01:47pm 13 November 2026
NEWS
കീം പ്രവേശന പരീക്ഷ: സുപ്രീം കോടതി ഇന്ന് നിർണായക വിധി പറയും
15/07/2025  09:01 AM IST
സുരേഷ് വണ്ടന്നൂർ
കീം പ്രവേശന പരീക്ഷ: സുപ്രീം കോടതി ഇന്ന് നിർണായക വിധി പറയും

ന്യൂഡൽഹി: ഈ അധ്യയന വർഷത്തെ എൻജിനിയറിങ് പ്രവേശനവുമായി ബന്ധപ്പെട്ട്, കീം പരീക്ഷാ ഫലത്തെ ചൊല്ലിയുള്ള സുപ്രീം കോടതിയുടെ തീരുമാനം ഇന്ന് വരും. കേരള ഹൈക്കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 12 കേരള സിലബസ് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.

ഹൈക്കോടതി വിധി സ്റ്റേ ചെയ്യുമോ എന്ന ആകാംഷയിലാണ് വിദ്യാർത്ഥികൾ. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഹാജരാകും. അതേസമയം, തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സി.ബി.എസ്.ഇ. വിദ്യാർത്ഥികൾ തടസ്സ ഹർജി സമർപ്പിച്ചിട്ടുണ്ട്.
കേരള സിലബസ് വിദ്യാർത്ഥികളുടെ ഹർജിയിൽ ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുന്നു. മാർക്ക് സമീകരണം സംബന്ധിച്ച റിവ്യൂ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പ്രോസ്‌പെക്ടസിൽ ഭേദഗതി വരുത്തിയത്. ഇത് മനസിലാക്കുന്നതിൽ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചെന്നും, ഹൈക്കോടതിയുടെ നടപടി സ്റ്റേ ചെയ്തില്ലെങ്കിൽ വലിയ നഷ്ടം ഉണ്ടാകുമെന്നും ഹർജിയിൽ പറയുന്നു.

പകുതി വില തട്ടിപ്പ്: സുപ്രീം കോടതി ഹർജി തള്ളി

പകുതി വില തട്ടിപ്പ് കേസിൽ പ്രതിസ്ഥാനത്ത് നിന്ന് ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി സി.എൻ. രാമചന്ദ്രൻ നായരെ ഒഴിവാക്കിയ ഹൈക്കോടതി നടപടിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. തട്ടിപ്പിനിരയായവരുടെ സംഘടനയായ 'ജ്വാല' ഉൾപ്പെടെ സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല. നിലവിലെ അന്വേഷണം തുടരാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img