
പുതുപ്പള്ളി: കെ.എസ്.യു പ്രവർത്തകർക്ക് പരാതികളോ മനോവിഷമങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ അവ ആദ്യം പാർട്ടിയുടെ ആഭ്യന്തര വേദികളിൽ ഉന്നയിക്കണമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടി പ്രവർത്തകരുടെ വികാരം വ്രണപ്പെടുത്തുന്ന നടപടികൾ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാൻ പുതുപ്പള്ളിയിലെത്തിയ വേണുഗോപാൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിപ്രായവ്യത്യാസങ്ങൾ പരസ്യമാക്കുന്നതിന് മുമ്പ് അവ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ജനങ്ങൾ പ്രതീക്ഷയോടെ കാണുന്ന സർക്കാരാണിതെന്നും, പാർട്ടിയുടെ ഭാഗത്തുനിന്ന് അനാവശ്യ വിവാദങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉയർന്നുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ഇടപെടുമെന്നും, ഇക്കാര്യത്തിൽ സർക്കാരും ആവശ്യമായ ശ്രദ്ധ പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകയായിരുന്ന അഡ്വ. ജയോണ ജെയിംസിനെ ഹൈക്കോടതി പ്ലീഡറായി നിയമിച്ചതിനെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഫെയ്സ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം. അലോഷ്യസിന്റെ പരസ്യ വിമർശനം കോൺഗ്രസ് നേതൃത്വത്തിനകത്തും അനുകൂലവും പ്രതികൂലവുമായി ചർച്ചകൾക്ക് വഴിവെച്ചിരുന്നു.










