12:15am 07 November 2026
NEWS
കെ.സി. വേണുഗോപാൽ കളത്തിലിറങ്ങി കളിതുടങ്ങി
07/06/2025  08:01 PM IST
അഡ്വ. എം. മനോഹരൻപിള്ള
കെ.സി. വേണുഗോപാൽ കളത്തിലിറങ്ങി കളിതുടങ്ങി

2024 ൽ കോൺഗ്രസിന്റെ സംഘടനാ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അജണ്ട കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനമായിരുന്നു. 2026 ൽ ചാർട്ടേഡ് ഫ്‌ളൈറ്റിൽ കേരളത്തിലേക്ക് പറന്നിറങ്ങുക. രാജ്ഭവനിലേക്ക് ജാഥയായി പോകുക. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. ഹരിപ്പാട്ടുനിന്നും രമേശ് ചെന്നിത്തലയുടെ എം.എൽ.എ സ്ഥാനം രാജിവയ്പ്പിക്കുക. ആ മണ്ഡലം ഏറ്റെടുക്കുക. 1989 മുതൽ കെ.സിയുടെ സ്വപ്നങ്ങൾ അതായിരുന്നു. രമേശ് ചെന്നിത്തല എം.പിയായി രാജിവച്ചപ്പോൾ 'ഐ' ഗ്രൂപ്പുകാർ നോമിനേറ്റു ചെയ്തപേര് അന്ന് കെ.എസ്.യു പ്രസിഡന്റായിരുന്ന കെ.സി. വേണുഗോപാലിന്റെ പേരായിരുന്നു.

പക്ഷേ 2024 ൽ കോൺഗ്രസിന്റെ എം.പി സ്ഥാനം നൂറുകടന്നില്ല. കെ.സിയുടെ കേന്ദ്രമന്ത്രിസ്ഥാനം രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനത്തോടൊപ്പം പൊലിഞ്ഞുപോയി. 2008 ൽ കെ.പി.സി.സി പ്രസിഡന്റായ രമേശ് ചെന്നിത്തല വീണ്ടും തിരിച്ചുവന്നു. 2011 ൽ ഹരിപ്പാട്ട് മത്സരിച്ച് രമേശ് വീണ്ടും എം.എൽ.എയായി. 2024 മുതൽ കെ.സിയുടെ സ്വപ്നം ഒരു മിസൈൽ പോലെ വീണ്ടും കേരളത്തിലേക്ക് പ്രവഹിച്ചു. രാഹുലുമായുള്ള കെ.സിയുടെ ചങ്ങാത്തം അടുത്തറിയാവുന്ന വടക്കേ ഇൻഡ്യൻ നേതാക്കൾക്ക് ഒരു നോട്ടം കൊണ്ടുപോലും കെ.സിയെ ഭയമാണ്.

വെട്ടൽ ദൗത്യം സുധാകരനിൽ തുടങ്ങി

ആ്വ്യം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ പിന്തുണവാങ്ങി. സുധാകരനെ പുറത്താക്കാൻ അനുകൂല റിപ്പോർട്ട് കൊടുത്തത് ദീപാദാസ് മുൻഷിയാണ്. കെ. സുധാകരന് ഈഴവ സമുദായത്തിന്റെ പിന്തുണയുണ്ടെന്നുള്ള സുധാകരന്റെ സമർത്ഥിക്കലൊന്നും ഏറ്റില്ല. വെള്ളാപ്പള്ളിയെക്കൊണ്ട് കെ.സി. വേണുഗോപാലിനെയും വി.ഡി. സതീശനെയും കുറച്ച് ചീത്ത പറയിക്കാൻ കഴിഞ്ഞതുമാത്രം മിച്ചം.പക്ഷേ എം.പി സ്ഥാനം രാജിവച്ച് ബി.ജെ.പിയിൽ ചേരുമെന്നുള്ള സുധാകരന്റെ ഭീഷണി ഏറ്റു. രാഹുൽഗാന്ധിയും ഖാർഗെയും സുധാകരനെ വിളിപ്പിച്ചു. ഏത് ഭാഷയിലാണ് ഗുണദോഷിച്ചതെന്ന് ആർക്കും അറിയില്ല. സുധാകരനെ വെട്ടി പുറത്താക്കി.

