
ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമെർ രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ രാജ്യത്തെ രാഷ്ട്രീയ രംഗത്ത് അനിശ്ചിതത്വം വർധിക്കുന്നു. സ്റ്റാമെർ തിങ്കളാഴ്ച രാജി പ്രഖ്യാപിക്കാനിടയുണ്ടെന്നും അതിനായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായും ബ്രിട്ടിഷ് മാധ്യമമായ ദി ഒബ്സർവർ റിപ്പോർട്ട് ചെയ്തു. മന്ത്രിമാർ, മുതിർന്ന ഉപദേശകർ, തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകൾക്കു ശേഷമാണ് സ്റ്റാമെർ രാജിയെക്കുറിച്ച് ഗൗരവമായി ആലോചിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലേബർ പാർട്ടിക്കുള്ളിലെ നേതൃത്വ പ്രതിസന്ധിയും ആഭ്യന്തര ഭിന്നതകളും സമീപകാലത്ത് രൂക്ഷമായതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
രാജിയെക്കുറിച്ചുള്ള അന്തിമ തീരുമാനത്തിന് മുമ്പ് ഔദ്യോഗിക വസതിയിൽ ഭാര്യയുമായി സ്റ്റാമെർ ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. തിങ്കളാഴ്ചയോടെ വിഷയത്തിൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഇതുസംബന്ധിച്ച് ഡൗണിങ് സ്ട്രീറ്റ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഇതിനിടെ, മേക്കർഫീൽഡ് ഉപതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി നേതാവ് ആൻഡി ബേൺഹാം നേടിയ വൻവിജയമാണ് സ്റ്റാമെറിനെതിരായ സമ്മർദം വർധിപ്പിച്ചതെന്നാണ് വിലയിരുത്തൽ. സ്റ്റാമെറിന് പകരം ബേൺഹാം ലേബർ പാർട്ടിയുടെ നേതൃത്വവും പ്രധാനമന്ത്രി സ്ഥാനവും ഏറ്റെടുക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും രാഷ്ട്രീയ വൃത്തങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാർട്ടിയിലെ നിരവധി എംപിമാരുടെ പിന്തുണയും ബേൺഹാമിനാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, നേരിടേണ്ടിവരുന്ന വെല്ലുവിളികളിൽ നിന്ന് പിന്മാറില്ലെന്നും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്നും സ്റ്റാമെർ പ്രതികരിച്ചിട്ടുണ്ട്.











