05:11am 22 April 2025
NEWS
ഗോസിപ്പുകൾക്ക് ചെവികൊടുക്കാത്ത കീർത്തി
14/03/2025  09:45 PM IST
അജയ്കുമാർ
ഗോസിപ്പുകൾക്ക് ചെവികൊടുക്കാത്ത കീർത്തി

10 വർഷത്തെ പ്രണയത്തിന് വിവാഹ സാക്ഷാത്ക്കാരം നൽകിയിരിക്കുകയാണ്. കീർത്തി സുരേഷും ആന്റണി തട്ടിലും. അതുപോലെ കീർത്തിയുടെ മാതാപിതാക്കളായ സിനിമാ നിർമ്മാതാവ് സുരേഷ് കുമാറും നടി മേനകയും പഴയകാലത്തെ പ്രണയ ജോഡികളായിരുന്നു. കീർത്തിയുടെ വ്യക്തിജീവിതവും സിനിമാ ജീവിതവും ഇവിടെ അനാവരണം ചെയ്യുന്നു..

കീർത്തിയുടെ അച്ഛൻ നിർമ്മിച്ച സിനിമയിലൂടെയാണ് പ്രിയദർശൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. നിങ്ങൾ പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയിലൂടെ നായികയായി അരങ്ങേറ്റം നടത്തി. ആദ്യസിനിമ തന്നെ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ. അതും ഇരട്ടവേഷത്തിൽ. അത് എത്രമാത്രം വെല്ലുവിളിയായിരുന്നു...?

അച്ഛനോട് പ്രിയൻ അങ്കിൾ അടുത്ത സിനിമയ്ക്കായി ഒരു പെൺകുട്ടിയെ മനസ്സിൽ കണ്ടുവെച്ചിട്ടുണ്ട്. പക്ഷേ അവളുടെ അച്ഛൻ ആ കുട്ടിയെ അഭിനയിക്കാൻ സമ്മതിക്കില്ല, എന്തുചെയ്യണമെന്ന് അറിഞ്ഞുകൂടാ എന്ന് പറയുകയുണ്ടായി. ഉടനെ അച്ഛൻ ആരാണത് ഞാൻ സംസാരിക്കാം എന്നുപറഞ്ഞു. പ്രിയനങ്കിൾ 'നീ തന്നെയാണെടാ അത്' എന്ന് പറഞ്ഞപ്പോൾ അച്ഛൻ വാവിട്ടുചിരിച്ചു. ഇങ്ങനെയാണ് തുടക്കം. ഞാൻ പഠനം പൂർത്തിയാക്കണം എന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. പ്രിയനങ്കിൾ പറഞ്ഞതോടെ അച്ഛന്റെ ആ ചിന്ത മാറി. ആ സമയത്ത് ഞാൻ ലണ്ടനിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അച്ഛൻ എന്നോട് 'നീ സിനിമയിൽ അഭിനയിക്കാൻ പോവുകയാണ്. പ്രിയനാണ് സംവിധായകൻ. മോഹൻലാൽ ഹീറോ.. നിനക്ക് ഡബിൾ റോളാണ് എന്നുപറഞ്ഞു. ചെറുപ്പം മുതലേ അഭിനയിക്കണം എന്ന മോഹം ഉണ്ടായിരുന്നുവെങ്കിലും, പ്രിയൻ അങ്കിളിന്റെ സിനിമയിൽ ലാൽ അങ്കിളിനൊപ്പം അതും ഡബിൾ റോളിൽ എന്ന് പറഞ്ഞപ്പോൾ എനിക്ക് പേടിയായി. തുടക്കത്തിലെ പത്തുദിവസം ഞാൻ വളരെയധികം ഭയത്തിലായിരുന്നു. പിന്നെ കുറേശ്ശേ കുറേശ്ശേ നോർമലായി. ആദ്യസിനിമയിൽ തന്നെ ഡബിൾറോളിൽ അഭിനയിക്കുക എന്നത് കടുത്ത വെല്ലുവിളി തന്നെയായിരുന്നു. അതിനേക്കാളുപരി ഇത്രയും വലിയ അവസരം എത്രപേർക്ക് ലഭിക്കും എന്ന് ആലോചിക്കുമ്പോൾ ഞാൻ ഭാഗ്യവതിയാണ്.

