04:28pm 21 May 2024
NEWS
അനാഥരായ അമ്മമാർക്ക്‌ മകനായി മാറിയ പത്തനാപുരം ഗാന്ധിഭവന്റെ സ്ഥാപകൻ പുനലൂർ സോമരാജൻ എന്ന കരുതലിന്റെ കാവലാൾ
24/07/2022  06:50 PM IST
എസ്.പി.ജെ
അനാഥരായ അമ്മമാർക്ക്‌ മകനായി മാറിയ പത്തനാപുരം ഗാന്ധിഭവന്റെ സ്ഥാപകൻ പുനലൂർ സോമരാജൻ എന്ന കരുതലിന്റെ കാവലാൾ
HIGHLIGHTS

തിരിമുറിയാതെ പെയ്യുന്ന കർക്കിടകത്തിലെ മങ്ങിയ നിലാവെട്ടത്തിൽ അമ്മയുടെ കുഴിമാടം നോക്കി അവൻ വിങ്ങിപ്പൊട്ടി. അമ്മയെ മറവ് ചെയ്തിട്ട് നേരമേറെ ആയിട്ടില്ല. പെയ്തിറങ്ങുന്ന കർക്കിടകം കുഴിമാടത്തിനുള്ളിലേയ്ക്കിറങ്ങി അമ്മയെ ശ്വാസംമുട്ടിക്കുമോ എന്ന ആശങ്കയിൽ അവന്റെ നെഞ്ചകം അകിലായി പുകഞ്ഞു. അനാഥരായ അമ്മമാർക്ക് മകനായി മാറിയ പത്തനാപുരം ഗാന്ധിഭവന്റെ സ്ഥാപകനും, ചെയർമാനുമായ പുനലൂർ സോമരാജന്റെ പതിമൂന്നാമത്തെ വയസ്സിൽ നഷ്ടമായ അമ്മ ശാരദയെക്കുറിച്ചുള്ള ഓർമ്മയാണിത്.

അമ്മ ഉണ്ടായിരുന്നെങ്കിലും മാതൃസ്‌നേഹം മതിയാവോളം അനുഭവിച്ചിട്ടില്ലാത്ത ബാല്യമായിരുന്നു സോമരാജന്റേത്. കുടുംബത്തിലെ രണ്ടാംതലമുറയിലെ ആദ്യ ആൺകുട്ടിയായതിനാൽ അമ്മ രണ്ടാമത്തെ കുട്ടിക്ക് ജന്മം നൽകിയതോടെ അമ്മാവന്മാർ ആദ്യകുട്ടിയെ തറവാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകും. അതാണ് അന്നത്തെ നാട്ടുനടപ്പ്. അപ്പൂപ്പന്റെയും, അമ്മാവൻമാരുടെയും സ്‌നേഹസംരക്ഷണയിലാണ് തുടർന്നുള്ള ജീവിതം. എന്നാലും മാതൃസ്‌നേഹത്തിന് മറ്റൊന്നും പകരമാവുകയില്ലല്ലോ.. ആറുപ്രാവശ്യം പേറ്റുനോവറിഞ്ഞ അമ്മ പിന്നീട് അർബുദവുമായി മൽപ്പിടുത്തം തുടങ്ങിയത് അറിഞ്ഞതോടെ വിങ്ങിപ്പൊട്ടുന്ന മനസ്സുമായി അമ്മയ്ക്കരികിലെത്തി. പക്ഷേ അർബുദത്തിന്റെ നീറ്റലിൽ അമ്മയ്ക്ക് മകനെ ഉള്ളറിഞ്ഞ് സ്‌നേഹിക്കാനുമായില്ല. രണ്ട് വർഷത്തെ ചികിത്സയ്ക്കുശേഷം ആയാസപ്പെട്ട് ജീവശ്വാസെമടുക്കുന്ന അമ്മയുടെ ശ്വാസം എന്നേയ്ക്കുമായി നിലച്ചു. പകച്ചുനിൽക്കുന്ന കൂടെപ്പിറപ്പുകളുടെ കണ്ണീരൊപ്പി സോമരാജൻ അവർക്ക് അമ്മയായി. പ്രീഡിഗ്രി പഠനകാലയളവിൽതന്നെ പാരലൽ കോളേജുകളിൽ അദ്ധ്യാപകനായി അവിടെ നിന്നും ലഭിക്കുന്ന വരുമാനം കൂടപ്പിറപ്പുകൾക്ക് അല്ലലില്ലാതെ ജീവിക്കാനായി മാറ്റിവച്ചു. അവരുടെ സന്തോഷത്തിൽ സോമരാജൻ സന്തോഷം കണ്ടെത്തി.

