08:22pm 02 October 2026
NEWS
‘എല്ലാ നേതാക്കളുടെ വാക്കുകളും എന്റെ പേരിൽ കെട്ടിവയ്ക്കേണ്ട’; കോൺഗ്രസിലെ വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ
02/10/2026  05:27 PM IST
nila
‘എല്ലാ നേതാക്കളുടെ വാക്കുകളും എന്റെ പേരിൽ കെട്ടിവയ്ക്കേണ്ട’; കോൺഗ്രസിലെ വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: കോൺഗ്രസിലെ നേതാക്കളുടെ വ്യക്തിപരമായ പ്രസ്താവനകൾ തന്റെ പേരുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നതിനെതിരെ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയിലെ ഓരോ നേതാവിനും അവരുടേതായ അഭിപ്രായങ്ങളുണ്ടെന്നും അതെല്ലാം തന്റെ നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിനെതിരായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിലപാട് താൻ സ്വീകരിച്ചിട്ടില്ലെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും കോൺഗ്രസ് നേതാക്കളുടെ വ്യക്തിപരമായ അഭിപ്രായങ്ങളെ വീണ്ടും വീണ്ടും തന്റെ പേരുമായി കൂട്ടിച്ചേർക്കുന്നത് എന്തിനാണെന്ന് വേണുഗോപാൽ ചോദിച്ചു.

2029ലെ തിരഞ്ഞെടുപ്പാണ് ഇപ്പോൾ തന്റെ പ്രധാന രാഷ്ട്രീയ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന ശക്തികളെ മാറ്റിനിർത്തി പുതിയ ജനാധിപത്യ സർക്കാർ കൊണ്ടുവരുന്നതിനായി പരമാവധി പ്രവർത്തിക്കുകയാണ് മനസ്സിലുള്ളത്. ഇതിനായി എന്ത് ത്യാഗവും സഹിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിക്കുള്ളിലെ വിഷയങ്ങൾ പാർട്ടി വേദികളിൽ തന്നെ ചർച്ച ചെയ്യണമെന്നാണ് തന്റെ നിലപാട്. പുറത്തുവന്ന് പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനോട് ഒരു ശതമാനം പോലും യോജിപ്പില്ല. കഴിഞ്ഞ 40 വർഷത്തെ രാഷ്ട്രീയ പ്രവർത്തനം പരിശോധിച്ചാൽ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമായി മനസ്സിലാക്കാമെന്നും വേണുഗോപാൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന കാലത്തുപോലും സർക്കാരിന്റെ നയങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ പാർട്ടി വേദികൾക്ക് പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിലെ അഭിപ്രായവ്യത്യാസങ്ങളിൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും വേണുഗോപാൽ പറഞ്ഞു. ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പോലും ചർച്ചയിലൂടെ പരിഹരിക്കാൻ പാർട്ടിയിൽ സംവിധാനങ്ങളുണ്ട്. ജനങ്ങൾ വലിയ പ്രതീക്ഷയോടെ നോക്കുന്ന ശക്തിയായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും ഇതിനായി നേതൃത്വം തന്നെ ചർച്ചകൾക്ക് മുൻകൈയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കെ.പി.സി.സി. അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും വേണുഗോപാൽ മറുപടി നൽകി. ഇപ്പോൾ ശക്തനായ ഒരു അധ്യക്ഷൻ കെ.പി.സി.സിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരം പ്രസിഡന്റും താൽക്കാലിക പ്രസിഡന്റും തമ്മിൽ എന്താണ് വ്യത്യാസമെന്നും വേണുഗോപാൽ ചോദിച്ചു.

സണ്ണി ജോസഫ് കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് തുടരണമോ മാറണമോ എന്നത് എ.ഐ.സി.സി. പ്രസിഡന്റാണ് തീരുമാനിക്കേണ്ടത്. തീരുമാനം ഉണ്ടാകുമ്പോൾ അതനുസരിച്ച് അദ്ദേഹം സ്ഥാനമൊഴിയുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img