പ്രിയൻ അങ്കിൾ എന്റെ അഭിനയം നന്നായിട്ടില്ല എന്ന് പത്തുതവണ പറയും. നന്നായിട്ടുണ്ട് എന്ന് ഒരു തവണമാത്രമേ പറയൂ. പത്തുദിവസത്തിനുശേഷം എന്റെ റിയാക്ഷൻ ഒരെണ്ണം കണ്ടിട്ട് ചിരിച്ചു. ആ ചിരിയുടെ അർത്ഥം നന്നായിട്ടുണ്ട് എന്നാണ്. അതാണ് എനിക്ക്  ആത്മവിശ്വാസം നൽകിയത്. എന്റെ ഗുരു പ്രിയൻ അങ്കിളാണ്. അദ്ദേഹത്തിന്റെ അഭിനയം നമ്മുടെ അഭിനയത്തേയും ഭംഗിയുള്ളതാക്കും. ആദ്യത്തെ സിനിമ എപ്പോഴും സ്‌പെഷ്യൽ തന്നെയാണ്.

ദിലീപിനൊപ്പം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. റിംഗ് മാസ്റ്ററിൽ ദിലീപിന്റെ ഗേൾ ഫ്രണ്ടായും അഭിനയിച്ചിട്ടുണ്ട്... ഇങ്ങനെ അഭിനയിക്കാൻ വേണ്ടി തീരുമാനമെടുക്കാൻ ഏറെ ചിന്തിക്കേണ്ടി വന്നിരുന്നുവോ...?

അത്രയധികം ചിന്തിച്ചൊന്നുമില്ല. ചെറുപ്പം മുതലേ അദ്ദേഹത്തെ നന്നായി അറിയാം. ഞാൻ ബാല്യത്തിൽ നിന്നും വളർന്നു എന്നല്ലാതെ അദ്ദേഹത്തിന് മാറ്റമൊന്നുമുണ്ടായിരുന്നില്ല. റിംഗ് മാസ്റ്ററിൽ ഞാനാണ് അദ്ദേഹത്തിന്റെ ഗേൾഫ്രണ്ട് എന്ന് അറിഞ്ഞയുടൻതന്നെ അദ്ദേഹം എനിക്ക് ഫോൺ ചെയ്ത് കീർത്തി ചെറുപ്പത്തിലെ ഓർമ്മ വെച്ച് എന്നെ അങ്കിളേ എന്നൊന്നും ദയവ് ചെയ്ത് വിളിക്കരുത്, ചേട്ടാ എന്നേ വിളിക്കാവൂ എന്ന് പറഞ്ഞു. 'ഓക്കെ ചേട്ടാ' എന്നുപറഞ്ഞു. റിംഗ് മാസ്റ്റർ വളരെ ജോളിയായ സെറ്റായിരുന്നു. എന്റെ ആദ്യത്തെ ഹിറ്റ് പടവും അതാണ്.'

അഭിനയരംഗം തെരഞ്ഞെടുത്തവേളയിൽ കീർത്തിക്ക് അമ്മ നൽകിയ ആദ്യത്തെ ഉപദേശം എന്തായിരുന്നു?

 ആദ്യത്തെ സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ തന്ന ആദ്യത്തെ ഉപദേശം കൃത്യനിഷ്ഠ പാലിക്കണം എന്നായിരുന്നു. സെറ്റിൽ കൃത്യസമയത്ത് എത്തണം. സെറ്റിലുള്ള കൊച്ചുപയ്യന്മാർ മുതൽ ഡയറക്ടർ വരെ എല്ലാവരേയും ഒരുപോലെ ബഹുമാനിക്കണം. നീ അഭിനയിച്ചില്ലെങ്കിലും തരക്കേടില്ല. ഈ രണ്ട് കാര്യങ്ങളും ശ്രദ്ധിച്ച് മര്യാദയ്ക്ക് ചെയ്യണം എന്നുപറഞ്ഞു. എന്റെ അച്ഛൻ 'ഞാൻ സിനിമയിൽ ഒരു നല്ല പേര് സമ്പാദിച്ചുവെച്ചിട്ടുണ്ട്. അത് കാത്ത് സൂക്ഷിക്കണം' എന്നുപറഞ്ഞു. എന്റെ വീട്ടിലുള്ള എല്ലാവരും സ്ട്രിക്റ്റായ ക്രിട്ടിക്കുകളാണ്. അത്ര പെട്ടെന്നൊന്നും അഭിനന്ദിക്കുകയില്ല. 'മഹാനടി' സിനിമയുടെ പ്രിവ്യൂ കണ്ടിട്ട് 'നന്നായിട്ടുണ്ട്' എന്നുപറഞ്ഞു. എങ്കിലും അവർക്ക് ചെറിയ ഒരു സംശയം ഉണ്ടായിരുന്നു. അടുത്ത ദിവസം സിനിമ റിലീസായി നല്ല വരവേൽപ്പ് കിട്ടി. അപ്പോഴാണ് എനിക്ക് അഭിനയിക്കാൻ അറിയാം എന്ന് അവർ മനസ്സിലാക്കിയത്. പുറത്തുള്ളവർ അഭിനന്ദിക്കുന്നതും, സിനിമയുടെ വിജയം ജനം ആഘോഷമാക്കി കൊണ്ടാടിയതുമൊക്കെ കണ്ട് അവർ വളരെയധികം സന്തോഷിച്ചു. അച്ഛൻ അമ്മ എന്നിവരേക്കാൾ എന്റെ ചേച്ചിയുടെ അഭിനന്ദനം കിട്ടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അവരൊക്കെ ഇങ്ങനെയായതുകൊണ്ട് എനിക്കും അവരുടെ അഭിനന്ദനവും അംഗീകാരവും നേടണം. അവരുടെ മുന്നിൽ തന്റെ കഴിവ് തെളിയിച്ചുകാണിക്കണം എന്ന് വാശി തോന്നും. അതുതന്നെയാണ് എന്നെ മുന്നോട്ട് നയിക്കുന്നത് എന്നും എനിക്ക് തോന്നുന്നു.