നേതൃത്വനിരയിലേയ്ക്ക്....
നേതൃത്വം ഏറ്റെടുക്കാൻ സോമരാജന് താൽപ്പര്യം തോന്നിയതിന്റെ പിന്നിലുമുണ്ട് ഒരു സംഭവം. അദ്ദേഹത്തിന്റെ അച്ഛൻ ചെല്ലപ്പൻ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാദേശിക നേതാവായിരുന്നു. പാർട്ടിയുടെ വാർഷിക സമ്മേളനത്തിന്റെ പടുകൂറ്റൻ റാലിയിൽ അരിവാളുമേന്തി തലേക്കെട്ടുമായി നിൽക്കുന്ന കർഷകന്റെ വേഷം കെട്ടാൻ കൊണ്ടുപോയത് കുട്ടിയായ സോമരാജനെയാണ്. ചുവന്ന തോരണം കെട്ടി അലങ്കരിച്ച കാളവണ്ടിയിൽ അഭിമാനപൂർവ്വം സോമരാജൻ അരിവാളും പിടിച്ചുനിന്നു. പിറകിൽ പ്രിയനേതാക്കന്മാരായ ഇ.എം.എസ്, അച്യുതമേനോൻ, ഉണ്ണിരാജ എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി നയിച്ചുവരുന്നു. അണിയണിയായി നീങ്ങുന്ന പാർട്ടിപ്രവർത്തകർ. നേതാക്കന്മാർക്കും പാർട്ടിപ്രവർത്തകർക്കും മുമ്പേ നടന്നവനാണ് 'ഞാൻ' എന്ന ഭാവമാണ് സോമരാജന്റെ നേതൃത്വവാസനയെ വളർത്തിയത്. വർഷങ്ങൾക്കുശേഷം പൊതുപ്രവർത്തനത്തിൽ താൽപ്പര്യമായി. മറ്റുള്ളവരെ സഹായിക്കുന്നതിലാണ് സംതൃപ്തി കണ്ടെത്തിയിരുന്നത്. ഇതിനായി സമയവും, സമ്പത്തും ഏറെ വിനിയോഗിച്ചു. കുട്ടികളെ സംഘടിപ്പിച്ച് നാട്ടിൽ ആകാശവാണിയുടെ ബാലലോകം റേഡിയോ ക്ലബ്ബ്, മദ്യവർജ്ജനസമിതി എന്നിവയൊക്കെ ആരംഭിച്ചു. റേഡിയോ ക്ലബ്ബിന്റെ സംസ്ഥാന സെക്രട്ടറിയായും, പുരോഗമനകലാസാഹിത്യ സംഘത്തിന്റെ താലൂക്ക് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ധാരാളം റേഡിയോ നാടകങ്ങളും, ബാലസാഹിത്യ കൃതികളും രചിച്ചു. മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിലും എഴുത്തുകാരനായി, കൊളംബോ സർവ്വകലാശാലയിൽ നിന്ന് ജീവകാരുണ്യത്തിൽ ഡോക്ടറേറ്റും നേടി.

ജീവകാരുണ്യ പ്രവർത്തനത്തിലേയ്ക്ക്..
