12:31am 24 June 2026
NEWS
കേര പദ്ധതി: ജില്ലയിലെ കർഷക കൂട്ടായ്മകൾ രാജ്യാന്തര വിപണിയിലേക്ക്
23/06/2026  03:27 PM IST
nila
കേര പദ്ധതി: ജില്ലയിലെ കർഷക കൂട്ടായ്മകൾ രാജ്യാന്തര വിപണിയിലേക്ക്

 

കൊല്ലം: ചെറുകിട കർഷകരെയും അവരുടെ കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാർഷിക ഉൽപ്പന്നങ്ങളെ  ദേശീയ - അന്താരാഷ്ട്രാ നിലവാരത്തിലേക്കുയർത്തി സുസ്ഥിര വിലയും വിപണിയും ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമാവുന്നു. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിലെ പ്രൊഡക്ടിവ് അലയൻസ് സ്കീമിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക.

ഇത് സംബന്ധിച്ച് ജില്ലയിലെ കർഷ കൂട്ടായ്മകൾക്കുള്ള ബോധവൽക്കരണ പരിപാടി കൊല്ലം കോർപറേഷൻ മേയർ എ.കെ ഹഫീസ് ഉദ്ഘാടനം ചെയ്തു. കൊല്ലത്തിന്റെ കാർഷിക മുന്നേറ്റത്തിനും പ്രത്യേകിച്ച് പഴയ മലഞ്ചരക്ക് വ്യാപാരത്തിന്റെ പ്രൗഢിയിലേക്ക് ജില്ലയെ ഉയർത്തുന്നതിനും പ്രൊഡക്ടിവ് അലയൻസിലൂടെ കേര പദ്ധതി വഴിയൊരുക്കുമെന്ന് മേയർ പറഞ്ഞു. മാനദണ്ഡങ്ങൾക്കനുസൃതമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കർഷക കമ്പനികളാണ് അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങിക്കുവാൻ പ്രാപ്തിയുള്ള അഗ്രി ബിസിനസ്സ് കമ്പനികളുമായി നേരിട്ട് കരാറുണ്ടാക്കി പ്രൊഡക്ടിവ് അലയൻസിന്റെ ഭാഗമാവുക. ഇതിനായി പരമാവധി രണ്ടു കോടി രൂപ വരെ ഗ്രാന്റായി ഓരോ അലയൻസിനും അനുവദിക്കും.

ഹോട്ടൽ നാണിയിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അനീസ. എം.എസ് അധ്യക്ഷത വഹിച്ചു. കേര പദ്ധതിയെക്കുറിച്ച് സംസ്ഥാന പ്രൊക്യൂർമെൻറ് ഓഫീസർ സുരേഷ് സി.തമ്പിയും പ്രൊഡക്ടിവ് അലയൻസ് സ്കീമിനെക്കുറിച്ച് കേര ഈ.എസ്.എസ്.ജി. നോഡൽ ഓഫീസർ ഡോ.എസ്.യമുനയും വിശദീകരിച്ചു. പ്രൊജക്റ്റ് മാനേജ്മെന്റ് കൺസൾട്ടന്റുമാരായ രഞ്ജിത്ത്കുമാർ (മാർക്കറ്റിംഗ്), വിഷ്ണു.വി (പി.എ.പോർട്ടൽ) എന്നിവർ ക്ലാസ്സെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ബിനു ബാലകൃഷ്ണൻ, എസ്.എഫ്.എ.സി. പ്രൊജക്റ്റ് ഡയറക്ടർ സുരേഷ് എം.എസ്., വിവിധ കർഷക കമ്പനികളെ പ്രതിനിധീകരിച്ച് ബിജു കെ.മാത്യു (പാലരുവി), സുനിൽകുമാർ (പുനലൂർ), ഡോ.ഷൈൻ കുമാർ (കടക്കൽ), തോമസ് കോശി (സാധ്യ സമൃദ്ധി), വിനോദ്. കെ (ചിറ്റുമല), കെ.വി.സന്തോഷ് ബാബു (കല്ലട), രമേഷ് (പൃഥ്‌വി), സുനിൽകുമാർ. എസ്. (കൊട്ടാരക്കര അഗ്രോ), ഡോ.അനിൽ പിള്ള (മുഖത്തല), എസ്.നാസറുദ്ധീൻ (നെടുമ്പന) എന്നിവർ സംസാരിച്ചു.  

ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ഇ & ടി) റീനാ രവീന്ദ്രൻ സ്വാഗതവും കേര പ്രൊജക്റ്റ് അസിസ്റ്റന്റ് ഷാനിദ. ആർ നന്ദിയും പറഞ്ഞു.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img