ചേച്ചി രേവതിക്ക് സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടല്ലോ? ചേച്ചിയുടെ സംവിധാനത്തിൽ കീർത്തി അഭിനയിക്കുമെന്ന് പ്രതീക്ഷിക്കാമോ?

ചേച്ചി ഒരു സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞു. അടുത്തകാലത്ത് 'താങ്ക് യൂ' എന്ന ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു. അച്ഛൻ അതിൽ അഭിനയിക്കയും ചെയ്തിരുന്നു. അമ്മയും ഒരു ചെറിയ കഥാപാത്രം ചെയ്തു. ചെറുപ്പം മുതൽ തന്നെ എനിക്ക് അഭിനയത്തിലും ചേച്ചിക്ക് ഡയറക്ഷനിലും താൽപ്പര്യമുണ്ടായിരുന്നു. അതുകൊണ്ട് ചേച്ചി വിഷ്വൽ കമ്മ്യൂണിക്കേഷൻസാണ് പഠിച്ചത്. ഏറെക്കാലം പ്രിയൻ അങ്കിളിനൊപ്പം അസിസ്റ്റന്റായി ജോലി ചെയ്തു. ഞങ്ങൾ രണ്ടുപേർക്കും അദ്ദേഹമാണ് ഗുരുനാഥൻ. അടുത്തുതന്നെ ചേച്ചി ഒരു സിനിമ സംവിധാനം ചെയ്യും. എന്റെ കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്ന ആളാണ് ചേച്ചി. അവരുടെ സംവിധാനത്തിൽ ഞാൻ അഭിനയിച്ചാൽ എന്റെ ഗതി എന്താവും ? എന്നിരുന്നാലും ആ വെല്ലുവിളി നേരിടാൻ അവരുടെ സംവിധാനത്തിൽ അഭിനയിക്കാൻ ഞാൻ കാത്തിരിക്കയാണ്.

ഗോസിപ്പുകളെ കീർത്തി എങ്ങനെയാണ് നേരിടുന്നത്...?

എന്റെ കരിയറിന്റെ തുടക്കം മുതൽതന്നെ ഞാൻ രണ്ട് കാര്യങ്ങളിൽ ഫോളോ ചെയ്യുന്നുണ്ട്. ഒന്ന് ആര് നല്ല കാര്യം ചെയ്താലും നല്ല സിനിമ ചെയ്താലും അവരെ അഭിനന്ദിക്കണം, പ്രോത്സാഹിപ്പിക്കണം. മറ്റൊന്ന് നമുക്ക് നേരെയുള്ള വിമർശനങ്ങൾ ന്യായമായിട്ടുള്ളതാണെങ്കിൽ അത് കണക്കിലെടുക്കണം. ഇത് എപ്പോഴും ഞാൻ പാലിക്കും. സിനിമയെക്കുറിച്ചുള്ള വിമർശനങ്ങൾക്കപ്പുറം സ്വകാര്യജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ആവശ്യമില്ലാത്ത കാര്യങ്ങൾ കേട്ടാൽ അത് വലത്തേ ചെവിയിൽ വാങ്ങി ഇടത്തേ ചെവിയിലൂടെ പുറത്തുവിട്ട് ഞാൻ എന്റെപണി നോക്കി മുമ്പോട്ടുപൊയ്‌ക്കൊണ്ടേയിരിക്കും. ഗോസിപ്പുകൾക്ക് മറുപടി പറയേണ്ട ആവശ്യമില്ല.

അജയ്കുമാർ

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.