അച്ഛൻ ചെല്ലപ്പൻ സർക്കാർ ജീവനക്കാരനായിരുന്നു. അദ്ദേഹം പൊതുപ്രവർത്തകൻ കൂടിയായിരുന്നു. അമ്മയുടെ മരണശേഷമാണ് അച്ഛൻ പൊതുപ്രവർത്തനത്തിൽ സജീവമാകുന്നത്. അമ്മയുടെ മരണം ഏൽപ്പിച്ച മാനസികസംഘർഷം കുറയ്ക്കാനുള്ള മാർഗ്ഗമായിരുന്നു അച്ഛന്റെ പൊതുപ്രവർത്തനം. വീട്ടിൽ സഹായം ചോദിച്ച് എത്തുന്ന ആരേയും വെറും കയ്യോടെ പറഞ്ഞയക്കില്ല. മക്കളോടൊപ്പം ഇരുത്തി അവർക്കും ഭക്ഷണം വിളമ്പും. അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരെ വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ട് വന്ന് കുളിപ്പിച്ച് താടിരോമവും തലമുടിയും നഖവുമൊക്കെ വെട്ടി മനുഷ്യരൂപത്തിലാക്കി ഭക്ഷണവും അൽപ്പം സാമ്പത്തിക സഹായമൊക്കെ നൽകിയാണ് അയയ്ക്കുന്നത്. അച്ഛന്റെ ഇത്തരം പ്രവൃത്തി മനസ്സിനെ സ്വാധീനിച്ചിട്ടുണ്ട്. കഷ്ടതയും അനാഥത്വവും അനുഭവിക്കുന്നവരെ സംരക്ഷിക്കണമെന്ന് അക്കാലത്ത് തോന്നിയിരുന്നെങ്കിലും അതിനുള്ള സാഹചര്യം അന്ന് ഉണ്ടായിരുന്നില്ല.

ഇടതുപക്ഷ സഹയാത്രികനായിരുന്നെങ്കിലും ഗാന്ധിയൻ ആശയങ്ങളോടും താൽപ്പര്യമായിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് യാത്രയ്ക്കിടയിലാണ് 85 വയസ്സുള്ള പാറുക്കുട്ടിയമ്മയെ നിലം പൊത്താറായ അവരുടെ കുടിലിന്റെ മുന്നിൽ വച്ച് കാണുന്നത്. നിവർന്നുനിൽക്കാൻ പോലും ത്രാണിയില്ലാത്ത അനാഥയായ അവരെ ഉപേക്ഷിച്ച് പോകാൻ മനസ്സാക്ഷി അനുവദിച്ചില്ല. അമ്മയുടെ ഓർമ്മകളാണ് അപ്പോൾ മനസ്സിൽ തെളിഞ്ഞത്. മറ്റൊന്നും ചിന്തിക്കാതെ 'എന്നോടൊപ്പം വരുന്നോ...' എന്നുള്ള ചോദ്യത്തിന് 'വരുന്നു' എന്ന് മറുപടി. പാറുക്കുട്ടിയമ്മയെ വീട്ടിൽ കൊണ്ടുവന്ന് 'അമ്മയായി' താമസിപ്പച്ചു. ഒരു വർഷത്തോളം പാറുക്കുട്ടിയമ്മ ഞങ്ങളോടൊപ്പം വീട്ടിൽ സന്തോഷമായി ജീവിച്ചു. ഏറെ താമസിക്കാതെ മറ്റൊരു അമ്മയും വീട്ടിലെത്തി. അവരേയും ഒപ്പം കൂട്ടി. ചെറിയ വീട്ടിൽ എല്ലാവർക്കും ഒന്നിച്ചുജീവിക്കാൻ ബുദ്ധിമുട്ടായതോടെ പത്തനാപുരത്ത് രണ്ട് മുറികൾ ഉള്ള ചെറിയ വാടകവീട്ടിൽ ഇവരെ താമസിപ്പിച്ചു. സ്റ്റേഷനറി വ്യാപാരത്തിലൂടെയായിരുന്നു ഇക്കാലത്ത് വീട്ടിലേയും രണ്ട് അമ്മമാരുടേയും ചെലവിനുള്ള തുക ലഭിച്ചിരുന്നത്. അറിഞ്ഞും കേട്ടും പല സ്ഥലങ്ങളിൽ നിന്നായി രണ്ടുവർഷം കൊണ്ട് നൂറ്റിഎൺപതോളം വ്യക്തികൾ അഭയസ്ഥാനം തേടിയെത്തി. ഇതിൽ അമ്മമാരുണ്ട് വൃദ്ധരുണ്ട്, രോഗികളുമുണ്ട്. ആരേയും ഒഴിവാക്കാൻ മനസ്സ് അനുവദിച്ചില്ല. പത്തനാപുരത്തുള്ള പല വാടക വീടുകളിലായി ഇവരെ പാർപ്പിച്ചു. വീണ്ടും വീണ്ടും ആൾക്കാർ അഭയസ്ഥാനം തേടി വന്നതോടെ സ്റ്റേഷനറി കടയും വീടും വസ്തുവും ഭാര്യ പ്രസന്നയുടെ തൊണ്ണൂറ് പവൻ സ്വർണ്ണാഭരണങ്ങളും വിറ്റ് പത്തനാപുരത്ത് കുണ്ടയം എന്ന സ്ഥലത്ത് സ്ഥലം വാങ്ങി താൽക്കാലിക ഷെഡുകൾ നിർമ്മിച്ച് ഇവിടേയ്ക്ക് ഇവരെ താമസിപ്പിച്ചു. തുടർന്നുള്ള സോമരാജന്റേയും കുടുംബത്തിന്റേയും ജീവിതം ഇവരോടൊപ്പമായി. ഇതായിരുന്നു ഗാന്ധിഭവന്റെ തുടക്കം. കേരളത്തിലെ ഏറ്റവും വലിയ അഗതിമന്ദിരമാണിത്. അഗതിമന്ദിരം എന്ന് ഗാന്ധിഭവനെ പറയാറില്ല. അതിഥിമന്ദിരം എന്നാണ് ഗാന്ധിഭവൻ അറിയപ്പെടുന്നത്.

ആയിരത്തി അഞ്ഞൂറോളം അന്തേവാസികൾ ഇപ്പോൾ ഗാന്ധിഭവൻ എന്ന സ്‌നേഹതീരത്ത് സ്വസ്ഥതയോടെ ജീവിതം കഴിച്ചുകൂട്ടുന്നു. ഇവിടെ എന്നും ഉത്സവപ്രതീതിയാണ്. സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷം ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണമാണുള്ളത്. പ്രഭാതത്തിൽ ചുക്കും, കുരുകുരുമുളകുമിട്ട കരുപ്പട്ടി കാപ്പിയിൽ തുടങ്ങി അത്താഴം വരെ 3 നേരവും സമൃദ്ധമായ ഭക്ഷണം. യന്ത്രസാമഗ്രികളാൽ പ്രവർത്തിക്കുന്ന ആധുനിക അടുക്കളയാണ് ഇപ്പോൾ ഗാന്ധിഭവനിലുള്ളത്. ഒരു നേരത്തെ ഭക്ഷണം അന്തേവാസികൾക്ക് നൽകാൻ ഏറെ പ്രയാസപ്പെട്ട കാലവും സോമരാജന്റെ ഓർമ്മയിലുണ്ട്. ഗാന്ധിഭവന്റെ തുടക്കക്കാലത്ത് അന്തേവാസികൾക്കുള്ള ഭക്ഷണവും, വസ്ത്രങ്ങളും സംഘടിപ്പിക്കുക എന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. അധികം വ്യക്തികളുെടയോ, സംഘടനകളുടെയോ സഹായം അന്നില്ല. സർവ്വ സ്വത്തുക്കളും വിറ്റാണ് ഗാന്ധിഭവന്റെ വസ്തു വാങ്ങിയത്. മറ്റ് വരുമാനമാർഗ്ഗങ്ങൾ ഒന്നുമില്ല. കടം ചോദിക്കാനും വാങ്ങാനും ആത്മാഭിമാനം അനുവദിച്ചില്ല. നാട്ടുകാരുടേയും സ്വന്തക്കാരുടേയും കളിയാക്കലുകളും, വിമർശനങ്ങളും നിഴൽപോലെ ഒപ്പമുണ്ട്. എങ്കിലും ഈശ്വരവിശ്വാസവും ആത്മവിശ്വാസവും മുന്നോട്ടുപോകാനുള്ള ഊർജ്ജമായി. അന്തേവാസികൾക്ക് പിറ്റേന്ന് ഭക്ഷണം നൽകാനായി ഒരു മണി അരിപോലും ഇല്ലാത്ത രാത്രിയിൽ എന്തു ചെയ്യണമെന്നറിയാതെ തളർന്നുകിടന്നു. നേരം വെളുക്കാതിരുന്നാൽ മതിയെന്ന് ഏറെ ആശിച്ച