04:22pm 20 September 2026
NEWS
എഐ ക്യാമറയിൽ കുടുങ്ങുന്നവർ ജാഗ്രതൈ! കുടിശ്ശിക തീർന്നാൽ കൂട്ടത്തോടെ നോട്ടീസ് എത്തും
20/09/2026  08:48 AM IST
nila
എഐ ക്യാമറയിൽ കുടുങ്ങുന്നവർ ജാഗ്രതൈ! കുടിശ്ശിക തീർന്നാൽ കൂട്ടത്തോടെ നോട്ടീസ് എത്തും

റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്ന എ.ഐ. ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പിഴച്ചെലാൻ അയയ്ക്കുന്ന നടപടികൾ താളം തെറ്റി. സെപ്റ്റംബർ ഒന്നുമുതൽ ക്യാമറകൾ പകർത്തുന്ന നിയമലംഘനങ്ങളുടെ വിവരങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്തുന്നില്ല. ഇതോടെ ഇ-ചെലാൻ തയ്യാറാക്കലും അച്ചടിക്കലും തടസ്സപ്പെട്ടു.

മോട്ടോർ വാഹനവകുപ്പിന്റെ 726 എ.ഐ. ക്യാമറകളാണ് സംസ്ഥാനത്തെ വിവിധ റോഡുകളിൽ പ്രവർത്തിക്കുന്നത്. ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾ ലോക്കൽ സ്റ്റോറേജിൽ സൂക്ഷിക്കുന്നുണ്ടെങ്കിലും സെൻട്രൽ സെർവറിൽനിന്ന് കൺട്രോൾ റൂമുകളിലേക്ക് ഡേറ്റ കൈമാറ്റം നടക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

സാങ്കേതിക സേവനങ്ങളുടെ കുടിശ്ശികയാണ് പ്രതിസന്ധിക്ക് പിന്നിലെന്നാണ് വിവരം. പദ്ധതി ആരംഭിച്ചശേഷം പിഴയിനത്തിൽ 327 കോടി രൂപ സർക്കാരിന് ലഭിച്ചിട്ടും പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള കെൽട്രോണിന് നൽകാനുള്ള ഏകദേശം 60 കോടി രൂപയുടെ കുടിശ്ശിക തീർപ്പാക്കാത്തതാണ് തിരിച്ചടിയായത്.

സെൻട്രൽ സെർവറിലെ ഫയർവാൾ സേവനം ബന്ധപ്പെട്ട കമ്പനി വിച്ഛേദിച്ചതോടെയാണ് കൺട്രോൾ റൂമുകളിലേക്കുള്ള വിവരങ്ങളുടെ ഒഴുക്ക് പൂർണമായി നിലച്ചത്. കഴിഞ്ഞ മാസവും ഇന്റർനെറ്റ് കുടിശ്ശികയെ തുടർന്ന് എ.ഐ. ക്യാമറ സംവിധാനം പ്രതിസന്ധിയിലായിരുന്നു. മറ്റ് ആവശ്യങ്ങൾക്കുള്ള ഫണ്ട് വകമാറ്റിയാണ് അന്ന് താത്കാലികമായി സംവിധാനം പ്രവർത്തിപ്പിച്ചത്.

ഇത്തവണ ഫയർവാൾ സേവനം കൂടി നിലച്ചതോടെ ഇ-ചെലാൻ തയ്യാറാക്കുന്നതും അച്ചടിക്കുന്നതും പൂർണമായി തടസ്സപ്പെട്ടു. എന്നാൽ ക്യാമറകൾ പ്രവർത്തനം നിർത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. നിയമലംഘനങ്ങളുടെ ദൃശ്യങ്ങളും വിവരങ്ങളും ക്യാമറകളുടെ ലോക്കൽ സ്റ്റോറേജിൽ തുടർച്ചയായി ശേഖരിക്കുന്നുണ്ട്.

കുടിശ്ശിക തീർത്ത് സിം കണക്ഷനുകളും ഫയർവാൾ സംവിധാനവും പുനഃസ്ഥാപിച്ചാൽ നിലവിൽ ശേഖരിച്ച വിവരങ്ങൾ കൺട്രോൾ റൂമുകളിലേക്ക് കൂട്ടത്തോടെ കൈമാറാനാകും. അതിനാൽ ഇപ്പോൾ നിയമലംഘനം നടത്തി ചെലാൻ ലഭിക്കാത്തവർക്ക് പിന്നീട് ഒരുമിച്ച് പിഴ നോട്ടീസ് ലഭിക്കാനുള്ള സാധ്യതയുണ്ട്.

2023 ജൂണിലാണ് സംസ്ഥാനത്തെ എ.ഐ. ക്യാമറ പദ്ധതി പ്രവർത്തനം ആരംഭിച്ചത്. 2026 മേയ് വരെയുള്ള കണക്കനുസരിച്ച് 1.42 കോടി നിയമലംഘനങ്ങളാണ് ക്യാമറകൾ കണ്ടെത്തിയത്. ഇതിൽ ആകെ 922.04 കോടി രൂപ പിഴ ചുമത്തി. 55.52 ലക്ഷം പേരിൽനിന്നായി 327 കോടി രൂപ ഇതിനകം സർക്കാർ പിരിച്ചെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img