06:44pm 15 June 2026
NEWS
കേന്ദ്രീയ വിദ്യാലയങ്ങളിൽ സംസ്കൃതത്തിന് കുറഞ്ഞത് ഒരു ഡിവിഷനെങ്കിലും വേണമെന്ന് നിർദ്ദേശം
15/06/2026  04:23 PM IST
nila
കേന്ദ്രീയ വിദ്യാലയങ്ങളിൽ സംസ്കൃതത്തിന് കുറഞ്ഞത് ഒരു ഡിവിഷനെങ്കിലും വേണമെന്ന് നിർദ്ദേശം

ന്യൂഡൽഹി: രാജ്യത്തെ എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും 2026-27 അധ്യയന വർഷം മുതൽ ആറാം ക്ലാസിലും ഒൻപതാം ക്ലാസിലും സംസ്കൃതം മൂന്നാം ഭാഷയായി പഠിക്കുന്ന വിദ്യാർഥികൾക്കായി കുറഞ്ഞത് ഒരു ഡിവിഷനെങ്കിലും ഉറപ്പാക്കാൻ നിർദേശം. ത്രിഭാഷാ നയം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രീയ വിദ്യാലയ സംഗതൻ (കെവിഎസ്) പുതിയ സർക്കുലർ പുറത്തിറക്കിയത്.

മൂന്നാം ഭാഷ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം തേടാൻ സ്കൂൾ അധികൃതരോട് നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഒന്നാം ഭാഷയായി ഹിന്ദിയും രണ്ടാം ഭാഷയായി ഇംഗ്ലീഷും പഠിക്കുന്ന വിദ്യാർഥികൾക്ക് ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള ഭാഷകളിൽ നിന്ന് സംസ്കൃതമോ അതത് സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷയോ മൂന്നാം ഭാഷയായി തിരഞ്ഞെടുക്കാം.

ഒരേ ഭാഷ തിരഞ്ഞെടുക്കുന്ന വിദ്യാർഥികളെ ഒരേ ഡിവിഷനിൽ ഉൾപ്പെടുത്തി ക്ലാസുകൾ കാര്യക്ഷമമായി നടത്തണമെന്നാണ് മാർഗനിർദേശം. വിദ്യാർഥികൾക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെ കുട്ടികളുടെ പഠന സൗകര്യം പരിഗണിച്ച് എല്ലാ സ്കൂളുകളിലും സംസ്കൃതത്തിന് ഒരു ഡിവിഷൻ ലഭ്യമാക്കണമെന്നാണ് കെവിഎസിന്റെ നിലപാട്. അധ്യാപക വിന്യാസം ക്രമീകരിക്കുന്നതിനായി വിദ്യാർഥികൾ തിരഞ്ഞെടുത്ത മൂന്നാം ഭാഷയുടെ വിവരങ്ങൾ സമഗം പോർട്ടലിൽ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്.

ഒരു ഡിവിഷൻ മാത്രമുള്ള സ്കൂളുകളിൽ കുറഞ്ഞത് 15 വിദ്യാർഥികൾ വീതം ഉണ്ടായാൽ സംസ്കൃതത്തിനും പ്രാദേശിക ഭാഷയ്ക്കുമായി പ്രത്യേക ബാച്ചുകൾ ആരംഭിക്കാം. രണ്ട് ഡിവിഷനുകളുള്ള സ്കൂളുകളിൽ ഒരു ഡിവിഷൻ സംസ്കൃതത്തിനും മറ്റൊന്ന് പ്രാദേശിക ഭാഷയ്ക്കുമായി നീക്കിവയ്ക്കാം. മൂന്ന് ഡിവിഷനുകളോ അതിലധികമോ ഉള്ള സ്കൂളുകളിൽ വിദ്യാർഥികളുടെ തിരഞ്ഞെടുപ്പനുസരിച്ച് ക്രമീകരണം നടത്താനുള്ള അധികാരം പ്രിൻസിപ്പൽമാർക്കായിരിക്കും.

ഇതിനിടെ, ത്രിഭാഷാ നയത്തിന്റെ ഭാഗമായി ജൂലൈ 1 മുതൽ ഒൻപതാം ക്ലാസിൽ മൂന്ന് ഭാഷകൾ പഠിക്കുന്നത് നിർബന്ധമാക്കുന്ന തീരുമാനവും സിബിഎസ്ഇ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിൽ കുറഞ്ഞത് രണ്ട് ഭാഷകളെങ്കിലും ഇന്ത്യൻ ഭാഷകളായിരിക്കണമെന്നാണ് വ്യവസ്ഥ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img