
നെയ്‌റോബി: വിശ്വാസികളെ പട്ടിണിക്കിട്ട് മരണത്തിലേക്ക് നയിച്ച കേസിൽ കെനിയയിലെ സ്വയം പ്രഖ്യാപിത ക്രിസ്ത്യൻ മതനേതാവ് പോൾ മക്കെൻസി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 123 അനുയായികളുടെ മരണവുമായി ബന്ധപ്പെട്ട നരഹത്യക്കേസിലാണ് മാംബാസ കോടതിയുടെ വിധി. 2021 ജനുവരി മുതൽ 2023 സെപ്റ്റംബർ വരെ തീരദേശത്തുള്ള ഷക്കഹോള വനത്തിൽ അനുയായികളോട് ഭക്ഷണം ഉപേക്ഷിച്ച് മരണംവരെ ഉപവസിക്കാൻ മക്കെൻസി നിർദേശിച്ചെന്നാണ് കേസ്.
ഇതേ കൂട്ടമരണവുമായി ബന്ധപ്പെട്ട് 191 പേരെ കൊലപ്പെടുത്തിയ കേസിൽ ഈ മാസം ആദ്യം മക്കെൻസിക്ക് 200 വർഷം തടവുശിക്ഷ ലഭിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും കുട്ടികളായിരുന്നു. നരഹത്യക്കേസിൽ കുറ്റം നിഷേധിച്ച മക്കെൻസി, ശിക്ഷാവിധിക്കുശേഷം അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരിലൊരാൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
മക്കെൻസിയുടെ ഭാര്യ റോഡ മുംബുവ മവേവു ഉൾപ്പെടെ 29 പേരെയും നരഹത്യയിൽ പങ്കുണ്ടെന്ന് കണ്ടെത്തി കോടതി കുറ്റക്കാരായി പ്രഖ്യാപിച്ചു. 60 പ്രതികളെ വെറുതെവിട്ടു. ഇവരെ കുറ്റവിമുക്തരാക്കിയതിനെതിരെ അപ്പീൽ നൽകുമെന്ന് കെനിയൻ ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻസ് അറിയിച്ചു.
2023-ലാണ് ഇന്ത്യൻ മഹാസമുദ്ര തീരത്തിനടുത്തുള്ള ഷക്കഹോള വനത്തിൽ നിന്ന് 400-ലധികം മൃതദേഹങ്ങൾ കൂട്ടക്കുഴിമാടങ്ങളിൽ കണ്ടെത്തിയതിനെത്തുടർന്ന് മക്കെൻസി അറസ്റ്റിലായത്. അനുയായികളെ വ്യവസ്ഥാപിതമായി പ്രേരിപ്പിച്ച് പട്ടിണിക്കിട്ട് മരണത്തിലേക്ക് നയിക്കുകയായിരുന്നു ഇയാളെന്ന് കോടതി കണ്ടെത്തിയതായി കെനിയൻ പ്രോസിക്യൂഷൻ വിഭാഗം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. മക്കെൻസിക്കെതിരായ കേസുകളിലെ അവസാനത്തെ കുറ്റക്കാരനെന്ന വിധിയാണിതെന്നും അധികൃതർ വിശേഷിപ്പിച്ചു.
ആദ്യം കുട്ടികളും പിന്നീട് സ്ത്രീകളും അവസാനം പുരുഷന്മാരും ഉപവസിച്ച് മരിക്കണമെന്നായിരുന്നു മക്കെൻസിയുടെ നിർദേശമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. എല്ലാവരും മരിച്ചശേഷം മക്കെൻസിയും മരണത്തിന് കീഴടങ്ങാനായിരുന്നു പദ്ധതിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. യേശുവിനെ കാണാനായി എല്ലാവരും പട്ടിണികിടന്ന് മരിക്കണമെന്ന ലക്ഷ്യത്തോടെ മക്കെൻസിയും കൂട്ടാളികളും ചേർന്ന് ആത്മഹത്യാ പദ്ധതിക്ക് രൂപം നൽകിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
വിദ്യാഭ്യാസം, ചികിത്സ, ആഭരണങ്ങൾ എന്നിവ പാപമാണെന്ന് മക്കെൻസി പ്രസംഗിച്ചിരുന്നതായി സാക്ഷികൾ കോടതിയിൽ മൊഴി നൽകി. ഇയാളുടെ ഉപദേശങ്ങളെ എതിർത്തവരെ മർദിച്ച് കൊലപ്പെടുത്തിയതായും 191 പേരുടെ കൊലപാതകക്കേസിലെ വിചാരണയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, മരിച്ചവർ സ്വന്തം ഇഷ്ടപ്രകാരമാണ് ഉപവസിച്ചതെന്നായിരുന്നു പ്രതികളുടെ വാദം.
കുട്ടികളോടുള്ള ക്രൂരത, മർദനത്തിലൂടെ ശാരീരിക പരുക്കേൽപ്പിക്കൽ, സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളിത്തം, തീവ്രവാദവൽക്കരണം, ഭീകരാക്രമണത്തിന് സഹായം നൽകൽ, ഭീകരവിരുദ്ധ നിയമപ്രകാരം കുറ്റകൃത്യവുമായി ബന്ധപ്പെട്ട വസ്തു കൈവശംവയ്ക്കൽ തുടങ്ങിയ കുറ്റങ്ങളിലും ഈ ആഴ്ച മക്കെൻസി കുറ്റക്കാരനായി കണ്ടെത്തപ്പെട്ടിരുന്നു.
