03:19am 09 August 2026
NEWS
കടല്‍ ക്ഷോഭത്തില്‍പെടുന്നവര്‍ക്കായുള്ള തിരച്ചില്‍ കാര്യക്ഷമമാക്കണം കെസിബിസി
07/08/2026  05:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കടല്‍ ക്ഷോഭത്തില്‍പെടുന്നവര്‍ക്കായുള്ള തിരച്ചില്‍ കാര്യക്ഷമമാക്കണം കെസിബിസി

കൊച്ചി: ജീവസന്ധാരണത്തിനായി കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ കടല്‍ക്ഷോഭത്തില്‍ പെടുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടത്തുവാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കണമെന്ന് കെസിബിസി, കേരള സര്‍ക്കാരിനോടാവശ്യപ്പെട്ടു. കേരളത്തിന്റെ തീരദേശങ്ങളില്‍ അധിവസിച്ച് മത്സ്യബന്ധനം ജീവനോപാധിയാക്കിയിട്ടുള്ള ലക്ഷക്കണക്കിന് മനുഷ്യര്‍ ഈ കാലവര്‍ഷത്തില്‍ ഭീതിയിലാണ് കഴിയുന്നത്. കടലില്‍ അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍, മുന്നറിയിപ്പു ലംഘിച്ചുവെന്ന ന്യായം പറഞ്ഞ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടുന്നത് അക്ഷന്തവ്യമായ അപരാധമാണ്.

കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിക്കുന്ന മത്സ്യതൊഴിലാളികള്‍ ഇപ്പോഴത്തെ പ്രളയത്തിലും സ്വന്തം താല്പര്യങ്ങള്‍ മാറ്റിവച്ച് രക്ഷാപ്രവര്‍ത്തനത്തിനായി ഓടി എത്തിയവരാണ്. പക്ഷേ അവരുടെ ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാവുമ്പോള്‍ മെല്ലെപ്പോക്കു നയമെടുക്കുന്നത് മനുഷ്യത്വരഹിതമാണ്. നീണ്ടകരയില്‍ ഗൗതമെന്ന വ്യക്തി അപകടത്തില്‍ പെട്ടിട്ട് 8 ദിവസമായിട്ടും വിവരമൊന്നുമില്ലാത്തത് പ്രതിഷേധാര്‍ഹമാണ്. അതുപോലെതന്നെ മുതലപ്പൊഴിയില്‍ ഷിജിനെന്ന മത്സ്യത്തൊഴിലാളിയെ കാണാതായിട്ടും തിരച്ചിലില്‍ പുരോഗതിയില്ല.

കോസ്റ്റ്ഗാര്‍ഡിനും, തീരദേശ പോലീസ് സ്റ്റേഷനുകള്‍ക്കും വിദഗ്ധ പരിശീലനം ലഭിച്ച വ്യക്തികളും ആവശ്യത്തിന് ആധുനിക ഉപകരണങ്ങളും അടിയന്തിരമായി ലഭ്യമാക്കണം. കടലില്‍ തിരച്ചിലിനും, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും കടലിനെ അറിയാവുന്ന മത്സ്യത്തൊഴിലാളികളുടെ സേവനവും പ്രയോജനപ്പെടുത്തണമെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ ആവശ്യപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img