05:06pm 26 September 2026
NEWS
കേരളത്തിന്റെ ബഹുസ്വരതയും സഹവർത്തിത്വ പാരമ്പര്യവും ശക്തിപ്പെടുത്തണം – പി. മുജീബ് റഹ്മാൻ
26/09/2026  04:57 PM IST
nila
കേരളത്തിന്റെ ബഹുസ്വരതയും സഹവർത്തിത്വ പാരമ്പര്യവും ശക്തിപ്പെടുത്തണം – പി. മുജീബ് റഹ്മാൻ


ദോഹ: വ്യത്യസ്ത മത-സാമൂഹിക വിഭാഗങ്ങളും സംഘടനകളും ആശയധാരകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിലനിൽക്കുമ്പോഴും സഹവർത്തിത്വത്തിന്റെ സമ്പന്നമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന സമൂഹമാണ് കേരളമെന്നും ഈ പാരമ്പര്യം കൂടുതൽ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു.

ഹ്രസ്വ സന്ദർശനത്തിനായി ദോഹയിലെത്തിയ അദ്ദേഹം സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (CIC) സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേഴ്സ് ആൻഡ് പ്രൊഫഷണൽസ് മീറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.

വൈവിധ്യങ്ങളെ നിലനിർത്തിക്കൊണ്ടുതന്നെ പരസ്പരം അടുത്തറിയാനും ആശയവിനിമയം നടത്താനും സംവാദാത്മകമായ ഒരു സംസ്കാരം വളർത്തിയെടുക്കണം. വ്യത്യസ്ത കാഴ്ചപ്പാടുകളും ആശയധാരകളും പുലർത്തുന്നവർ തമ്മിലുള്ള തുറന്ന സംവാദം തെറ്റിദ്ധാരണകളും അകൽച്ചകളും കുറയ്ക്കുന്നതിനും പരസ്പര വിശ്വാസവും ബഹുമാനവും വളർത്തുന്നതിനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പൊതുസമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിൽ വിവിധ സംഘടനകളും സാമൂഹിക വിഭാഗങ്ങളും യോജിപ്പിന്റെ മേഖലകൾ കണ്ടെത്തി ഒരുമിച്ച് പ്രവർത്തിക്കണം. അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും സാമൂഹികവും സാംസ്കാരികവുമായ പൊതുവിഷയങ്ങളിൽ സഹകരണത്തിന്റെയും കൂട്ടായ ഇടപെടലുകളുടെയും പുതിയ സാധ്യതകൾ കണ്ടെത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

CIC പ്രസിഡന്റ് ആർ. എസ്. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുറഹീം കെ. സി. സ്വാഗതം ആശംസിച്ചു. നബീൽ കെ. സി. ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി അർഷദ് ഇ. നന്ദി രേഖപ്പെടുത്തി.

ദോഹയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ മേഖലകളിലെ പ്രൊഫഷണലുകളും പരിപാടിയിൽ പങ്കെടുത്തു.
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img