08:04pm 29 September 2026
NEWS
കോഴിക്കോട് പെൺവാണിഭത്തിന് ഫുർഖാൻ അലിക്ക് ഒത്താശ ചെയ്തത് കാമുകി
14/05/2025  08:54 AM IST
nila
കോഴിക്കോട് പെൺവാണിഭത്തിന് ഫുർഖാൻ അലിക്ക് ഒത്താശ ചെയ്തത് കാമുകി

അസം സ്വദേശിനിയായ 17 വയസുകാരിയെ ജോലി വാഗ്ദാനംചെയ്ത് കടത്തികൊണ്ടുവന്ന് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ അറസ്റ്റിലായത് യുവതി ഉൾപ്പെടെ രണ്ടുപേർ. കോഴിക്കോട് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്ന അസം സ്വദേശി ഫുർഖാൻ അലി (26)ക്ക് പുറമേ ഇയാളുടെ കാമുകി അക്ളിമ ഖാതുൻ (24)യും കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിഷയിൽനിന്നാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്.

ധാരാളം പണം സമ്പാദിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഫുർഖാൻ അലിയും കാമുകിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കേരളത്തിലെത്തിച്ച് പെൺവാണിഭം നടത്തിയത്. ഇൻസ്റ്റഗ്രാം വഴിയാണ് യുവാവ് പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. ഇതിനു ശേഷം കേരളത്തിൽ വീട്ടുജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് അസമിൽനിന്ന് പെൺകുട്ടിയെ കേരളത്തിലെത്തിക്കുകയായിരുന്നു.

കേരളത്തിലെത്തിച്ച പെൺകുട്ടിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിലെ മുറിയിൽ പൂട്ടിയിട്ട് അനാശാസ്യപ്രവർത്തനം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയെ പലരുടേയും മുമ്പിലെത്തിച്ചെന്നും ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നുമാണ് കേസ്.

കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികൾ കേരളത്തിൽനിന്ന് മുങ്ങി. കേസിന്റെ അന്വേഷണത്തിനിടെ പ്രതികൾ ഒറീസയിലെ ഭദ്രക് റെയിൽവേ സ്റ്റേഷൻ ഭാഗത്തുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ സജി ഷിനോബ്, എസ്സിപിഒ വന്ദന, സിപിഒമാരായ സോണി നെരവത്ത്, ജിതിൻ, മെഡിക്കൽ കോളേജ് സ്റ്റേഷൻ എഎസ്ഐ അനൂപ്, സിപിഒ സാജിദ്, സിപിഒ അമീൻ ബാബു എന്നവരടങ്ങിയ സംഘം പ്രതികളെ ഒഡിഷയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img