11:54am 12 November 2026
NEWS
അൽഹിന്ദ് എയറിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; ‘ശംഖ് എയർ’ അടുത്ത വർഷം സർവീസ് ആരംഭിക്കും
25/12/2025  12:30 PM IST
nila
അൽഹിന്ദ് എയറിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; ‘ശംഖ് എയർ’ അടുത്ത വർഷം സർവീസ് ആരംഭിക്കും

ന്യൂഡൽഹി: കേരളം ആസ്ഥാനമായി രൂപംകൊണ്ട പുതിയ വിമാനക്കമ്പനിയായ അൽഹിന്ദ് എയറിന് കേന്ദ്രത്തിന്റെ പച്ചക്കൊടി. കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം എൻഒസി അനുവദിച്ചു. ഇതോടെ അൽഹിന്ദ് എയറിന് സർവീസുകൾ ആരംഭിക്കുന്നതിനുള്ള വഴി തുറന്നു. അൽഹിന്ദിനൊപ്പം ‘ഫ്ലൈഎക്സ്പ്രസ്’ എന്ന മറ്റൊരു പുതിയ വിമാനക്കമ്പനിക്കും ഈ ആഴ്ച എൻഒസി നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു അറിയിച്ചു. അതേസമയം, ഇതിനു മുൻപ് എൻഒസി ലഭിച്ച ഉത്തർപ്രദേശ് ആസ്ഥാനമായ ‘ശംഖ് എയർ’ അടുത്ത വർഷം സർവീസ് ആരംഭിക്കുമെന്നാണ് സൂചന. 

അൽഹിന്ദ് എയറിന്റെ പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയതായും അറിയിച്ചു. യാത്രാ–ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ അൽഹിന്ദ് ഗ്രൂപ്പാണ് ഈ വിമാനക്കമ്പനിയുടെ പിന്നിൽ. കൊച്ചിയെ കേന്ദ്രമായി ആദ്യഘട്ടത്തിൽ എടിആർ വിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര സർവീസുകൾ ആരംഭിക്കാനാണ് അൽഹിന്ദ് എയറിന്റെ പദ്ധതി. തുടക്കത്തിൽ മൂന്ന് എടിആർ വിമാനങ്ങളാണ് വിന്യസിക്കുക. തുടർന്ന് വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ച് അന്താരാഷ്ട്ര സർവീസുകളിലേക്കും കടക്കാനാണ് ഗ്രൂപ്പിന്റെ ലക്ഷ്യം.

ഇൻഡിഗോ നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് കൂടുതൽ വിമാനക്കമ്പനികൾ പ്രവർത്തനം ആരംഭിക്കുന്നത് സ്വാഗതാർഹമാണെന്ന് വ്യോമയാന മന്ത്രി വ്യക്തമാക്കി. നിലവിൽ ഇന്ത്യയിൽ ചെറുതും വലുതുമായ ഒമ്പത് ആഭ്യന്തര വിമാനക്കമ്പനികളാണുള്ളത്. വിപണിയിലെ ഏകദേശം 90 ശതമാനവും ഇൻഡിഗോയുടെയും എയർ ഇന്ത്യ ഗ്രൂപ്പിന്റെയും കൈവശമാണെന്നതും ശ്രദ്ധേയമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img