01:06pm 17 September 2026
NEWS
എഐ ക്യാമറയിൽ കുടുങ്ങിയത് ഒന്നരക്കോടിയോളം നിയമലംഘനങ്ങൾ; പിഴയായി ചുമത്തിയത് 1000 കോടിയിലേറെ; പിരിഞ്ഞത് 365 കോടി മാത്രം
17/09/2026  07:38 AM IST
nila
എഐ ക്യാമറയിൽ കുടുങ്ങിയത് ഒന്നരക്കോടിയോളം നിയമലംഘനങ്ങൾ; പിഴയായി ചുമത്തിയത് 1000 കോടിയിലേറെ; പിരിഞ്ഞത് 365 കോടി മാത്രം

തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങൾക്ക് കടിഞ്ഞാണിടാൻ സ്ഥാപിച്ച എഐ ക്യാമറകൾ വഴി ഇതുവരെ ചുമത്തിയ പിഴത്തുക 1000 കോടി രൂപ കടന്നു. എന്നാൽ ഇതിൽ മോട്ടോർ വാഹന വകുപ്പ് പിരിച്ചെടുത്തത് 365 കോടി രൂപ മാത്രമാണ്. 635 കോടി രൂപ ഇപ്പോഴും കുടിശ്ശികയായി തുടരുകയാണ്.

നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തുന്നതിൽ വൻ വർധനയുണ്ടായിട്ടും അതിനനുസരിച്ച് പിഴത്തുക പിരിച്ചെടുക്കാൻ കഴിയാത്തതാണ് നിലവിലെ പ്രധാന വെല്ലുവിളി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എഐ ക്യാമറകളിൽ പതിഞ്ഞ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിൽ ഏകദേശം ഒന്നരക്കോടി ചെലാനുകളാണ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് മാസം മാത്രം പരിശോധിച്ചാൽ ഏകദേശം 78 കോടി രൂപയുടെ പിഴ ചുമത്തിയിട്ടുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കാത്തത്, ഹെൽമറ്റ് ഉപയോഗിക്കാത്തത്, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തുടങ്ങിയ നിയമലംഘനങ്ങളാണ് ക്യാമറകളിൽ പ്രധാനമായും പതിയുന്നത്.

കുടിശ്ശികയായ പിഴത്തുക ഈടാക്കാൻ വിവിധ ഇളവുകളും നടപടികളും സർക്കാർ സ്വീകരിച്ചെങ്കിലും പിരിച്ചെടുക്കാനുള്ള തുകയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ഇതോടെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനൊപ്പം പിഴ പിരിച്ചെടുക്കുന്നതിലും കൂടുതൽ കാര്യക്ഷമമായ നടപടികൾ ആവശ്യമാണെന്ന സ്ഥിതിയാണ്.

സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിച്ചത്. 675 ക്യാമറകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്. ഏകദേശം 220 കോടി രൂപ ചെലവഴിച്ച പദ്ധതി 2023 ജൂണിലാണ് പ്രവർത്തനം ആരംഭിച്ചത്.

ക്യാമറകൾ സ്ഥാപിച്ചതോടെ ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്തുന്നതിൽ വലിയ മാറ്റമുണ്ടായെങ്കിലും, ചുമത്തിയ പിഴയുടെ വലിയൊരു ഭാഗം ഇപ്പോഴും ലഭിക്കാനുണ്ടെന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img