്രസിൽ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി തർക്കമുണ്ടെന്നും പാർട്ടി പ്രതിസന്ധിയിലാണെന്നും എൽഡിഎഫ്, ബിജെപി അംഗങ്ങൾ ആരോപിച്ചതിന് മുഖ്യമന്ത്രി മറുപടി നൽകി. കോൺഗ്രസ് പിളരുമെന്ന ബിജെപി അംഗം ബി.ബി. ഗോപകുമാറിന്റെ പരാമർശത്തോട്, "ആദ്യം മൂന്ന് അംഗങ്ങൾ മാത്രമുള്ള നിങ്ങളുടെ പാർട്ടിയിൽ ഒരുമ ഉറപ്പാക്കൂ" എന്നായിരുന്നു സതീശന്റെ പ്രതികരണം.

'കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കമാണ്, വലിയ പ്രശ്‌നമാണ് എന്നൊക്കെ എൽഡിഎഫ് എംഎൽഎമാർ ഇവിടെ പറഞ്ഞു. നിങ്ങളുടെ പാർട്ടിയിൽ എല്ലാം ശാന്തമണല്ലോ, എന്താണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം നടന്നത്. ഞാൻ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എന്നെ ആരും ചോദ്യം ചെയ്തിട്ടില്ല പാർട്ടിയിൽ. എന്നാലിപ്പോൾ പ്രതിപക്ഷ നേതാവിനെയും പാർട്ടി സെക്രട്ടറിയെയും നേതാക്കളും അണികളും ചോദ്യം ചെയ്യുകയാണ്. നിങ്ങളുടെ നേതൃത്വത്തെ ചോദ്യം ചെയ്യുകയാണ്' മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നിന്നു.

'അതൊക്കെ വല്ലാത്തൊരു പൂതിയാണ്. നിങ്ങളെയൊക്കെ പിന്താങ്ങുന്ന വലതുപക്ഷ മാധ്യമങ്ങൾ കൊത്തിക്കീറി നടക്കുകയായിരുന്നു. അതൊക്കെ നേരിട്ട് കൊണ്ട് തന്നെയാണ് ഇവിടെ നിൽക്കുന്നത്. എന്നെയോ ഞങ്ങളെയോ ഈ സ്ഥാനത്ത് പാടില്ല എന്ന് ഈ പാർട്ടിയിൽ എവിടെയും ആലോചിച്ചിട്ടില്ല. അതെല്ലാം വലതുപക്ഷ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. അതുകേട്ട് ഇപ്പോൾ സിപിഎം തകരുമെന്ന് വിചാരിച്ച് നിങ്ങൾ നിൽക്കേണ്ട' പിണറായി വിജയൻ പറഞ്ഞു.

സിപിഎമ്മിൽ ഒരു തിരുത്തലുമില്ലാതെ നന്നായി പോകുന്നുവെങ്കിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ പ്രതികരിച്ചു. 'ഞങ്ങളാഗ്രഹിക്കുന്നതും അതാണ്. എനിക്ക് മുഖ്യമന്ത്രി സ്ഥാനം എങ്ങനെ കിട്ടിയെന്നും ഞങ്ങളുടെ പാർട്ടിയിലെ തർക്കത്തെ കുറിച്ചും നിങ്ങളുടെ എംഎൽഎമാർ പറഞ്ഞപ്പോൾ ഞാൻ മിണ്ടിയില്ല. ചിരിച്ചുകൊണ്ടാണ് കേട്ട് കൊണ്ടിരുന്നത്. ഞങ്ങളുടെ പാർട്ടിയെ കുറിച്ച് നിങ്ങൾ സംസാരിച്ചാൽ മറുപടി കിട്ടും അത്രയേ ഉള്ളൂ' എന്നും സതീശൻ പറഞ്ഞു.

'ഞാനിവിടെ പ്രതിപക്ഷ നേതാവായിട്ടാണ് ഇരിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ നിങ്ങൾ പറഞ്ഞാൽ മറുപടി പറയാൻ ഞാൻ ബാധ്യസ്ഥനാണ്' പിണറായിയും പറഞ്ഞു. തന്റെ പാർട്ടിയെ കുറിച്ചും മുന്നണിയെ കുറിച്ചും പറഞ്ഞാൽ തിരിച്ച് പറയുമെന്ന് വ്യക്തമാക്കി സതീശനും തുടർന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NIYAMASABHA
img