രാത്രി. ഒടുവിൽ തീരുമാനമായി, കുടുംബമായി ആത്മഹത്യ ചെയ്യുക. മറ്റൊരു മാർഗ്ഗവും അപ്പോൾ മുമ്പിലുണ്ടായിരുന്നില്ല. ഭാര്യയ്ക്കും സമ്മതം. വിഷം കഴിച്ച് മരിക്കാമെന്നായി അന്തിമതീരുമാനം. ആലോചനയും സംസാരവും പുലർച്ചെവരെ നീണ്ടു. ഇടയ്ക്ക് കോളിംഗ് ബെൽ ശബ്ദിച്ചെങ്കിലും വാതിൽ തുറന്നില്ല. ശല്യമായതോടെ കതക് തുറന്നു. രണ്ട് ചാക്ക് അരിയുമായി ഒരാൾ ഓട്ടോറിക്ഷയിൽ മുറ്റത്തുനിൽക്കുന്നു. പിടവൂർ പള്ളിയിലെ പുരോഹിതൻ ഫാദർ ചെറിയാൻ തലേന്ന് രാത്രി ഇവിടെയെത്തിക്കാൻ ഓട്ടോറിക്ഷക്കാരനെ ഏൽപ്പിച്ചതാണ്. ഈശ്വരൻ തക്കസമയത്ത് പ്രവർത്തിക്കും എന്നതാണ് ഇന്നേവരെയുളള അനുഭവം. പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഠഗഅ നായർ ഒരിക്കൽ ഗാന്ധിഭവൻ സന്ദർശിക്കുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു. മാത്രമല്ല അദ്ദേഹം ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയെ ഗാന്ധിഭവനിൽ എത്തിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി ഒരു ദിവസം യൂസഫലി ഗാന്ധിഭവനിലെത്തി. ഗാന്ധിഭവനിലെ അന്തേവാസികളെ അദ്ദേഹം കണ്ടു, സംസാരിച്ചു. ഏറെ സന്തോഷവാനായിരുന്നു യൂസഫലി. എല്ലാമാസവും നിശ്ചിത തുക അദ്ദേഹം ഗാന്ധിഭവനായി നൽകുന്നു. മാത്രവുമല്ല പതിനഞ്ച് കോടി രൂപ മുതൽമുടക്കിൽ ലുലു ഗ്രൂപ്പ് നേരിട്ട് നിർമ്മാണ പ്രവർത്തനം നടത്തുന്ന ബഹുനില കെട്ടിടവും ഇവിടെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ടഎഇ  ഗ്രൂപ്പ് ചെയർമാൻ കെ. മുരളീധരനാണ് ഗാന്ധിഭവനിലെ നാൽപ്പതോളം പെൺകുട്ടികളുടെ വിവാഹച്ചെലവ് വഹിച്ചത്. ഗാന്ധിഭവനോടൊപ്പം സഞ്ചരിക്കുന്ന നിരവധി പ്രമുഖരുണ്ട്. രാഷ്ട്രപതിയായിരുന്ന അബ്ദുൾ കലാം ഗാന്ധിഭവൻ സന്ദർശിക്കുകയും പിറ്റേന്ന് അദ്ദേഹത്തിന്റെ ഒരു മാസത്തെ ശമ്പളം സംഭാവനയായി അയച്ചുതരികയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗാന്ധിഭവനോടുള്ള താൽപ്പര്യവും അന്തേവാസികൾക്ക് തുണയായി. ഏഷ്യയിലെ ഏറ്റവും വലിയ 'മതേതര കുടുംബം' എന്ന പേരിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഗാന്ധിഭവൻ ഇടം നേടി. ഇന്ത്യൻ പ്രസിഡന്റിൽ നിന്നും കേന്ദ്ര സർക്കാരിന്റെ വിവിധ പുരസ്‌ക്കാരങ്ങൾ ഗാന്ധിഭവനെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം