08:47pm 12 November 2026
NEWS
ഉമ്മൻചാണ്ടിക്കെതിരെ ​ഗുരുതര ആരോപണവുമായി മന്ത്രി കെ ബി ​ഗണേഷ് കുമാർ രം​ഗത്ത്
22/01/2026  08:15 PM IST
nila
ഉമ്മൻചാണ്ടിക്കെതിരെ ​ഗുരുതര ആരോപണവുമായി മന്ത്രി കെ ബി ​ഗണേഷ് കുമാർ രം​ഗത്ത്

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രം​ഗത്ത്. ഉമ്മൻ ചാണ്ടി തന്നെ ദ്രോഹിച്ചെന്നും കുടുംബം തകർക്കുകയും മക്കളെയും തന്നെയും വേർതിരിക്കാൻ മധ്യസ്ഥത വഹിക്കുകയും ചെയ്തതായും ഗണേഷ് കുമാർ ആരോപിച്ചു. രണ്ട് മക്കളെയും തന്നെയും വേർപെടുത്തിയത് ഉമ്മൻ ചാണ്ടിയാണെന്നും ​ഗണേഷ് കുമാർ കുറ്റപ്പെടുത്തി. ഒരു നല്ല മനുഷ്യനും കുടുംബനാഥനുമായിരുന്നെങ്കിൽ കുടുംബത്തെ ഒന്നിപ്പിക്കാൻ ശ്രമിക്കേണ്ടിയിരുന്നുവെന്നും, എന്നാൽ അതിന് വിപരീതമായ സമീപനമാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചതെന്നും ഗണേഷ് കുമാർ ആരോപിച്ചു.

നെല്ലിയാമ്പതിയിലെ വനഭൂമി പതിച്ചുകൊടുക്കാൻ തയ്യാറാകാതിരുന്നതിന്റെ പേരിലാണ് 2003ൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനം തിരികെ നൽകാമെന്ന് കൊടിക്കുന്നിൽ സുരേഷിന്റെ സാന്നിധ്യത്തിൽ ഉമ്മൻ ചാണ്ടി തന്റെ പിതാവിനോട് സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും ഗണേഷ് കുമാർ ആരോപിച്ചു.

സോളാർ കേസുമായി ബന്ധപ്പെട്ട് വിവാദമായ കത്ത് വിഷയത്തിൽ ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഗണേഷ് കുമാർ തന്റെ കുടുംബത്തോട് ഇത്തരത്തിൽ പെരുമാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, തന്നെ സ്നേഹിച്ചതുപോലെ തന്നെയാണ് ഗണേഷ് കുമാറിനെയും പിതാവ് സ്നേഹിച്ചതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. സോളാർ കേസിൽ 18 പേജുകളുള്ളതായി പറയപ്പെട്ട കത്ത് 24 പേജുകളായതിനെക്കുറിച്ചും ചാണ്ടി ഉമ്മൻ ചോദ്യം ഉന്നയിച്ചിരുന്നു.

ഈ വിവാദങ്ങൾ ചർച്ചയായ പശ്ചാത്തലത്തിലാണ് ഗണേഷ് കുമാർ വിശദീകരണവുമായി രംഗത്തെത്തിയത്. ഉമ്മൻ ചാണ്ടി തന്നെ അപമാനിച്ചതിന് മറുപടി പറയേണ്ടതില്ലേയെന്ന് ചോദിച്ച ഗണേഷ് കുമാർ, തുടർച്ചയായ പരാമർശങ്ങൾ പ്രതികരണത്തിന് വഴിവയ്ക്കുമെന്നും മുന്നറിയിപ്പ് നൽകി. പഴയ സംഭവങ്ങൾ വീണ്ടും തുറന്നുപറയാൻ നിർബന്ധിതനാക്കരുതെന്നും, തന്റെ കുടുംബത്തെ തകർത്തതുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് ഉമ്മൻ ചാണ്ടിയുടെ മകൻ മറുപടി പറയുമോയെന്നും ഗണേഷ് കുമാർ ചോദിച്ചു. ഇത്തരത്തിലുള്ള വിഷയങ്ങൾ വീണ്ടും ഉന്നയിക്കുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

​ഗണേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ: 

‘‘ചെയ്ത ചതികളൊക്കെ എനിക്കും പറയാനുണ്ട്. ആര്, ആരെയാണ് ചതിച്ചതെന്ന് ജനങ്ങൾക്കു മനസിലാകും. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കള്ളം പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാൻ ഇറങ്ങരുത്. കഴിഞ്ഞ തവണ ജഗദീഷ് മത്സരിച്ചപ്പോഴും ഇതു തന്നെ പറഞ്ഞു, എന്നിട്ടെന്തായി. അന്ന് ചാണ്ടി ഉമ്മൻ രാഷ്ട്രീയത്തിൽ ഇല്ല. ഞാൻ ഉമ്മൻചാണ്ടിയെ ചതിച്ചെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലല്ലോ. ഉമ്മൻ ചാണ്ടിയാണ് എന്നെ ചതിച്ചത്. ഞാൻ എന്തു കുറ്റം ചെയ്തിട്ടാണ് മന്ത്രിസ്ഥാനം രാജിവയ്പിച്ചത്. എന്റെ പേരിൽ എന്തു കേസാണുണ്ടായിരുന്നത്. സത്യസന്ധമായി ഞാൻ ജീവിച്ചതാണോ പ്രശ്‌നം. നെല്ലിയാമ്പതിയിലെ വനഭൂമി പതിച്ചുകൊടുക്കാൻ തയാറാകാതിരുന്നതു കൊണ്ടാണോ രാജിവയ്‌ക്കേണ്ടിവന്നത്. ഒരു കുടുംബവഴക്കിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്പ്പിച്ചു. തിരിച്ചെടുക്കാമെന്ന് പറഞ്ഞ് പറ്റിക്കുകയും ചെയ്തു. ഉമ്മൻചാണ്ടിക്കെതിരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. സിബിഐ എന്നോടു ചോദിച്ചിരുന്നു. അത് ഞാൻ അദ്ദേഹത്തോടു പറയുകയും ചെയ്തു. 

ഉമ്മൻചാണ്ടി അങ്ങനെയൊന്നും ചെയ്യില്ലെന്നാണ് എന്റെ അച്ഛൻ എന്നോടു പറഞ്ഞുവെന്നാണ് സിബിഐയോടു പറഞ്ഞത്. ഉമ്മൻചാണ്ടി ജീവിച്ചിരുന്നപ്പോൾ എന്നെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോൾ ആരോ പറയുന്നത് കേട്ട് കൂലിത്തല്ലുകാരനായിട്ട് ഇറങ്ങരുത്. അത് ഒഴിവാക്കുന്നതാണ് നല്ലത്.  കൂടുതൽ പറയിപ്പിക്കരുത് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് അന്തസിനു നിരക്കുന്നതല്ല. ചാണ്ടി ഉമ്മൻ മത്സരിച്ചപ്പോൾ പുതുപ്പള്ളിയിൽ ഞാൻ എന്തെങ്കിലും വഷളത്തരം പ്രസംഗിച്ചിരുന്നോ. മുൻമുഖ്യമന്ത്രി കെ.കരുണാകരനെയും ഭാര്യയെയും ഉൾപ്പെടെ ചീത്ത പറഞ്ഞ ആൾ ഇപ്പോൾ എവിടെയാണ് കിടക്കുന്നതെന്ന് എല്ലാവർക്കും അറിയാം. അന്ന് അതിനെതിരെ പറയാൻ ഇടതുമുന്നണിയിൽ നിൽക്കുന്ന ഗണേഷ്‌കുമാർ മാത്രമാണ് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ക്രിസ്ത്യൻ വിഭാഗത്തെ എനിക്കെതിരെ തിരിച്ചുവിടാനുള്ള ഗൂഢതന്ത്രമാണ് ചാണ്ടി ഉമ്മന്റേത്’’.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img