വെട്ടലിന്റെ പുറത്തൊരു വെട്ടൽ

സുധാകരനെ വെട്ടിയപ്പോൾ പകരക്കാരനായി ഒരു കത്തോലിക്ക ക്രിസ്ത്യാനിയെ പ്രസിഡന്റായി കൊണ്ടുവരണമെന്നാണ് രാഹുൽഗാന്ധി നിർദ്ദേശിച്ചത്. ബന്നി ബെഹ്നാൻ ആദ്യറൗണ്ടിൽതന്നെ പുറത്തായി. പഴയ എ-ഐ ഗ്രൂപ്പുകൾക്ക് സ്വീകാര്യൻ എന്നീ നിലയിൽ ആന്റോ ആന്റണി, പഴയ ഡി.സി.സി പ്രസിഡന്റ് കത്തോലിക്കൻ എന്തുകൊണ്ടും സ്വീകാര്യനായിരുന്നു. പക്ഷേ കെ.സി. വിഭാഗത്തിന്റെ കണ്ണിലെ കരടായതാണ് ആന്റോക്ക് വിനയായയത്. കോട്ടയം ഡി.സി.സി പ്രസിഡന്റായിരുന്നപ്പോൾ രമേശ് ചെന്നിത്തലയോടുള്ള അടുപ്പവും വി.ഡി. സതീശന്റെ കണ്ണിലെ കരടായി.

അടൂർ പ്രകാശിനും, യു.ഡി.എഫ് കൺവീനർസ്ഥാനം അത്ര വലിയ ശോഭനമായ ഭാവിയൊന്നുമല്ല. സണ്ണിജോസഫിനെയാണ് യു.ഡി.എഫ് കൺവീനറാക്കാൻ ആദ്യം ആലോചിച്ചത്. കെ. സുധാകരനെ മാറ്റേണ്ട എന്ന അഭിപ്രായക്കാരനായിരുന്നു രമേശ് ചെന്നിത്തല . പകരം അടൂർ പ്രകാശിന്റെ പേരാണ് അദ്ദേഹം നിർദ്ദേശിച്ചത്. ഈ വിവരം അറിഞ്ഞ വി.ഡി. സതീശന്റെ ന്യായം സണ്ണിജോസഫിനെയും അടൂർപ്രകാശിനെയും വച്ചുമാറിയ തന്നെക്കാൾ സീനിയർ ആയ ഒരാൾ കെ.പി.സി.സി പ്രസിഡന്റാകണ്ട എന്നതായിരുന്നു. പലപ്രാവശ്യം എം.എൽ.എ, മന്ത്രി, രണ്ട് പ്രാവശ്യം എം.പി എന്നീ നിലകളിൽ ഇരുന്ന ഒരാളേയും സതീശൻ അംഗീകരിക്കാത്തതുകൊണ്ടാണത്രെ ബെന്നിബെഹ്നാൻ, ആന്റോ ആന്റണി, അടൂർ പ്രകാശ് തുടങ്ങിയവരെ ആരും അംഗീകരിക്കാതിരുന്നത്. കെ.സിയുടെയും ഉന്നം ഇതൊക്കെത്തന്നെ. മുൻപു യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് ഇരുന്നവരിൽ ഏറ്റവും യോഗ്യനായിരുന്നു കെ. ശങ്കരനാരായണൻ. കേന്ദ്രത്തിൽ കോൺഗ്രസ്സ് സർക്കാരുള്ള കാലം വരെ അദ്ദേഹം മഹാരാഷ്ട്രാ ഗവർണർ ആയിരുന്നു. കെ.  ശങ്കരനാരായണനുശേഷം ഒരു കൺവീനർമാരും കോൺഗ്രസ് കളത്തിന് പുറത്തു തിളങ്ങിയിട്ടില്ല.

അടുത്ത വെട്ടൽ തരൂരിന് ?

മുഖ്യമന്ത്രി സ്ഥാനാർത്ഥിമാരാകാൻ പാർട്ടിക്കുള്ളിലും മാധ്യമങ്ങളിലും തിളങ്ങിവന്ന ആരെയും കെ.സി വെറുതെ വിട്ട ചരിത്രം ഇല്ല. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രണ്ടുകളങ്ങളിൽ കളിക്കുമ്പോൾ രണ്ടുപേരേയും പ്രോത്സാഹിപ്പിക്കുന്നത് കെ.സി  തന്നെയാണ്. വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രം.

