
തിരുവനന്തപുരം: കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ബി. അശോക് ഐഎഎസിനെതിരെ സർവകലാശാലയിലെ ഒരു വിഭാഗം ജീവനക്കാർ. വൈസ് ചാൻസലർ ഓഫീസിൽ അദ്ദേഹം സ്ഥിരമായി ഹാജരാകാത്തതിനെതിരെയാണ് ഒരുവിഭാഗം നിലപാടെടുക്കുന്നത്. ഇതിനാൽ ഫയൽ നീക്കം തടസപ്പെടുന്നുവെന്നാണ് ആരോപണം. അശോകിനെതിരെ ഔദ്യോഗിക പരാതി നൽകാനും ഈ വിഭാഗം നീക്കമാരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
നിലവിൽ ബി. അശോക് വഹിക്കുന്നത് വൈസ് ചാൻസലറുടെ പദവി മാത്രമാണ്. സൈനിക ക്ഷേമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഏപ്രിൽ 29-ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് മുമ്പ് ഭക്ഷ്യസുരക്ഷാ കമ്മിഷണറായിരിക്കെയാണ് 2023 മാർച്ചിൽ കാർഷിക സർവകലാശാല വൈസ് ചാൻസലറുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിരുന്നത്.
ആദ്യ നിയമന ഉത്തരവിൽ അശോകിന്റെ പേരിനു പകരം “ഭക്ഷ്യസുരക്ഷാ കമ്മിഷണർ” എന്ന പദവിയാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനെതിരെ സി.പി.എം അനുകൂല സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചതോടെ, നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ അശോകിന്റെ പേര് വ്യക്തമാക്കിയ പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതോടെ മറ്റ് സർക്കാർ പദവികൾ നഷ്ടപ്പെട്ടാലും വൈസ് ചാൻസലർ പദവി തുടരുമെന്ന സാഹചര്യം രൂപപ്പെട്ടു.
സർവകലാശാല നിയമപ്രകാരം വൈസ് ചാൻസലറെ നീക്കുകയോ പുതുതായി നിയമിക്കുകയോ ചെയ്യണമെങ്കിൽ ചാൻസലറായ ഗവർണർ, പ്രോ-ചാൻസലറായ കൃഷിമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമേ തീരുമാനം എടുക്കാനാകൂ.
ഇതുവരെ തിരുവനന്തപുരത്ത് മറ്റ് ഔദ്യോഗിക ചുമതലകൾ വഹിച്ചുകൊണ്ടായിരുന്നു അശോക് വൈസ് ചാൻസലറുടെ ചുമതല നിർവഹിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വി.സി സ്ഥാനം മാത്രമാണ് കൈവശമുള്ളതിനാൽ തൃശ്ശൂരിലെ സർവകലാശാല ആസ്ഥാനത്ത് സ്ഥിരമായി എത്തി പ്രവർത്തിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.











