11:28pm 08 May 2026
NEWS
ഹോർമുസ് കടലിടുക്ക് തുറന്നു സൂക്ഷിക്കേണ്ടത് അന്താരാഷ്ട്ര ഉത്തരവാദിത്തം: ശൈഖ ആലിയ
08/05/2026  01:15 PM IST
nila
ഹോർമുസ് കടലിടുക്ക് തുറന്നു സൂക്ഷിക്കേണ്ടത് അന്താരാഷ്ട്ര ഉത്തരവാദിത്തം: ശൈഖ ആലിയ

ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരുന്നത് ഉറപ്പാക്കേണ്ടത് ആഗോള സമൂഹത്തിന്റെ പങ്കിട്ട ഉത്തരവാദിത്തമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽ താനി. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സുരക്ഷാ കൗൺസിൽ പ്രമേയത്തിന്മേൽ നടന്ന മാധ്യമ ബ്രീഫിംഗിൽ സംസാരിക്കുകയായിരുന്നു അവർ.കഴിഞ്ഞ മാർച്ചിൽ ഹോർമുസ് കടലിടുക്ക് അടച്ചതുമൂലം ഗൾഫ് രാജ്യങ്ങൾക്കും ലോകമെമ്പാടും വൻ സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ഉണ്ടായതെന്ന് ശൈഖ ആലിയ ചൂണ്ടിക്കാട്ടി.
ലോകത്തിലെ എണ്ണ, ദ്രവീകൃത പ്രകൃതിവാതക (LNG) വ്യാപാരത്തിന്റെ 20 ശതമാനത്തോളം നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്.ഊർജ്ജ വിപണിയിലെ അനിശ്ചിതത്വം, സപ്ലൈ ചെയിൻ തടസ്സങ്ങൾ എന്നിവയ്ക്ക് പുറമെ ഇരുപതിനായിരത്തിലധികം നാവികർ കടലിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണുള്ളത്.
പ്രാദേശികമായ ഒരു പ്രശ്നമെന്നതിലുപരി ഊർജ്ജ മേഖലയെയും കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങളെയും ബാധിക്കുന്നതിലൂടെ ഇതൊരു ആഗോള പ്രതിസന്ധിയായി മാറിയെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. ഇത് ആഗോള സാമ്പത്തിക സുസ്ഥിരതയെയും ഊർജ്ജ സുരക്ഷയെയും തകർക്കുന്നതിനൊപ്പം അന്താരാഷ്ട്ര സമാധാനത്തിന് തന്നെ ഭീഷണിയാണെന്നും അവർ പറഞ്ഞു.കടലിടുക്കിലൂടെയുള്ള സ്വതന്ത്ര ഗതാഗതം ഉറപ്പാക്കുന്നത് യുഎൻ കൺവെൻഷൻ ഓഫ് ലോ ഓഫ് ദ സീ (UNCLOS), സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ (552, 2817) എന്നിവ പ്രകാരം നിർബന്ധിതമാണെന്നും അവർ ഓർമ്മിപ്പിച്ചു.
​സമുദ്രപാതകളുടെ സംരക്ഷണത്തിനും ഗതാഗത സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സുരക്ഷാ കൗൺസിൽ പ്രമേയത്തിന് പിന്തുണ തേടുന്നതിനായി ഖത്തർ മറ്റ് അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ശൈഖ ആലിയ വ്യക്തമാക്കി. യുഎസ്, ബഹ്‌റൈൻ, യുഎഇ, സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ സ്ഥിരം പ്രതിനിധികളും ബ്രീഫിംഗിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img