ശശി തരൂർ ഇടയ്‌ക്കൊന്നു കേറിവന്നയാളാണ്. എൻ.എസ്.എസും ചില ക്രിസ്ത്യൻ മുസ്ലീം സംഘടനകളും തരൂരിന് വേദിയൊരുക്കി കൊടുത്തു. തരൂറിന്റെ കേരള രാഷ്ട്രീയത്തിലേക്കുള്ള വരവേൽപ്പ് ഏറ്റവും കൂടുതൽ അസ്വസ്ഥനാക്കിയത് കെ.സി. വേണുഗോപാലിനെയാണ്. തിരുവനന്തപുരം ജില്ലയുടെ തീരദേശ മണ്ഡലങ്ങളിലും ലാറ്റിൻ ക്രിസ്ത്യന്മാരും സി.എസ്.ഐ നാടാന്മാരും കോൺഗ്രസിൽ ശത്രു തരൂരിനെ പിന്തുണയ്ക്കുന്നവരാണ്. കോവളം എം.എൽ.എയുടെ പിന്തുണയും ശശി തരൂരിനാണ്. ഈ സാഹചര്യത്തിലാണ് തരൂരിനെ ഒതുക്കുക എന്ന അജണ്ട കെ.സി ഏറ്റെടുത്തത്.

തരൂരിനെതിരായ ചരടുവലികൾ ഒക്കെ നടന്നത് ദൽഹി കേന്ദ്രീകരിച്ചാണ്. രാഹുൽഗാന്ധിയും കെ.സിയും ചേർന്ന് നടത്തുന്ന എല്ലാ ഗൂഢാലോചനകൾക്കും ഏറാൻമൂളലുകൾക്കും ഓശാന പാടുകയാണ് ഖാർഗേയും ജയറാം രമേശും ചെയ്യുന്നത്. സോണിയാഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ശബ്ദമില്ല. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് എന്തെങ്കിലും അസ്വസ്ഥത കോൺഗ്രസ് ഭാഗത്തുനിന്നുവരുമ്പോൾ മാത്രമേ പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലുകൾ ഉണ്ടാകാറുള്ളൂവത്രെ.

ഇൻഡ്യാ മുന്നണിയെയും ബാധിക്കുന്നു

കെ.സി സംഘടനാ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തിട്ടും കോൺഗ്രസിന്റെ ഗ്രാഫ് നൂറ് എത്തിയിട്ടില്ല. ഇൻഡ്യാ മുന്നണിയിലെ രണ്ട് ഘടകകക്ഷികൾക്ക് മാത്രമാണ് രണ്ട് സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം കിട്ടിയത്. കാശ്മീരിൽ ഒമർ അബ്ദുള്ളയും ജാർഖണ്ഡിൽ ജാർഖണ്ഡ് മുക്തിമോർച്ച നേതാവ് ഹേമന്ത് സോറൻ എന്നീ നേതാക്കന്മാർ ഇൻഡ്യാമുന്നണിയിലെ ഘടകകക്ഷികൾ മാത്രമാണ്. അവർക്ക് കോൺഗ്രസ് സഹായമില്ലാതെ ഒറ്റയ്ക്കാണ് ഭൂരിപക്ഷം കിട്ടിയത്. ദൽഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ പ്രധാന സംസ്ഥാനങ്ങൾ കോൺഗ്രസിന് നഷ്ടപ്പെട്ടു. ദൽഹി സംസ്ഥാനത്താണെങ്കിൽ കോൺഗ്രസിന് മണ്ഡലങ്ങളിൽ കെട്ടിവച്ച തുക തന്നെ നഷ്ടപ്പെട്ടു. മഹാരാഷ്ട്രയിൽ മൂന്നാം സ്ഥാനമാണ് മുന്നണിയിൽതന്നെ കോൺഗ്രസിന്റെ സ്ഥാനം. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആ സ്ഥാനം പിന്നെയും താഴോട്ട് പോയി. കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്കുള്ള ചവിട്ടുപടിയായിട്ടാണ് കെ.സി കേരള ഇലക്ഷനെ കാണുന്നത്.

ചെന്നിത്തല കെ.സിയുടെ പിടിയിൽ ഒതുങ്ങുമോ ?

രമേശ് ചെന്നിത്തലയെ ഒറ്റപ്പിടി കൊണ്ട് ഒന്നും വലിച്ചിടാനാവില്ലെന്ന് കെ.സിക്കറിയാം. പ്രതിപക്ഷ നേതാവ് പദവിയൊക്കെ തെരഞ്ഞെടുപ്പുകൊണ്ട് അവസാനിക്കുന്ന പോസ്റ്റാണ്. കെ.പി.സി.സി പ്രസിഡന്റ് പോലെ ബാർഗയിനിംഗ് പദവിയൊന്നുമല്ല. 2011 മുതൽ 2013 വരെയാണ് ഉമ്മൻചാണ്ടിയുമായി രമേശ് ചെന്നിത്തല ബാർഗയിൻ ചെയ്തത്. അടൂർ പ്രകാശിനെപ്പോലും ഭയക്കുന്നതുകൊണ്ടാണ് അടൂരിനെ തട്ടിമാറ്റി സണ്ണിജോസഫിനെ പ്രസിഡന്റായി പ്രതിഷ്ഠിച്ചത്. കെ. കരുണാകരൻ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ 1994 നുശേഷം കേരളത്തിൽ ഒരു നായർ മുഖ്യമന്ത്രിയുണ്ടായിട്ടില്ല. 2016 ഓടെ കോൺഗ്രസ്സിൽ ഒരു ക്രിസ്ത്യൻ മുഖ്യമന്ത്രിയുടെ കാലവും കഴിഞ്ഞു.

ഇനി  അടുത്തകാലത്തൊന്നും കോൺഗ്രസ്സിൽ ഒരു ക്രിസ്ത്യൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉദയം ചെയ്യാനില്ലെന്ന് കെ.സിക്ക് നന്നായറിയാം.
വി.ഡി. സതീശനെപ്പോലുള്ള ഒരാൾക്ക് കിട്ടാവുന്ന വലിയ പോസ്റ്റാണ് പ്രതിപക്ഷ നേതാവ് സ്ഥാനം. അതിലേക്ക് സതീശനെ വലിച്ചിറക്കി കൊണ്ടുവരാൻ കെ.സിയുടെ കൈക്കരുത്തും ഉണ്ടായിരുന്നു. ആ പിടിവലിക്കുമുമ്പുതന്നെ കെ.സിയുടെ തേരോട്ടം തിരുവനന്തപുരം മുതൽ വടക്കോട്ട് മദ്ധ്യതിരുവിതാംകൂർ വരെയെത്തിയിരുന്നു.

രമേശ് ചെന്നിത്തലയുമായി മുഖാമുഖം ഏറ്റുമുട്ടിയ കെ.സി ആഴ്ചതോറുമുള്ള സന്ദർശനങ്ങളിലൂടെ ആദ്യം ആലപ്പുഴ സീറ്റ് ഉറപ്പിച്ചു. എൽ.ഡി.എഫിന്റെ മുസ്ലിം വോട്ടും ഈഴവവോട്ടും ചോർന്നെങ്കിലും ഹരിപ്പാട്ട് അടക്കം പല മണ്ഡലങ്ങളിലും യു.ഡി.എഫ് വോട്ടുചോർന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് രമേശ് ചെന്നിത്തലയുമായി ഒത്തുതീർപ്പായെങ്കിലും ഇടയ്ക്കിടെയുള്ള മഹാരാഷ്ട്രാ പര്യടനം കഴിഞ്ഞ് എത്തുന്ന രമേശൻ ആലപ്പുഴയിലും ഇറങ്ങിയിരുന്നു. അതിന്റെ പ്രതിഫലനം ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിലെ യു.ഡി.എഫ് വോട്ടിൽ കണ്ടിരുന്നു.

