
കീർത്തിയുമായി ചേർന്ന് പ്രവർത്തിക്കാൻ ലഭിച്ച അവസരം വലിയ ശക്തിയാണെന്ന് യുണിസെഫ് ഇന്ത്യയുടെ പ്രതിനിധി സിന്തിയ മെക്കാഫ്രി
കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന യൂണിസെഫ് ഇന്ത്യയുടെ ഔദ്യോഗിക വക്താവായി ദേശീയ പുരസ്കാര ജേതാവായ നടി കീർത്തി സുരേഷിനെ നിയമിച്ചു. മാനസികാരോഗ്യം, ക്ഷേമം, ബാലസംരക്ഷണം തുടങ്ങിയ മേഖലകളിൽ ബോധവത്കരണ പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് കീർത്തിയെ തിരഞ്ഞെടുത്തിരിക്കുന്നത്. യുണിസെഫിന്റെ ഭാഗമാകുന്നത് അഭിമാനകരമാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. സമൂഹത്തിന്റെ പശ്ചാത്തലം എന്തുമാകട്ടെ, എല്ലാ കുട്ടികൾക്കും വളരാനും സന്തോഷകരമായ ജീവിതം നയിക്കാനുമുള്ള അവസരം ലഭിക്കണം എന്നതാണ് തന്റെ നിലപാടെന്നും അവർ പറഞ്ഞു. കുട്ടികളുടെ വികാര-സാമൂഹിക വളർച്ചയ്ക്ക് സ്നേഹപൂർണ്ണമായ പരിചരണം നിർണായകമാണെന്നും, ഈ സന്ദേശം കൂടുതൽ ആളുകളിൽ എത്തിക്കാൻ യുണിസെഫിനൊപ്പമുള്ള സഹകരണം സഹായകരമാകുമെന്നും താരം കൂട്ടിച്ചേർത്തു.
കീർത്തിയുമായി ചേർന്ന് പ്രവർത്തിക്കാൻ ലഭിച്ച അവസരം വലിയ ശക്തിയാണെന്ന് യുണിസെഫ് ഇന്ത്യയുടെ പ്രതിനിധി സിന്തിയ മെക്കാഫ്രിയും അഭിപ്രായപ്പെട്ടു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുടനീളം വലിയ ആരാധക പിന്തുണ നേടിയ കീർത്തിയുടെ സാന്നിധ്യം കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ക്യാമ്പെയിനുകൾക്ക് കൂടുതൽ സ്വാധീനം നൽകുമെന്നാണ് വിലയിരുത്തൽ.
‘ഉപ്പ് കർപ്പൂരം’ എന്ന സിനിമയാണ് കീർത്തിയുടേതായി അവസാനം തീയറ്ററുകളിലെത്തിയത്. നിലവിൽ തമിഴ് ചിത്രം ‘റിവോൾവർ റിറ്റ’യിൽ അഭിനയിക്കുകയാണ്. രാധിക ശരത്കുമാർ, സുനിൽ, റെഡിൻ കിങ്സ്ലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന . ചിത്രം നവംബർ 28-ന് റിലീസാകും.











