
മുഖ്യമന്ത്രിസ്ഥാനത്തിനായുള്ള അവകാശവാദത്തിൽ നിന്നും പിന്നോട്ടില്ലെന്ന സൂചനയുമായി കെ സി വേണുഗോപാൽ ക്യാമ്പ്. കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകാനുള്ള സാധ്യത 99 ശതമാനമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളുടെ അവകാശവാദം. പിന്മാറില്ലെന്ന ഉറച്ച സന്ദേശം രാഹുൽ ഗാന്ധിക്കും എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്കും കൈമാറിയതായും കെസി പക്ഷം വ്യക്തമാക്കുന്നു. ഉപതെരഞ്ഞെടുപ്പുകൾ സർക്കാരിനെ ബാധിക്കില്ലെന്നും, ആറുമാസത്തിനുള്ളിൽ മികച്ച ഭരണപ്രകടനം കാഴ്ചവെച്ച് ജനപിന്തുണ ഉറപ്പാക്കാമെന്നുമാണ് ഹൈക്കമാൻഡിനോട് അവർ വിശദീകരിച്ചത്.
തിരുവനന്തപുരത്ത് കെസിയുടെ ഫ്ലക്സ് കീറിയ സംഭവവും അദ്ദേഹത്തിന്റെ അനുകൂലികൾ പുതിയ രാഷ്ട്രീയ ആയുധമാക്കാനാണ് ശ്രമം. ഉമ്മൻ ചാണ്ടിയുടെ ചിത്രവും നശിപ്പിച്ചതായി ആരോപണം ഉയരുന്നുണ്ട്. ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർക്കെതിരെ വി.ഡി. പക്ഷം സംഘടിത പ്രചാരണം നടത്തിയെന്ന പരാതിയും കെസി അനുകൂലികൾ ഉന്നയിക്കാനിരിക്കുകയാണ്.
അതേസമയം, സതീശൻ പക്ഷവും ആത്മവിശ്വാസം കൈവിടുന്നില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോൾ എംഎൽഎമാരുടെ എണ്ണം മാത്രം പരിഗണിക്കരുതെന്നും, തിരഞ്ഞെടുപ്പിൽ മത്സരിച്ചത് മുഴുവൻ മുന്നണിയായതിനാൽ ഘടകകക്ഷികളുടെ നിലപാടുകൾക്കും പ്രാധാന്യം നൽകണമെന്നും സതീശൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെടും. ഇതിനിടെ സീനിയോറിറ്റിക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്.