മീഡിയാ കെ.സിയെ വിടുന്നില്ല

ദേശീയ മാധ്യമ സോഷ്യൽ മീഡിയയും ഫേസ്ബുക്ക് ഏജൻസികളും പിന്നെയുള്ള മിക്കവാറും ആൾദൈവമാധ്യമങ്ങളും രാഹുൽഗാന്ധി വിരുദ്ധരാണ്. രാഹുലിനു നേരെ വിടുന്ന സോഷ്യൽമീഡിയകളിലെ മിസൈലുകളും കോൺഗ്രസ്സിനെ നേരെ വിടുന്ന അമ്പുകളും ചെന്നുകൊള്ളുന്നത് കെ.സിയുടെ നെഞ്ചത്താണ്. കൊടിക്കുന്നിൽ സുരേഷിനെ ലോക്‌സഭാ സ്ഥാനാർത്ഥി സ്ഥാനത്തുനിന്നും വെട്ടാൻ നീക്കം നടത്തിയത് കെ.സിയാണ്. അത് നടക്കാതെ വന്നെങ്കിലും ഇപ്പോൾ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്തായിരിക്കുന്നു. കൊടിക്കുന്നിലിന് പകരം കെ.സിയുടെ നോമിനിയായി വന്ന് വർക്കിംഗ് പ്രഡിഡന്റായിരിക്കുന്ന മുൻമന്ത്രി അനിൽകുമാർ, വി.ഡി. സതീശന്റെ മുഖ്യശത്രുവാണ്.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്മാരുടെ യോഗത്തിൽ പ്രതിപക്ഷ നേതാവ് സതീശനെ പരസ്യമായി ഇടപെട്ട് തടഞ്ഞയാളാണ് അനിൽകുമാർ. അനിലിന് ആരാണ് ധൈര്യം നൽകിയത് എന്നന്വേഷിച്ചപ്പോഴാണ് പിന്നിൽ കളിച്ചത് കെ.സി. വേണുഗോപാൽ എന്ന സത്യം പുറംലോകം അറിഞ്ഞത്.
തൃശൂരിൽ ചുമരെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് അവിടം ഭംഗിയായി നോക്കിയിരുന്ന ടി.എൻ. പ്രതാപനെ നീക്കിയത്. ഗുജറാത്തിൽ നടത്തിയ രാഹുൽഗാന്ധിയുടെ ന്യൂ ഗെയിം പൊളിക്കൽ സിദ്ധാന്തത്തിന്റെ പരീക്ഷണമായിരുന്നു തൃശൂരിൽ ക്രിസ്ത്യൻ സമൂഹത്തിന്റെ ശക്തമായ എതിർപ്പുണ്ടെന്ന പേരിൽ ധീവര സമുദായക്കാരനായ പ്രതാപനെ മാറ്റിയത്. പകരം വടകരയിൽ നിന്ന് ആർ.എസ്.എസിന്റെ ശത്രുതയുടെ പേരുംപറഞ്ഞ് തൃശൂരിൽ നിർത്തി തോൽപ്പിച്ചു. ഒരു വെടിക്ക് രണ്ട് പക്ഷി. ജമാഅത്തെഇസ്ലാമി, എസ്.ഡി.പി.ഐ എന്നീ മസ്ലീം തീവ്രവാദി സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങി ഷാഫി പറമ്പിലിനെ വടകര സ്ഥാനാർത്ഥിയാക്കി. കെ.എസ്.യുവിന്റെ ചാർജും കൊണ്ടുനടന്ന ടി.എൻ. പ്രതാപൻ അങ്ങനെ കളത്തിന് പുറത്തായി. ഇരിക്കുന്നതിന് മുൻപ് കാലുനീട്ടൽ പോലെ രാഹുൽഗാന്ധിയുടെ ന്യൂഗെയിമിംഗ് മുസ്ലീം പരീക്ഷണം കെ.സി. വിജയിപ്പിച്ചു.

ഒടുവിൽ ആര് ജയിക്കും ?

