
കീം റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളോട് കയർത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കീം റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ രീതിയാണ് അവലംബിച്ചതെന്ന് മന്ത്രി പറഞ്ഞു. എല്ലാ കുട്ടികൾക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടായിരുന്നു സർക്കാരിനെന്നും വ്യക്തമാക്കിയ മന്ത്രി മാധ്യമങ്ങളെ സിഐഡികളെന്നാണ് പരിഹസിച്ചത്. തുടർന്നും ചോദ്യങ്ങളുയർത്തിയപ്പോൾ വലിയ കോടതി ആവേണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞവർഷം കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് 35 മാർക്കിന്റെ കുറവുണ്ടായെന്നും അത് അനീതിയായിരുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരള സിലബസ് പഠിച്ചവർ മുഴുവൻ മാർക്ക് നേടിയാലും 35 മാർക്ക് കുറയുക എന്ന സ്ഥിതി മറികടക്കാൻ പല ഫോർമുലകളും പരിഗണിച്ചതിനുശേഷമാണ് ശാസ്ത്രീയ രീതി അവലംബിച്ചതെന്നും ബിന്ദു വ്യക്തമാക്കി.
‘‘കുട്ടികൾക്ക് നീതി ഉറപ്പാക്കാനാണ് മന്ത്രിസഭ അത്തരത്തിലൊരു തീരുമാനമെടുത്തത്. നിങ്ങളോട് എല്ലാം വിശദീകരിക്കേണ്ട ബാധ്യതയില്ല. നിങ്ങൾ വലിയ സിഐഡികൾ ആണല്ലോ. എല്ലാ വിദ്യാർഥികൾക്കും നീതി ലഭിക്കണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനുള്ളത്’’ – മാധ്യമ പ്രവർത്തകരെ വിമർശിച്ച് ബിന്ദു പറഞ്ഞു.
കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ മന്ത്രി തയാറായില്ല. ആവശ്യത്തിനു എല്ലാം പറഞ്ഞെന്ന് പ്രതികരിച്ച് പോകാൻ ശ്രമിച്ച മന്ത്രിയോട് കോടതി വിധിയുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ വലിയ കോടതി ആവേണ്ട എന്നായിരുന്നു ക്ഷുഭിതയായി ബിന്ദുവിന്റെ മറുപടി.











