10:30am 12 November 2026
NEWS
കെ സി ആർ വീണ്ടും പ്രക്ഷോഭരംഗത്തേക്ക് ;നാളെ ബി ആർ എസ്സിന്റെ നിർണ്ണായക യോഗം
18/12/2025  11:07 AM IST
വിഷ്ണുമംഗലം കുമാർ
കെ സി ആർ വീണ്ടും പ്രക്ഷോഭരംഗത്തേക്ക് ;നാളെ ബി ആർ എസ്സിന്റെ നിർണ്ണായക യോഗം

മുറിവേറ്റ സിംഹമാണ് മുൻ തെലങ്കാന മുഖ്യമന്ത്രി കെ സി ആർ എന്ന കെ സി ചന്ദ്രശേഖര റാവു. നിരന്തര പ്രക്ഷോഭത്തിലൂടെ ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം യാഥാർഥ്യമാക്കിയത് ഇദ്ദേഹമാണ്. 2014 ൽ തെലങ്കാന രൂപം കൊണ്ടതുമുതൽ ടി ആർ എസിന്റെ സർവ്വ സൈന്യാധിപനായ കെ സി ആർ ആയിരുന്നു മുഖ്യമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയിൽ എത്തുമ്പോൾ പോലും നേരിട്ട് കാണാൻ കെ സി ആർ കൂട്ടാക്കിയിരുന്നില്ല. ടിആർഎസ് ഭാരത് രാഷ്ട്ര സമിതി( ബിആർഎസ്) ആയി വികസിപ്പിച്ച് ദേശീയ നേതാവായി വളരാനും സാധിച്ചാൽ പ്രധാനമന്ത്രിയാകാനും  പരിശ്രമിക്കുന്നതിനിടയിലാണ് കെ സി ആർ കാലിടറി വീണത്. 2023 ൽ ബി ആർ എസ്സിനെ തോൽപ്പിച്ച് തെലങ്കാനയിൽ അധികാരം പിടിച്ചത് കോൺഗ്രസാണ്. ബിജെപിയും നില മെച്ചപ്പെടുത്തി. 119 അംഗ നിയമസഭയിൽ ബി ആർ എസ്സിന് 88 എംഎൽഎ മാരുണ്ടായിരുന്നത് 39 ആയി ചുരുങ്ങി. യുവ കോൺഗ്രസ്സ് നേതാവ് രേവന്ത് റെഡ്‌ഡിയാണ് മുഖ്യമന്ത്രിയായത്. അതിന് മുമ്പുതനെ കെസിആറിന്റ മകൾ കവിത ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായിരുന്നു. 2024 ലെ ലോകസഭാ ഇലക്ഷനിൽ കെ സി ആറിന്റെ തകർച്ച പൂർത്തിയായി. ഒരു സീറ്റിൽ പോലും അദ്ദേഹത്തിന്റെ പാർട്ടിക്ക് ജയിക്കാനായില്ല. ആകെയുള്ള 19 ൽ എട്ടുവീതം സീറ്റുകൾ കോൺഗ്രസ്സും ബിജെപിയും നേടിയപ്പോൾ ഒരു സീറ്റ് അസറുദ്ദീൻ ഉവൈസിയുടെ എഐ എം ഐ എം പിടിച്ചു.രേവന്ത് റെഡ്‌ഡി ഗവൺമെന്റ് കെ സി ആറിന്റെ ഭരണകാലത്തെ അഴിമതികൾ അന്വേഷിക്കാൻ ഉത്തരവിട്ടതും അദ്ദേഹത്തിന് തിരിച്ചടിയായി. മകൾ കവിത കെ സി ആറുമായി തെറ്റിപ്പിരിഞ്ഞു. കുറേക്കാലം രാഷ്ട്രീയ വനവാസത്തിലായിരുന്ന കെ സി ആർ തിരിച്ചുവന്ന് ജനകീയ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. തന്ത്രങ്ങൾ മെനയാനായി ബി ആർ എസ് എം എൽ എമാരുടെയും സംസ്ഥാന കമ്മിറ്റിയുടെയും സംയുക്ത യോഗം കെ സി ആർ നാളെ വിളിച്ചുചേർക്കുന്നുണ്ട്. ആന്ധ്രയുമായി നദീജലം പങ്കിടുന്നതിലെ അപാകതകൾ, ജലവിതരണ പദ്ധതികൾ വൈകുന്നത് തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രേവന്ത് റെഡ്‌ഡി ഗവണ്മെന്റിനെ ആഞ്ഞടിക്കാനാണ് കെ സി ആർ ഒരുങ്ങുന്നത്. " ആന്ധ്ര ഗവണ്മെന്റ് കൃഷ്ണ, ഗോദാവരി നദികളിലെ വെള്ളം തിരിച്ചുവിടുന്നത് തടയാൻ കോൺഗ്രസ്സ് ഗവണ്മെന്റിന് കഴിയുന്നില്ല. തെലങ്കാനയിലെ ആയിരക്കണക്കിന് കർഷകരെ പ്രതികൂലമായി ബാധിക്കുന്ന ഗൗരവ പ്രശ്നമാണിത്. കർഷകരെ അണിനിരത്തി രേവന്ത് റെഡ്‌ഡി ഗവണ്മെന്റിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കേണ്ടിയിരിക്കുന്നു " കെ സി ആർ അണികളെ ഉദ്ബോധിപ്പിച്ചു. വീണ്ടുമൊരു പോരാട്ടത്തിനാണ് പഴയ പടത്തലവൻ ഒരുമ്പെടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img