03:12pm 22 September 2026
NEWS
മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയ്ക്ക് ഉപയോ​ഗിച്ചത് കേളചന്ദ്ര ലോജിസ്റ്റിക്സിന്റെ വിമാനം; ലക്ഷങ്ങൾ വിലയുള്ള ‘സൗജന്യ യാത്ര’യിൽ സർക്കാർ പ്രതിരോധത്തിൽ
22/09/2026  01:09 PM IST
nila
മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയ്ക്ക് ഉപയോ​ഗിച്ചത് കേളചന്ദ്ര ലോജിസ്റ്റിക്സിന്റെ വിമാനം; ലക്ഷങ്ങൾ വിലയുള്ള ‘സൗജന്യ യാത്ര’യിൽ സർക്കാർ പ്രതിരോധത്തിൽ

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ചാർട്ടേഡ് വിമാനയാത്ര പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറക്കുന്നു. മുഖ്യമന്ത്രിയുടെ വിമാന യാത്രയ്ക്ക് സംസ്ഥാന ഖജനാവിൽ നിന്ന് പണം ചെലവായിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം. എന്നാൽ സ്വകാര്യ കമ്പനിയുടെ വിമാനം സൗജന്യമായി ഉപയോഗിച്ചതിന് പിന്നിലെ താൽപര്യവും നടപടിക്രമങ്ങളും സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നതോടെ വിഷയം കൂടുതൽ വിവാദമാകുകയാണ്.

ബെംഗളൂരുവിൽ നിന്ന് പ്രത്യേകമായി എത്തിച്ച ചാർട്ടേഡ് വിമാനത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ മുഖ്യമന്ത്രി കരിപ്പൂരിലേക്ക് പോയത്. വൈകിട്ട് ആറരയോടെ അദ്ദേഹം തിരുവനന്തപുരത്ത് തിരിച്ചെത്തി. നാല് പേർക്ക് സഞ്ചരിക്കാവുന്ന എംബ്രയർ ഇ.എം.ബി-500 ഫേനം 100 വിഭാഗത്തിലുള്ള ചെറുവിമാനത്തിലായിരുന്നു യാത്ര. കോടികൾ വാടകയാകാവുന്ന സ്വകാര്യ വിമാനം ബെംഗളൂരു ആസ്ഥാനമായ കേളചന്ദ്ര ലോജിസ്റ്റിക്സിന്റെ വിമാനമാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഉപയോഗിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. 

കർണാടക ഊർജ്ജ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.ജെ. ജോർജിന്റെ കുടുംബത്തിന് ഉടമസ്ഥതയിലാണ് 'കേളചന്ദ്ര ലോജിസ്റ്റിക്സ്' എന്ന കമ്പനി. ​നിലവിൽ കെ.ജെ. ജോർജിന്റെ ഭാര്യ സുജ ജോർജ് എം.ഡിയായും മകൻ റാണ ജോർജ് ഡയറക്ടറായും പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് സമയബന്ധിതമായി യാത്രാവിമാനം ലഭ്യമാകാത്തതിനാലാണ് ചാർട്ടേഡ് വിമാനം ഉപയോഗിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

എന്നാൽ വിമാനത്തിന്റെ ചെലവ് ആരാണ് വഹിച്ചതെന്ന കാര്യത്തിലാണ് പ്രധാന ചർച്ച. സർക്കാരിന്റെ അഭ്യർഥന പരിഗണിച്ചാണ് വിമാന കമ്പനി സൗജന്യമായി സേവനം നൽകിയതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയില്ലെന്നും വിശദീകരണമുണ്ട്. 

ഇതിനിടെ, മുഖ്യമന്ത്രിയുടെ വിമാനയാത്രയെ സർക്കാർ നേരത്തെ എടുത്ത മറ്റൊരു തീരുമാനവുമായി ബന്ധിപ്പിച്ചും വിമർശനം ഉയരുന്നുണ്ട്. പോലീസ് ഹെലികോപ്റ്ററിന്റെ വാടകക്കരാർ കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചിരുന്നെങ്കിലും അത് പുതുക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് മലപ്പുറത്ത് ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായത്. ദുരിതബാധിത മേഖലകൾ നേരിട്ട് സന്ദർശിക്കാൻ മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തെ ആശ്രയിക്കുകയായിരുന്നു.

സാധാരണ ഇത്തരം ചാർട്ടേഡ് വിമാന സർവീസുകൾക്ക് വലിയ തുക ചെലവാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ ലാൻഡിങ്, പാർക്കിങ്, ടേക്ക് ഓഫ് തുടങ്ങിയ നിരക്കുകൾക്കായി മാത്രം ഏകദേശം ഒരു ലക്ഷം രൂപ വരെയാകാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിമാന വാടക കൂടി കണക്കിലെടുത്താൽ യാത്രച്ചെലവ് ഏകദേശം പത്ത് ലക്ഷം രൂപ വരെയാകാമെന്ന വാദവും ഉയർന്നിട്ടുണ്ട്.

സ്വകാര്യ കമ്പനിയുടെ സൗജന്യ സേവനം ഒരു ഭരണഘടനാപരമായ പദവിയിലുള്ള വ്യക്തി സ്വീകരിച്ചതിലെ നടപടിക്രമങ്ങളാണ് ഇപ്പോൾ പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്. ഖജനാവിൽ നിന്ന് പണം ചെലവായിട്ടില്ലെന്ന വാദം മാത്രം മതിയാകുമോ, സ്വകാര്യ സ്ഥാപനത്തിൽനിന്നുള്ള സൗജന്യ സേവനം സ്വീകരിക്കുന്നതിന് പ്രത്യേക അനുമതികളോ ചട്ടങ്ങളോ ബാധകമാണോ തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നു.

ഇടതുപക്ഷത്തുനിന്നും മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പരസ്യമായി രംഗത്തെത്തി. സ്വകാര്യ കമ്പനിയുടെ ചെലവിൽ മുഖ്യമന്ത്രി യാത്ര ചെയ്തത് ചട്ടലംഘനമാണെന്നാണ് വിമർശകരുടെ ആരോപണം.

വിമാനത്തിന് പിന്നിലെ സ്ഥാപനത്തിനും സർക്കാരിനും ഇടയിൽ എന്തെങ്കിലും താൽപര്യബന്ധമുണ്ടോയെന്ന ചോദ്യവും രാഷ്ട്രീയ എതിരാളികൾ ഉയർത്തുന്നുണ്ട്. ഭാവിയിൽ സ്വകാര്യ കമ്പനിക്ക് സർക്കാർ തലത്തിൽ എന്തെങ്കിലും ആനുകൂല്യം ലഭിക്കുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് ആവശ്യം.

മഴക്കെടുതി പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി സർക്കാർ സ്വീകരിക്കുന്ന സംവിധാനങ്ങളും ഹെലികോപ്റ്റർ കരാർ പുതുക്കാതിരുന്നതിന്റെ സാഹചര്യങ്ങളും ഇനി രാഷ്ട്രീയ ചർച്ചകളിൽ പ്രധാന വിഷയമാകും. ചാർട്ടേഡ് വിമാനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട രേഖകളും ചെലവ് സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നതോടെ വിവാദത്തിന്റെ അടുത്ത ഘട്ടം നിർണയിക്കപ്പെടും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img