അവാർഡുകളും, അംഗീകാരങ്ങളും നേടിയ സ്ഥാപനത്തിനുള്ള പുരസ്‌ക്കാരവും ഗാന്ധിഭവന് ലഭിച്ചിട്ടുണ്ട്. ആയിരത്തി അഞ്ഞൂറോളം അന്തേവാസികളുള്ള ഗാന്ധിഭവനെ പത്ത് വാർഡുകളായി തരം തിരിച്ചാണ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നത്. ബൃഹത്തായ ലൈബ്രറി, അലോപ്പതിയിലും, ആയുർവ്വേദത്തിലും, ഹോമിയോപ്പതിയിലുമുള്ള ചികിത്സ, ഗാർഹിക പീഡനക്കേസുകൾക്ക് നിയമസഹായം, ഡി അഡിക്ഷൻ സെന്റർ, സാക്ഷരതാ പഠനകേന്ദ്രം, കൃഷിത്തോട്ടവും ഔഷധസസ്യക്കൃഷിയുമുണ്ട്. എഴുപതിലധികം പെൺകുട്ടികളുടെ വിവാഹവും നടത്തിയിട്ടുണ്ട്. ഗാന്ധിഭവൻ അന്തേവാസികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഒപ്പം സാമ്പത്തിക ബാധ്യതയും വർദ്ധിക്കുകയാണ്. ഗാന്ധിഭവൻ അഗതിമന്ദിരമല്ല. ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജിന്റെ നേരടയാളമാണിത്. അവനവന്റെ മാതാപിതാക്കൾ ഉള്ള കാലമാണ് ഓരോരുത്തരുടേയും ഏറ്റവും നല്ല സമയം. അവരുടെ കാലം കഴിഞ്ഞാൽ പിന്നീട് ആരൊക്കെയുണ്ടെന്ന് അവകാശപ്പെട്ടാലും അവരോളം വരില്ല ഒരാളും. ജീവിതം ഹ്രസ്വമായ യാത്രയാണ്. ആ യാത്രയിൽ ബാല്യവും, ഉറക്കവും, വാർദ്ധക്യവും കഴിഞ്ഞാൽ നമുക്ക് മുമ്പിൽ വളരെ കുറച്ച് സമയമേ ബാക്കിയുള്ളൂ. അത് പരസ്പരം സ്‌നേഹിക്കാനും മനസ്സിലാക്കാനും ഉള്ളതാവണം. അത് മാത്രമേ ജീവിതാന്ത്യത്തിൽ ബാക്കിയുണ്ടാവൂ. ഇന്നലെ മാതാപിതാക്കൾ വെന്തുരുകിയതിന്റെ ഫലമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന കുളിർമ്മ. ഇത് പുതിയ തലമുറ മനസ്സിലാക്കണം. ജന്മം നൽകിയവരെ എങ്ങനെ ഒഴിവാക്കാൻ കഴിയുന്നു എന്നത് ഇന്നും മനസ്സിലാവുന്നില്ല...

പൂവിൽ നിന്ന് സുഗന്ധത്തെ മാറ്റിനിർത്താനാവില്ല. അവ രണ്ടും അതിന്റെ ആരംഭം മുതലേ ലയിച്ചതും ഉൾച്ചേർന്നതുമാണ്. ഗാന്ധിഭവന്റെ ചരിത്രം ഡോ. പുനലൂർ സോമരാജന്റെ ജീവിതകഥയാണ്. അതിരില്ലാത്ത ആകാശവിശാലതയോളം ആത്മീയത ഇവിടുണ്ട്. കടലോളം കാരുണ്യവുമുണ്ട്. ഗാന്ധിഭവനിൽ ജാതിയില്ല... മതമില്ല... രാഷ്ട്രീയവുമില്ല... രക്തബന്ധത്തിന്റെ വേലിക്കെട്ടുകൾക്ക് അപ്പുറത്ത് വിശ്വസ്തതയുടേയും സ്‌നേഹത്തിന്റേയും പരസ്പര സ്‌നേഹത്തിന്റേയും മുത്തുകൾ കൊണ്ട് കോർത്തെടുത്ത മാസ്മരികമായ ബന്ധം സൃഷ്ടിക്കുകയാണ് ഗാന്ധിഭവൻ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MAHILARATNAM