കെ.സി. വേണുഗോപാൽ സംഘടനാസെക്രട്ടറിയായി ദൽഹിയിലാണെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ് എപ്പോഴും കറങ്ങുന്നത്. കെ. സുധാകരൻ കേരളത്തിലെ കോൺഗ്രസ്സ് മത്സരിക്കുന്ന മണ്ഡലങ്ങളിലേക്ക് ഒരു ലിസ്റ്റൊക്കെ തയ്യാറാക്കിവച്ചിരിക്കുകയായിരുന്നു. അത് നടപ്പിലാക്കിയാൽ ലിസ്റ്റ് ദൽഹിയിലെത്തുമ്പോൾ എത്ര വിചാരിച്ചാലും വെട്ടിനിരത്തലിന് ചില പരിമിതികളുണ്ടാകും.
കെ. സുധാകരന്റെ ലിസ്റ്റിന്റെ വിവരം കൂടി അറിഞ്ഞതുകൊണ്ടാണ് സുധാകരനെ മാറ്റാൻ കെ.സി തന്നെ മുൻകൈ എടുത്തത്. എം.പിമാർ മത്സരിക്കണ്ട എന്നത് ഒരു അജണ്ടയാക്കും. ഒറ്റയടിക്ക് കെ.സുധാകരൻ, ശശി തരൂർ, ഷാഫി പറമ്പിൽ, ബെന്നി ബെഹ്നാൻ, ഹൈബി ഈഡൻ എന്നിവരെ ഒഴിവാക്കുകയാണ് അതുവഴി ലക്ഷ്യമിടുന്നത്.

എം.എം. ഹസ്സൻ, പന്തളം സുധാകരൻ, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ എന്നിവരെല്ലാം കടൽക്കിഴവന്മാരുടെ ബ്ലാക്ക്‌ലിസ്റ്റിലാണ് ഉൾപ്പെട്ടുകിടക്കുന്നത്. ഡി.സി.സി പ്രസിഡന്റുമാർ ഒരാൾപോലും സ്ഥാനാർത്ഥി ലിസ്റ്റിൽ ഉണ്ടാകില്ല. ശക്തൻനാടാരെപ്പോലെയുള്ള സീനിയർ നേതാക്കൾ, ഉമ്മൻചാണ്ടി മന്ത്രിസഭയിലെ മുൻമന്ത്രിമാരായ അടൂർ പ്രകാശ്, അനിൽകുമാർ, കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ്. ശിവകുമാർ ഇവരാരും കെ.സിയുടെ പുതിയ ലിസ്റ്റിൽ മന്ത്രിമാരായി ഉണ്ടാകില്ല. രമേശ് ചെന്നിത്തലയേയും വി.ഡി. സതീശനേയും സ്ഥാനാർത്ഥി ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇത്തവണ സ്‌ക്രീനിംഗ് ദൽഹിയിലായിക്കും നടക്കുക. കേരളത്തിൽ പേരിനൊരു ഇലക്ഷൻ കമ്മിറ്റിയുണ്ടാകും.

കേരളത്തിലെ കോൺഗ്രസ്സുകാർക്കും യു.ഡി.എഫിലെ ഘടകകക്ഷികൾക്കും ഇതൊരു അവസാന കാല പ്രതീക്ഷയാണ്. നേതൃത്വങ്ങളിലെ മാറ്റങ്ങളൊന്നും ആരും കണക്കിലെടുക്കില്ല.

മുസ്ലീം വിഭാഗങ്ങൾ ഒന്നടങ്കം യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞുനിൽക്കുകയാണ്. ക്രിസ്ത്യൻ വിഭാഗങ്ങൾ പലഘട്ടങ്ങളിൽ തിരിഞ്ഞുനിൽക്കുകയാണ്. ഈഴവ സമുദായവും നായർ സമുദായവും പങ്കിടാൻ പോകുന്നത് ബി.ജെ.പിയും എൽ.ഡി.എഫും ചേർന്നാണ്. എന്നാൽ മുന്നണിയെ ആര് കോൺഗ്രസ്സിൽ നിന്ന് നയിച്ചാലും ഒപ്പം നിൽക്കുന്നതായിരിക്കും യു.ഡി.എഫിന്റെ രാഷ്ട്രീയം.
അവസാനം രാഹുൽഗാന്ധിക്കുതന്നെ കെ.സിക്കുവേണ്ടി ഇറങ്ങേണ്ടി വന്നാൽ അത് ദൂരവ്യാപക പ്രതിസന്ധികൾ കോൺഗ്രസ്സിൽ ഉണ്ടാക്കും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img