2003-ലാണ് മക്കെൻസി ഗുഡ് ന്യൂസ് ഇന്റർനാഷണൽ മിനിസ്ട്രീസ് എന്ന പേരിൽ മതസംഘടന ആരംഭിച്ചത്. അടുത്ത 16 വർഷത്തിനിടെ കെനിയയുടെ വിവിധ ഭാഗങ്ങളിൽ ശാഖകളുള്ള ആയിരക്കണക്കിന് അനുയായികളുള്ള പ്രസ്ഥാനമായി ഇത് വളർന്നു. മലിന്ദി എന്ന വിനോദസഞ്ചാര നഗരത്തിലെ പള്ളിയിൽനിന്നുള്ള ഇയാളുടെ പ്രസംഗങ്ങൾ ടൈംസ് ടിവി എന്ന ചാനൽ സംപ്രേഷണം ചെയ്തിരുന്നു.
ലോകാവസാനത്തെക്കുറിച്ചുള്ള പ്രസംഗങ്ങളിൽ വിദ്യാഭ്യാസത്തെ തിന്മയായും ആരോഗ്യപരിചരണത്തെ മതവിശ്വാസത്തിന് വിരുദ്ധമായും ഡിജിറ്റൽ തിരിച്ചറിയൽ കാർഡുകളെ പിശാചിന്റെ അടയാളമായും മക്കെൻസി വിശേഷിപ്പിച്ചിരുന്നു. 2019-ൽ പ്രധാന പള്ളി അടച്ചുപൂട്ടിയതോടെ ഇയാൾ ഷക്കഹോള വനത്തിലേക്ക് താമസം മാറ്റുകയും അനുയായികളോട് അവിടേക്ക് എത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തു. വനത്തിനുള്ളിൽ ചിതറിക്കിടക്കുന്ന ചെളികൊണ്ടുള്ള വീടുകളിലായിരുന്നു അനുയായികൾ താമസിച്ചിരുന്നത്.
രക്ഷപ്പെട്ടവരിൽ ഒരാളായ പീറ്റർ ശുക്രാനി തന്റെ അനുഭവം പങ്കുവച്ചിരുന്നു. ഏതാനും ദിവസങ്ങൾ ഉപവസിച്ചശേഷം ചെറിയ അളവിൽ ഭക്ഷണം കഴിച്ച് സാധാരണ ജീവിതം നയിച്ചിരുന്നതായാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് അസുഖബാധിതനായതിനെത്തുടർന്നാണ് രക്ഷപ്പെടാനായത്.
കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതിനു പിന്നാലെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുക്കാൻ പ്രദേശവാസികളായ തൊഴിലാളികളെ നിയോഗിച്ചിരുന്നു. ഒരു കുഴിമാടത്തിൽ കുറഞ്ഞത് മൂന്ന് മൃതദേഹങ്ങളെങ്കിലും കണ്ടെത്തിയിരുന്നതായി ജെയിംസ് എന്ന തൊഴിലാളി ബിബിസിയോട് പറഞ്ഞു. ഏതാനും ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു.
ഒരു കുഴിമാടത്തിനുള്ളിൽ നിരനിരയായി അടുക്കിവച്ച നിലയിൽ 12 കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ അനുഭവവും തൊഴിലാളികൾ വിവരിച്ചു. ചില കുട്ടികളുടെ കൈകാലുകൾ കെട്ടിയ നിലയിലായിരുന്നുവെന്നും മൃതദേഹങ്ങൾ ബെഡ്ഷീറ്റുകളിൽ പൊതിഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ പ്രകാരം മരിച്ചവരിൽ പലരും പട്ടിണി മൂലമാണ് മരിച്ചത്. മറ്റു ചിലരുടെ മൃതദേഹങ്ങൾ അസ്ഥികൂടങ്ങളായി മാറിയിരുന്നതിനാൽ മരണകാരണം കണ്ടെത്താനായില്ല.
മക്കെൻസിയുടെ മതസംഘടനയിൽപ്പെട്ട് തന്റെ ആറു മക്കളെയും നഷ്ടപ്പെട്ടതായി 48-കാരനായ സ്റ്റീഫൻ മ്വിറ്റി പറഞ്ഞു. മക്കെൻസിക്കൊപ്പം കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ മ്വിറ്റിയുടെ മുൻഭാര്യയും ഉൾപ്പെടുന്നു. എല്ലാ പ്രതികളും കുറ്റക്കാരായി കണ്ടെത്തപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം കോടതിക്ക് പുറത്ത് പ്രതികരിച്ചു. ആറു മക്കളും ഷക്കഹോള വനത്തിലാണ് മരിച്ചതെന്നും മകൻ സാമുവലിന്റെ മൃതദേഹാവശിഷ്ടങ്ങൾ മാത്രമാണ് കണ്ടെത്തി സംസ്കരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
കെനിയയിൽ നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്ന മതസംഘടനകളുടെയും അവയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിലെ വീഴ്ചകളുടെയും ഗൗരവം ഈ സംഭവം പുറത്തുകൊണ്ടുവന്നു. ഇത്രയും കാലം ഇത്തരം കൂട്ടമരണങ്ങൾ തുടരാൻ എങ്ങനെ സാധിച്ചുവെന്ന ചോദ്യവും ഉയർന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രസിഡന്റ് വില്യം റൂട്ടോ അന്വേഷണ കമ്മിഷൻ രൂപീകരിച്ചിരുന്നെങ്കിലും പിന്നീട് ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.










